ശബരിമലയിലെ പ്രതിഷ്ഠയിലെ നൈഷ്ഠിക ബ്രഹ്മചര്യഭാവം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകുമെന്ന് മനു അഭിഷേക് സിങ്വി; സിങ്വി വാദിക്കുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്; ഹാജരായത് ബോര്‍ഡിന്റെ മുന്‍ ചെയര്മാന് വേണ്ടിയെന്ന് സിങ്വി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനഃപരിശോധനാ, റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുകയാണ്. ആദ്യം എന്‍എസ്എസിന്റെയും തുടര്‍ന്ന് ശബരിമല തന്ത്രിയുടെയും വാദമാണ് കേട്ടത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന് മനു അഭിഷേക് സിങ്വി ഹാജരായി വാദം തുടങ്ങി. എന്നാല്‍ സിങ്വി ഹാജരാകുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് രാകേഷ് ദ്വിവേദി രംഗത്ത് വന്നു. മുമ്പ് സിങ്വി ദേവസ്വം ബോര്‍ഡിനായി ഹാജരായിട്ടുണ്ടെന്നാണ് വാദം. എന്നാല്‍ താന്‍ ഹാജരാകുന്നത് ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റിന് വേണ്ടിയാണെന്ന് സിങ്വി വാദിച്ചു.
ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് സിങ്വി വാദമുയര്‍ത്തി. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഇത് കണക്കിലെടുത്തത്. മറ്റുള്ളവര്‍ പരാമര്‍ശിച്ചതേയുള്ളൂ. വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യഭാവം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകും. വേര്‍തിരിവ് ജാതിയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ അയിത്താചാരത്തിനെതിരായ നിയമം നിലനില്‍ക്കില്ലെന്നും അഭിഷേക് സിങ്വി വാദിച്ചു. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിങ്വി പറഞ്ഞു.
ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ച് അളക്കാന്‍ കഴിയില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല ശബരിമലയില്‍ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസൃതമായാണ്. മധുര മീനാക്ഷി ക്ഷേത്ര കേസ് നോക്കണമെന്നും സിങ്വി വാദിച്ചു.
ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയാണ് വാദിച്ചത്. ശബരിമലയില്‍ യുവതികളെ തടയുന്നത് മതാചാര പ്രകാരമാണെന്ന് തന്ത്രിയുടെ അഭിഭാഷകന് വാദിച്ചു. പ്രതിഷ്ഠയുടെ ഭാവം പരിഗണിക്കണം. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പര്സപരപൂരകമാണ്.ഭരണഘടന പ്രകാരം ധാര്‍മികതയ്ക്ക് കൃത്യമായ നിര്‍വചനമില്ലെന്നും തന്ത്രിയുടെ അഭിഭാഷകന് വാദിച്ചു.
പുനഃപരിശോധനാ ഹര്‍ജികളില്‍ ആദ്യം വാദം കേട്ടത് എന്‍എസ്എസിന്റെ ഹര്‍ജിയിലാണ്. യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ് വാദമുയര്‍ത്തി. പ്രധാന വിഷയങ്ങള്‍ കോടതിക്ക് മുമ്പില്‍ എത്തിയില്ലെന്നാണ് എന്‍എസ്എസിന്റെ വാദം. എന്‍എസ്എസിന് വേണ്ടി അഡ്വ.കെ.പരാശരന് ആണ് വാദിച്ചത്.തുറന്ന കോടതിയിലാണ് വാദം കേള്‍ക്കല്‍. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളില്‍ ഒതുങ്ങി നിന്ന് വാദം പറയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിധിയിലെന്താണ് പിഴവെന്ന് വാദിക്കൂ. വിധിയില്‍ പുനഃപരിശോധന നടത്തണോ വേണ്ടയോ എന്നതാണ് വിഷയമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എന്‍എസ്എസ് അഭിഭാഷകന് അറിയിച്ചു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാശരന്റെ വാദം. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. വിധി ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണ്. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന് കെ.പരാശരന് വിശദീകരിച്ചു.പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരന് വ്യക്തമാക്കുന്നു.
15(2) അനുച്ഛേദ പ്രകാരമാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന് പറഞ്ഞു.പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിന്ടണ്നരിമാന് വ്യക്തമാക്കി.
യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എന്‍എസ്എസ് വാദിക്കുന്നു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരന് പറയുന്നു.
ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന് എഴുന്നേല്‍ക്കുകയായിരുന്നു. വിധിയില്‍ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരന് വാദിച്ചത്. പ്രധാനവിഷയങ്ങള്‍ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്റെ വാദം.എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകള്‍, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നുംജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന് വ്യക്തമാക്കുന്നു. ഒടുവില്‍ വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടി കെ പരാശരന് വാദം പൂര്‍ത്തിയാക്കി.
പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പുനപരിശോധനാഹര്ജികളിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.