ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച്ച; വോട്ടെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളിലായി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കും. അടുത്ത തിങ്കളും ചൊവ്വയും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് തിരികെയെത്തിയാലുടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഏഴോ എട്ടോ ഘട്ടങ്ങളായുള്ള വോട്ടെടുപ്പിനാണ് സാധ്യത.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന പ്രഖ്യാപനത്തീയതി എന്നാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രഖ്യാപനത്തിനുള്ള അവസാന ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ ആദ്യവാരം തുടങ്ങി ഏഴു ഘട്ടങ്ങളിലായി മേയ് രണ്ടാം പകുതി തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കാനാണ് സാധ്യത.
മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും സന്ദര്‍ശിച്ച ശേഷം അടുത്ത തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജമ്മു കശ്മീരിലെത്തും. ലോക്സഭയ്ക്ക് ഒപ്പം ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത കമ്മീഷന് ആരായും.
ജൂണ്‍ 20നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം അവസാനിക്കുന്നത്. തിരികെ എത്തിയാല്‍ ഏഴാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനാണ് സാധ്യത. ആറാം തീയതി കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. അന്നു തന്നെ വികസനപദ്ധതികളുടെ അവലോകനത്തിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാരെയും പ്രധാനമന്ത്രി കാണും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പ്രതീക്ഷിക്കാം.
തെക്കേ ഇന്ത്യയില്‍ കേരളത്തില്‍ ആദ്യം വോട്ടെടുപ്പ് നടക്കുന്ന രീതിയാണ് 2014ല്‍ നിശ്ചയിച്ചത്. സുരക്ഷാ സേനകളുടെ നീക്കം കൂടി പരിഗണിച്ചായിരുന്നു. ഇത്. ഇതേ രീതി തുടര്‍ന്നാല്‍ കേരളത്തില്‍ ഏപ്രില്‍ ആദ്യം വോട്ടെടുപ്പ് നടക്കണം. ഇരുപത്തി രണ്ട് ലക്ഷം ഇല്ക്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും അടുത്തയാഴ്ച പ്രഖ്യാപിക്കും.
50 ശതമാനം ഇവിഎമ്മുകളില്‍ വോട്ട് ഉറപ്പിക്കുന്ന വിവിപാറ്റ് രസീത് സംവിധാനം വേണമെന്ന പ്രതിപക്ഷ ആവശ്യം തല്ക്കാലം അംഗീകരിക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന സൂചന.