പൊതുഗതാഗതം പുനഃസ്ഥാപിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി; ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നര്‍ ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ഗതാഗതമുള്‍പ്പെടെ സാധാരണ ജനജീവിതം തടസപ്പെട്ടതും അര്‍ധരാത്രിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്കിയതും സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എസ്എസ്എല്‍സി മോഡല്‍, ഐസിഎസ്സി പരീക്ഷകള്‍ തടസപ്പെട്ടതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസിഎസ്സി പരീക്ഷ ദേശീയതലത്തില്‍ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് അപ്രായോഗികമായതു കൊണ്ട് വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതു സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍ തുറക്കണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു. ജനജീവിതം സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയണമെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഹര്‍ത്താലിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ അതിക്രമദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്മാന്, കണ്‍വീനര്‍ എന്നിവര്‍ക്കും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. ഇവരോട് നേരിട്ട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് സ്വമേധയാ ഹര്‍ത്താലിനെതിരെ നടപടികള്‍ സ്വീകരിച്ചത്.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് സമര്‍പ്പിക്കുന്നതിനായി കോടതി നിര്‍ദ്ദേശങ്ങള്‍ നേരത്തെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തന്നെ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അലക്ഷ്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് നിരീക്ഷിച്ചാണ് കോടതി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുള്പ്പടെയുള്ളവര്ക്കതിരെ നടപടിക്കൊരുങ്ങുന്നത്.
അര്‍ധരാത്രിയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം നല്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്സും മറ്റു സംഘടനകളും നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെ ഞായറാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയായിരുന്നു.
നിലവില്‍ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ത്താല്‍ ആഹ്വാനവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം തെളിവുകളായി ഹാജരാക്കി. വെള്ളിയാഴ്ച ഹര്‍ത്താലിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ത്താലിന്റെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് അന്നേ ദിവസം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.