പെരിയ ഇരട്ടക്കൊലപാതകം: കൃത്യത്തിന് ശേഷം പ്രതികള്‍ ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസില്‍; നേതാക്കളുടെ സഹായത്തോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറി
കാസര്‍കോട്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ കൃത്യത്തിന് ശേഷം
പാര്‍ട്ടി ഓഫിസിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി.
കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരം പുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്. അതേസമയം കാസര്‍കോട് എസ്പിയായി ജെയിംസ് ജോസഫ് ചുമതലയേറ്റു. ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്പിയായി നിയമിതനായതിനെത്തുടര്‍ന്നാണ് മാറ്റം.
അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സജിയെ കൂടാതെ മറ്റ് അഞ്ച് പേര് കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സി പി എമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.
അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി.