തുടര്‍ച്ചയായി 5 ദിവസം ബാങ്ക് അവധി; പണം മുടങ്ങാതിരിക്കാന്‍ മുന്‍കരുതലുമായി ബാങ്കുകള്‍
ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകള്‍ക്ക് അഞ്ച് ദിവസം തുടര്‍ച്ചയായി അവധി. രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നിവ ഒരുമിച്ചെത്തുമ്പോള്‍ 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്.
സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ച, 11ന് ഞായറാഴ്ച, 12ന് വലിയപെരുന്നാള്, 13ന് ഉത്രാടം, 14ന് തിരുവോണം എന്നീ ദിനങ്ങളിലാണ് തുടര്‍ച്ചയായ അവധി. അവധിക്ക് ശേഷം 15ന് പ്രവൃത്തിദിവസമാണെങ്കിലും 16ന് ശ്രീനാരായണ ജയന്തി അവധിയായിരിക്കും. 17ന് ശനിയാഴ്ച പ്രവൃത്തിദിവസം. 18ന് ഞായറാഴ്ച അവധി. 19 തിങ്കള്‍ മുതലേ ബാങ്കുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങൂ.
ഈ സമയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നീണ്ട അവധി വരുന്നുണ്ടെങ്കിലും എ.ടി.എം. ഉപയോഗം തകരാറിലാകില്ലെന്ന് എസ്.ബി.ടി. ഉദ്യോഗസ്ഥന് പറഞ്ഞു. പണം തീരുന്ന മുറയ്ക്ക് എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
അവധി ദിവസങ്ങളിലും ഏജന്‍സികളും ബാങ്ക് ഉദ്യോഗസ്ഥരും എ.ടി.എമ്മില്‍ പണം നിറയ്ക്കും. ഇതിനാല്‍ തന്നെ പണത്തിന് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയില്‍ പൂജാ അവധി എന്നപേരില്‍ തുടര്‍ച്ചയായ അവധികള്‍ എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമാണ്.