ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയിൽ വർഗീയ സംഘർഷത്തിനു സാധ്യതയെന്നു യുഎസ് രഹസ്യാനേഷണ വിഭാഗം
വാഷിംഗ്ടണ്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുള്ളതായി യുഎസ് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബിജെപി തീവ്രഹിന്ദുത്വ നിലപാടില്‍ ഉറച്ചു നില്ക്കുകയാണെങ്കില് കലാപത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്തെ വിവിധ ഭാഗങ്ങളിലെ അക്രമ സാധ്യതയും ഭീഷണികളും വിലയിരുത്തുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്സ് ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സിഐഎ, എഫ്ബിഐ, എന്‍എസ്എ, ജിന ഹാസ്പെല്‍, ക്രിസ്റ്റഫര്‍ റേ, പോള്‍ നകാസോണ്‍ എന്നിവര്‍ക്കും കൈമാറും.
മോദിയുടെ ഭരണകാലത്ത് ബിജെപിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. പൊതു തെരഞ്ഞെടുപ്പു വരെ ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധം സംഘർഷത്തിലൂടെയാണ് കടന്നു പോകുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ജൂലൈ മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകരാക്രമണങ്ങള്‍, ഭീകരസംഘടനകളോട് പാക്കിസ്ഥാന് സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.