കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചതില്‍ ആരെന്ത് പറഞ്ഞാലും കാര്യമാക്കുന്നില്ലെന്ന് ഇ.ചന്ദ്രശേഖരന്; പിന്തുണയുമായി മന്ത്രി സുനില്‍ കുമാര്‍
തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. ഇക്കാര്യത്തില്‍ ആരെന്തു പറഞ്ഞാലും അത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകന്റെ ബാധ്യതയാണ് താന്‍ നിറവേറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.
മാനുഷ്യത്വത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യമാണ് താന്‍ ചെയ്തതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഏത് സാഹചര്യത്തിലാണ് തന്റെ സന്ദര്‍ശനത്തെ കുറ്റപ്പെടുത്തിയതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പോയത് തെറ്റായി എന്ന് പറഞ്ഞവര്‍ അത് പിന്നീട് തിരുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാകും മുന്‍ പറഞ്ഞത് അദ്ദേഹം തിരുത്തിപ്പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇ. ചന്ദ്രശേഖരന്റെ നടപടിയെ ന്യായീകരിച്ച് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ രംഗത്തെത്തി. ചന്ദ്രശേഖരന് കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അതൊരു പൊതുപ്രവര്‍ത്തകന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
പെരിയ കൊലപാതകത്തില്‍ സിപിഐഎമ്മിനെതിരായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ ചെറുക്കാനും മന്ത്രിയുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. ഈ സംഭവത്തിന്റെ പേരില്‍ സിപിഐഎമ്മിനെ ഒറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാനാകില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വിമര്‍ശനം. എന്നാല്‍, ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ പോയതില്‍ തെറ്റില്ലെന്നും വിജയരാഘവന് പറഞ്ഞിരുന്നു. പ്രാദേശികമായ സംഘര്‍ഷമാണ് പെരിയയില്‍ കൊലപാതകത്തിന് കാരണമായത്. സിപിഐഎമ്മിന് ഇതില്‍ പങ്കെല്ലെന്നും വിജയരാഘവന് ആവര്‍ത്തിച്ചിരുന്നു.
അതേസമയം റവന്യൂമന്ത്രിയുടെ നടപടിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഐ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോയതില്‍ തെറ്റില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം. ജനപ്രതിനിധി എന്ന നിലയിലായിരുന്നു ചന്ദ്രശേഖരന്റെ സന്ദര്‍ശനമെന്നും കാനം പറഞ്ഞിരുന്നു.