എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി
തിരുവനന്തപുരം: പ്രവേശന തീയതി നീട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തീയതി ജയിംസ് കമ്മിറ്റി വീണ്ടും നീട്ടി. മാനേജ്മെന്റ് സീറ്റുകളിലേക്ക് സപ്തംബര്‍ ഒമ്പതുവരെ അപേക്ഷിക്കാന്‍ സമയം അനുവദിച്ച് പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി പുനക്രമീകരിച്ചു. അപേക്ഷിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന രക്ഷിതാക്കളുടെ വ്യാപക പരാതികളെത്തുടര്‍ന്നാണ് ജയിംസ് കമ്മിറ്റിയുടെ നടപടി. ഡെന്റല്‍ കോളേജുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും മാനേജ്മെന്റുകളുടെ ആവശ്യപ്രകാരം ഒമ്പത് വരെ നീട്ടിയിട്ടുണ്ട്.
ആരോഗ്യസര്‍വകലാശാല അംഗീകാരം നല്‍കാത്ത രണ്ട് കോളേജുകളുടെ പ്രോസ്പെക്ടസിനുള്ള അംഗീകാരം പിന്‍വലിക്കാനും കമ്മിറ്റി തീരുമാനിച്ചു. കേരള മെഡിക്കല്‍ കോളേജ് ചെര്‍പ്പുളശേരി, പാലക്കാട്; എസ് ആര് മെഡിക്കല്‍ കോളേജ് വര്‍ക്കല എന്നിവയുടെ പ്രോസ്പെക്ടസിനുള്ള അംഗീകാരമാണ് ജയിംസ്കമ്മിറ്റി പിന്‍വലിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കാത്തതിനാല് കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളേജിന്റെ പ്രോസ്പെക്ടസ് അംഗീകാരവും റദ്ദാക്കി.
സര്‍ക്കാരുമായി കോളേജുകള്‍ ധാരണയിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രിവരെ അനുവദിച്ച് ജയിംസ് കമ്മിറ്റി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പല കോളേജുകളും ഇതിന് വഴങ്ങിയിരുന്നില്ല. വെബ്സൈറ്റ് തകരാറിലാണെന്നും മറ്റുമാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയിരുന്ന മറുപടി. ഒരു കോളേജിന്റെ സൈറ്റില്‍ എം ബി ബി എസ് അപേക്ഷാ സമര്‍പ്പണം ഉടന്‍ തുടങ്ങുമെന്ന അറിയിപ്പായിരുന്നു ചൊവ്വാഴ്ച വൈകിട്ടും കണ്ടതെന്ന് ജയിംസ്കമ്മിറ്റിയുടെ പരിശോധനയില്‍ കണ്ടെത്തി. ചില കോളേജുകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കാനാണ് സൗകര്യം ഒരുക്കിയിരുന്നത്. ഇതും അംഗീകരിക്കാനാവില്ലെന്നാണ് ജയിംസ് കമ്മിറ്റി വിലയിരുത്തി.
ചില കോളേജുകളാകട്ടെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇത്തരം പരാതികള്‍ കണക്കിലെടുത്താണ് പ്രവേശന സമയം പുനക്രമീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. പുതിയ ഉത്തരവ് പ്രകാരം അപേക്ഷ ഒമ്പ്ത വരെ സ്വീകരിക്കണം. 10 ന് അപേക്ഷകരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. 11ന് ന്യൂനതകള്‍ പരിഹരിക്കാനുള്ള അവസാന സമയം. യോഗ്യരായവരുടെ പട്ടിക 13 ന് പ്രസിദ്ധപ്പെടുത്തണം. ഡി ഡി സഹിതം അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്വീകരിക്കാനുള്ള തീയ്യതിയും 13 നാണ്. ആദ്യ റൗണ്ട് കൗണ്‍സലിംങ് 20 നും രണ്ടാം റൗണ്ട് 27 നും നടത്തണം. 30 ന് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തി പ്രവേശനം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
അതേസമയം രണ്ട് സ്വാശ്രയ കോളേജുകള്‍ കൂടി സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. അസീസിയ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് ചൊവ്വാഴ്ച കരാര്‍ ഒപ്പിട്ടത്. ഇതോടെ 15 കോളേജുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജായ പരിയാരം മെഡിക്കല്‍ കോളേജും കരാര്‍ അംഗീകരിച്ചിട്ടുണ്ട്. കരുണ, കണ്ണൂര്‍, കെ എം സി ടി എന്നിവയാണ് ഇനി കരാര്‍ അംഗീകരിക്കാനുള്ളത്. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാമെന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കല്പിത സര്‍വകലാശാലയായ അമൃതയും സര്‍ക്കാരിന്റെ വഴിക്ക് വന്നിട്ടില്ല.