ഇനി പട നയിക്കാൻ കെ.സി
ന്യൂഡൽഹി: കെ.സി വേണുഗോപാലിനിത് സ്വപ്നനേട്ടമാണ്. ദേശീയരാഷ്ട്രീയത്തിൽ സജീവമായിരുന്ന മുൻപ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് പോലും ലഭിക്കാത്ത പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ഏറ്റവും സീനിയറായ ജനറൽസെക്രട്ടറിമാർക്ക് മാത്രം നൽകുന്ന പദവിയാണ് താരതമ്യേന ജൂനിയറായ കെ.സി വേണുഗോപാലിന് രാഹുൽ സമ്മാനിച്ചിരിക്കുന്നത്.
പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോഴൊക്ക രാഹുൽ ഗാന്ധിയുടെ ദൂതനായി അയക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ബിജെപിയുടെ മർമ്മം നോക്കിയടിച്ചും തർക്കങ്ങൾ ഉണ്ടാകുന്നിടത്ത് പ്രശ്നങ്ങൾ പരിഹരിച്ചും കെ.സി നടന്നു കയറിയത് രാഹുലിന്റെ മനസിലേക്ക് കൂടിയാണ്. പലപ്പോഴും അതാത് സംസ്ഥാനത്ത് ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ മറി കടന്നാണ് പ്രശ്നപരിഹാരത്തിനായി കെ.സിയെ അയക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് തീർത്ത കെ.സിക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് രാഹുൽ നൽകിയത്.
പണിയെടുക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമെന്ന് മുമ്പും പലപ്പോഴും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട് താനും. ഗോവയിലും , തെലുങ്കാനയിലും കർണാടകയിലും, എല്ലാം പ്രതിസന്ധിഘട്ടങ്ങളിൽ കെ.സി വേണുഗോപാലിനെയാണ് രാഹുൽ അയച്ചയത്. കർണാടകയിൽ ശക്തരിൽ ശക്തനായ ബിജെപി നേതാവ് യെദിയൂരപ്പയ്ക്ക് തക്കമറുപടി നൽകുവാനും തിരിച്ചടികൾ നൽകുവാനും കെ.സി ഉണ്ടായിരുന്നു.
2014 ൽ രണ്ടാം വട്ടവും ആലപ്പുഴയിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തിയ കെ.സി വേണുഗോപാൽ അവിടെ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് രാഹുലിന്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കുന്നത്.കെ.എസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കെ.സി വേണുഗോപാലിനെ കണ്ടെടുക്കുന്നത് ലീഡർ കെ.കരുണാകരനാണ്.1989 ൽ നായനാർ സർക്കാരിന്റെ കാലത്ത് കെ.സിക്ക് ഏറ്റ മർദ്ദനങ്ങൾ ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തുടർന്ന് കരുണാകരന്റെ പ്രീയപ്പെട്ട ശിഷ്യരിൽ ഒരാളായി മാറിയ കെസി വേണുഗോപാൽ രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇടതിന് വളക്കൂറുള്ള ആലപ്പുഴയെ കോൺഗ്രസിനായി മെരുക്കിയെടുത്തതും കെ.സിയുടെ ഊർജസ്വലതയാണ്. ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കുന്നതിലുള്ള കെ.സിയുടെ മിടുക്കാണ് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്
രാഷ്ട്രീയത്തിൽ 55 വയസ് എന്നത് ഒരു പ്രായമേ അല്ലയെന്നിരിക്കെയാണ് ഈ നേട്ടമെന്നതും എടുത്ത് പറയേണ്ടതാണ്. രാജസ്ഥാനിലും കർണാടകയിലും കെ.സി നടത്തിയ ഇടപെടലുകളാണ് ഇത്തരം വളർച്ചയ്ക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുകളിലേക്ക് കെ.സി വളരുമ്പോൾ കേരളത്തിലെ ഗ്രൂപ്പ്സമവാക്യങ്ങളിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന് വേണം കരുതാൻ.