ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത്; ആരെയും പിന്തുണയ്ക്കുന്നില്ല; തന്റെ ചിത്രങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കരുത്
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് രജനികാന്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും താരം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കി. ആരും തന്റെ ചിത്രമോ പാര്‍ട്ടിയുടെ ലോഗോയോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും രജനികാന്ത് പറഞ്ഞു. ഇതോടെ മാസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്.
തമിഴ്നാട് നേരിടുന്ന പ്രധാനപ്രശ്നം ജലക്ഷാമമാണ്. ഇതു പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
രജനികാന്ത് ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ തന്റെ പിന്നില്‍ അണിനിരക്കുന്നത് ജനങ്ങളാണെന്നും ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം,രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാര്‍ട്ടിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഗ്രാമീണമേഖലകളില്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. എഐഡിഎംകെയ്ക്കും ഡിഎംകെയ്ക്കും അധീശത്വമുള്ള തമിഴ്നാട് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ കമലിനോ രജനിക്കോ കഴിയില്ലെന്ന സൂചനകളാണ് പാര്‍ട്ടി അണികള്‍ തന്നെ നല്‍കുന്നത്.
താരമൂല്യം രാഷ്ട്രീയത്തിലും തിളങ്ങാന്‍ സഹായകമാകുമെന്ന സൂപ്പര്‍താരങ്ങളുടെ കണക്ക് കൂട്ടല്‍ തമിഴകത്തിന്റെ ഗ്രാമീണമേഖലകളില്‍ പൂര്‍ണമായും തെറ്റിയതായാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന് ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നതുകൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താത്തതാണ് പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ മനസ്സിലാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. രജനികാന്ത് ഇനിയും തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രജനിഫാന്‍സിന്റെ സംഘടനയായ രജനി മക്കള്‍ മണ്‍റത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകളാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ 65,000 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 37,000 ഇടങ്ങളില്‍ മാത്രമേ തങ്ങള്‍ക്ക് യൂണിറ്റുകള്‍ രൂപീകരിക്കാനായിട്ടുള്ളെന്ന് രജനി മക്കള്‍ മണ്‍റം നേതാവ് രജിനി ഗുപേന്ദ്രന്‍ പറയുന്നു.
2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നിലവില്‍ വന്നത്.അതിന്റെ അവസ്ഥയും വ്യത്യസ്തമല്ല. രജനി മക്കള്‍ മണ്‍റം തങ്ങള്‍ക്കിതുവരെ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് പറയുന്നു. എന്നാല്‍,അക്കാര്യത്തിലും മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥ പരുങ്ങലിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ അണികളില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് കമല്‍ഹാസന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.