മുനമ്പം വഴി ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്: നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്
കൊച്ചി: ഓസ്ട്രേലിയയിലേക്ക് അനധികൃത കുടിയേറ്റം മുനമ്പം വഴി നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. മുനമ്പത്ത് നിന്ന് ഓസ്ട്രേലിയ്ക്ക് പോയത് 41 അംഗ സംഘമെന്ന് കണ്ടെത്തി. തമിഴ്നാട്ടുകാരും ശ്രീലങ്കക്കാരും കൊച്ചി വഴി ഓസ്ട്രേലിയയിലേക്കു കടത്തപ്പെടുന്നതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. 15 കുടുംബങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. നാല് ഗർഭിണികളും നവജാതശിശുവും സംഘത്തിൽ ഉൾപ്പെടുന്നു.
ഐബി അന്വേഷണമാരംഭിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓസ്ട്രേലിയൻ അഭയാർഥികളെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവരെ ആകർഷിക്കുന്നത്. ഓസ്ട്രേലിയൻ നിയമമനുസരിച്ച് 12 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം കൊച്ചിയിൽ താവളമാക്കുന്നുവെന്നും സൂചനയുണ്ട്.
മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധിന ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതോളം പേർ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. തീരത്തു നിന്ന് പുറപ്പെട്ട ബോട്ട് കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തെരച്ചിലാരംഭിച്ചു. അധികഭാരം ഒഴിവാക്കാൻ യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടൊകൾ, വിമാനടിക്കറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ് കണ്ടെത്തിയത്.
ശനിയാഴ്ച കൂടുതൽ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്ട്രേലിയയിലെത്തുന്നത്.