വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലച്ച് സയീദ് ഷുജ; തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അങ്ങനെയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന ‘സൈബര്‍ വിദഗ്ദ്ധന്’. ഹൈദരാബാദില്‍നിന്നുള്ള ഷുജ ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന് ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ എങ്ങനെയാണു യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വീഡിയോയില്‍ കാണിച്ചില്ല. ഇതാണു സംശയങ്ങള്‍ക്കു വഴി തുറന്നത്.
വോട്ടിങ് യന്ത്രം നിര്‍മിച്ച എന്‍ജിനീയറിങ് സംഘത്തില്‍ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാല്‍ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തില്‍ ഇതേ പേരുള്ള ഒരു ജീവനക്കാരന് ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാന്‍ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.
ഇതിനിടെ യുഎസ് ഹാക്കറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് ഡല്‍ഹി പെലീസില്‍ പരാതി നല്കി. ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നു തിര. കമ്മിഷൻ ആവശ്യപ്പെട്ടു.
ഇതിനിടെ ഹാക്കത്തോണില്‍ പങ്കെടുത്തത് സംഘാടകര്‍ ക്ഷണിച്ചിട്ടാണെന്ന് കോൺഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രതിനിധിയായിട്ടല്ല, സ്വന്തം നിലയ്ക്കാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, 2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയിലുള്ളത്. ഇതില്‍ 80 ശതമാനം പേരും എന്‍ജിനീയര്‍മാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിര്‍മിച്ചത് ഒരു കൂട്ടം യുവ എന്‍ജിനീയര്‍മാരാണ്. വോട്ടിങ് യന്ത്ര നിര്‍മാണത്തില്‍ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എന്‍ജിനീയര്‍ ഇല്ലെന്നാണു ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്നു സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ‘ദ് വീക്ക്’ മാഗസിനോടു പറഞ്ഞു.
2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്നാണു ഷുജ ആരോപിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ സംബന്ധിച്ചു പരാതികള്‍ ഉന്നയിക്കുന്നവര്‍ തന്നെ ഷുജയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഷൂജയുടെ അവകാശ വാദങ്ങളില്‍ സാങ്കേതിക പരിശോധന തന്നെ നടത്തിയതായി ഫ്രീ സോഫ്റ്റ്വെയര് മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും ഹൈദരാബാദിലെ ഐടി വിദഗ്ധനുമായ കിരണ്‍ ചന്ദ്ര വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ 2004 മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് കിരണ്‍. തിരിമറി നടത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കുറിപ്പ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് വൈദ്യുത ഉപകരണവും ഹാക്ക് ചെയ്യാന്‍ സാധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നത് ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഷുജയുടെ അവകാശവാദങ്ങള്‍ സാങ്കേതികമായി അപര്യാപ്തമാണ്. ഷുജ പറയുന്നതുപോലെയാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങളുമായി ഇടപെടാന്‍ കഴിയുന്ന മിലിറ്ററി റേഡിയോ ഫ്രീക്വന്‍സി ആന്റിനയാണ് ഇതിനു വേണ്ടത്. കിലോമീറ്ററുകള്‍ താണ്ടിപോകാനുള്ള ശേഷിയും ഇവയ്ക്ക് ആവശ്യമാണ്. തിരിമറിക്കായി സെക്കന്റില്‍ 100 ബിറ്റ്സ് ഡാറ്റയാണ് അയച്ചിരിക്കുക. അതനുസരിച്ചാണെങ്കില്‍ 1.1 മില്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യണമെങ്കില്‍ തലമുറകളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഷുജയുടെ അവകാശവാദങ്ങള്‍ വിഢ്ഡിത്തമാണെന്നും കിരണ്‍ ചന്ദ്ര പറഞ്ഞു. ബിജെപിയുടെ സിഗ്നലുകള്‍ താന്‍ തടസ്സപ്പെടുത്തിയാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിയതെന്നാണു ഷുജ അവകാശപ്പെട്ടത്. സാങ്കേതികമായി ഇതെങ്ങനെയാണു നടക്കുകയെന്നും അദ്ദേഹം ചോദിച്ചു. 2014ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം തനിക്കെതിരെ ആക്രമണമുണ്ടായതിനാല്‍ യുഎസില്‍ അഭയം പ്രാപിച്ചതെന്ന് ഷുജ പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ വ്യാജ വര്‍ഗീയ ലഹളകളുടെ പേരില്‍ തന്റെ സുഹൃത്തുക്കളെ കൊന്നുകളഞ്ഞെന്നും ഷുജ പറഞ്ഞു. എന്നാല്‍ 2014 മുതല്‍ ഇതുവരെ നിരവധി പേര് മരിച്ച വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്റെ നിലപാട്. തനിക്കു വെടിയേറ്റതുകൊണ്ടാണു രാജ്യം വിട്ടതെന്നാണ് ഷുജ പറഞ്ഞത്. എന്നാല്‍ ഇതിനും സ്ഥിരീകരണമൊന്നുമില്ല.