അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: വ്യോമസേനാ വൈമാനികന് അഭിനന്ദന് വര്‍ത്തമനെ അഭിനന്ദനെ നാളെ വിട്ടയ്ക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്താന്റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇമ്രാന് ഖാന് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന് ഖാന് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുക. കാര്യങ്ങള്‍ കിവിട്ട് പോകാന്‍ പാടില്ലെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി. കാശ്മീര്‍ വിഷയം പ്രധാനമെണെന്നും പാകിസ്താന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്ഖാന് പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന് പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്.
നിലവിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തയ്യാറാവുന്ന പക്ഷം അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ഉപാധിയും ഇല്ലാതെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കണം എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ശക്തമായി തന്നെ പാകിസ്ഥാനെ ഇന്ത്യ അറിയിച്ചിരുന്നു. സംയമനം പാലിക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടിരുന്നു. സൗദി വിദേശകാര്യമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനില്‍ എത്തിയേക്കുമെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി അഭിനന്ദനെ വിട്ടയക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചത്.
പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. പൈലറ്റിനെ തിരികെ കിട്ടുന്നതിനായി ചെയ്യാനാകുന്നതെല്ലാം ഇന്ത്യ ചെയ്യുമെന്നാണു ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന് ഖാന് പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.
അതേസമയം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ മന്ത്രി പരിശോധിക്കും. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. മൂന്നു സേനാ വിഭാഗങ്ങളുടെയും സംയുക്ത വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവൻമാര് പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവും നടക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. കശ്മീരിലെ സാഹചര്യങ്ങൾ വഷളായതിൽ ജപ്പാൻ ഉത്കണ്ഠ രേഖപ്പെടുത്തി. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി അപലപിക്കുകയാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ആക്രമണ നീക്കങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യസുരക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം മോദി കാണുന്നില്ല. സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും വേണുഗോപാൽ പ്രതികരിച്ചു.