സിപിഎമ്മിനെ വെട്ടിലാക്കി ഷുക്കൂർ വധക്കേസ്
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത് കേരളത്തിലെ സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.
ലോക്സഭതെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുന്ന സമയത്ത് എടുത്ത സിബിഐയുടെ നടപടി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർഥം എൽഡിഎഫ് നടത്തുന്ന ജാഥകളിലെ പ്രധാന വിഷയമായും ഇതുചർച്ചയാകും. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രധാന നേതാവായ പി. ജയരാജനെ പ്രതിയാക്കിയതോടെ അതിനെ പ്രതിരോധിക്കാൻ സിപിഎമ്മിന് ഏറെ പണിപെടേണ്ടിവരും. കണ്ണൂർ, വടകര, കോഴിക്കോട് ലോക്സഭാമണ്ഡലങ്ങളിലെ വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണവും ഇതായി മാറും.
വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി വരെ പരിഗണിക്കാവുന്ന വ്യക്തിയായിരുന്നു പി. ജയരാജൻ.
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വച്ച് കൊലപ്പെടുത്തിയ സംഭവമാണ് പ്രമാദമായ ഷുക്കൂർ വധക്കേസ്
. പട്ടുവത്ത് വച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്നാണ് പൊലീസ് ആരോപിച്ചിരുന്നത്. രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി. എതിർപാർട്ടികളുടെ സിപിഎമ്മിനെതിരായ പ്രധാന പ്രചരണവും ഇതായിരുന്നു.
ഡിവൈഎഫ്ഐ മൊറാഴ യൂണിറ്റ് പ്രസിഡന്റ് മുതുവാണി ചാലിൽ സി.എ. ലതീഷ്, കണ്ണപുരം ഈസ്റ്റ് വില്ലെജ് സെക്രട്ടറി ദിനേശൻ, കണ്ണപുരം വില്ലെജ് കമ്മിറ്റി അംഗമായ കണ്ണപുരം ടെമ്പിൾ റോഡിൽ കിഴക്കെ വീട്ടിൽ സുമേഷ്, പാപ്പിനിശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ കണ്ണപുരം രാജ് ക്വാട്ടേഴ്സിൽ പി. ഗണേശൻ, കണ്ണപുരം വെസ്റ്റ് വില്ലെജ് കമ്മിറ്റി അംഗമായ കണ്ണപുരം ഇടക്കെപ്പുറം കനിയാറത്തു വളപ്പിൽ പി. അനൂപ്, സിപിഎം ബ്രാഞ്ച് സെക്ക്രട്ടറി മൊറാഴ തയ്യിൽ വിജേഷ് എന്ന ബാബു, സിപിഎം കണ്ണപുരം ബ്രാഞ്ച് സെക്രട്ടറി തയ്യിൽ വിജേഷ് തുടങ്ങിയവരാണ് കേസിലെ പ്രധാനപ്രതികളായി പൊലീസ് രജിസ്റ്റർ ചെയ്തത്.