ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം ബെന്നി ബെഹനാനിലേക്കും; ബാബുവിന്റെ മരുമകന്റെ രണ്ട് ലോക്കറുകള്‍ തുറന്ന് പരിശോധിക്കുന്നു
കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും. തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹനാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. ബാര്‍ കോഴയിലൂടെ ലഭിച്ച പണം സോളര്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം.
കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ബെന്നി ബെഹ്നാനെക്കുറിച്ചുള്ള പരാതി വിജിലന്‍സിനു ലഭിക്കുന്നത്. സോളര്‍ വിവാദം ഒതുക്കുന്നതിനുവേണ്ടി ബാറുകള്‍ തുറക്കുന്നതിനു കോഴയായി ലഭിച്ച പണം ഉപയോഗിച്ചെന്നാണു പരാതി. ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് ബെന്നിക്കെതിരെ അന്വേഷണം നടത്തുന്നത്. എംഎല്‍എ ആയിരുന്നപ്പോള്‍ ബെന്നി സമ്പാദിച്ച സ്വത്തുക്കളെയും ആസ്തിയേയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കെ. ബാബുവിന്റെ സ്വത്തുവിവരങ്ങളുടെ പരിശോധനയും വിജിലന്‍സ് ഊര്‍ജിതമാക്കി. മരുമകന്റെ പേരില്‍ തൊടുപുഴയിലുള്ള ബാങ്ക് ലോക്കറുകള്‍ ഉദ്യോഗ്സ്ഥര്‍ പരിശോധിക്കുകയാണ്. തൊടുപുഴ ഐഒബി ബാങ്ക് ബ്രാഞ്ചിലാണ് പരിശോധന.ബിനാമി ഇടപാട് കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. വിജലന്‍സ് പരിശോധകളില്‍ ഇതുവരെ കണ്ടെടുത്ത രേഖകളും തെളിവുകളും ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ ഒരു ലോക്കറില്‍ നിന്ന് വിജിലന്‍സ് 120 പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറാണ് പരിശോധിച്ചത്. മറ്റു നാലു ലോക്കറുകളാണ് ഇന്ന് പരിശോധിക്കുന്നത്.
അതിനിടെ, വിജിലന്‍സ് പരിശോധനകളില്‍ കണ്ടെടുത്ത രേഖകളും തെളിവുകളും ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വീണ്ടും ഹാജരാക്കും. കെ. ബാബുവിന്റെ വീടടക്കം ആറിടങ്ങളില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണവുമാണ് കോടതിയില്‍ ഹാജരാക്കുന്നത്. കൂടാതെ, ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയില്‍ ലഭിച്ച രേഖകളും മഹസറും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബാബുവിന്റെ ബെനാമികളെന്ന് കരുതുന്ന ബാബുറാമിന്റെയും മോഹനന്റെയും ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. തേനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തേനിയിലെത്തുമെന്നാണ് സൂചന.