വാലന്റൈന്‍സ് ദിനത്തില്‍ എക്സ് യു വി 300 അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു
മുംബൈ:വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യില്‍ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘എക്സ് യു വി 300’ ഒരുങ്ങുന്നു. ചെറു എസ് യു വി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാന്‍ ഫെബ്രുവരി 14ന് ‘എക്സ് യു വി 300’ എത്തുന്നു. അരങ്ങേറ്റത്തിനു മുന്നോടിയായി മഹീന്ദ്ര ‘എക്സ് യു വി 300’ ബുക്കിങ്ങുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.
20,000 രൂപയാണു കമ്പനി അഡ്വാന്‍സ് ഈടാക്കുന്നത്. ‘എക്സ് യു വി 300’വില എട്ടു ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കുമിടയിലാവുമെന്നും കമ്പനിയുടെ വില്‍പ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര വെളിപ്പെടുത്തിയിരുന്നു.മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്യങ്ങിന്റെ ‘ടിവൊലി’ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് ‘എക്സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത.പക്ഷേ നീളം നാലു മീറ്ററില്‍ താഴെയായി പരിമിതപ്പെടുത്താന്‍ പ്ലാറ്റ്ഫോമിലും പരിഷ്കാരം ആവശ്യമായി വന്നു.
ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം ‘ടിവൊലി’യില്‍ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ് യു വിയുടെ സസ്പെന്ഷന് മഹീന്ദ്ര പൊളിച്ചു പണിയുകയും ചെയ്തു.എം പി വിയായ ‘മരാസൊ’യില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും ‘എക്സ് യു വി 300’ എസ് യു വിക്കും കരുത്തേകുക. കോംപാക്ട് എസ് യു വിയിലെത്തുമ്പോള് ഈ ഡീസല്‍ എന്ജിന് 300 എന്‍ എമ്മോളം ടോര്‍ക്ക് സൃഷ്ടിക്കും.
ഒപ്പമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവട്ടെ 200 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാവും ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്സ്മിഷന്. ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയര്‍ബാഗ് സഹിതമെത്തുന്ന ‘എക്സ് യു വി 300’ എസ് യു വിയില്‍ നാലു വീലിലും ഡിസ്ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.ഡബ്ല്യു ഫോര്‍, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷന് പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്.
അടിസ്ഥാന വകഭേദമായ ‘ഡബ്ല്യു ഫോറി’ല്‍ തന്നെ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, എല്ലാ വീലിലും ഡിസ്ക് ബ്രേക്ക്, എല്‍ ഇ ഡി ടെയില്‍ ലാംപ്, നാലു പവര്‍ വിന്‍ഡോ തുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്തിയ പതിപ്പിലാവട്ടെ മുന്‍ പാര്‍ക്കിങ് സെന്‍സര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഇരട്ട സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, എട്ട് ഇഞ്ച് ടച് സ്ക്രീന്‍, സണ്‍ റൂഫ്, ഏഴ് എയര്‍ബാഗ് തുടങ്ങിയവയൊക്കെയുണ്ടാവും.