എസ്റ്റേറ്റ് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍
നെടുങ്കണ്ടം : പൂപ്പാറയ്ക്കു സമീപം നടുപ്പാറയില്‍ റിസോര്‍ട്ട് ഉടമയെയും ജോലിക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം.ഗ്യാപ്പ് റോഡിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ റിസോർട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ്ബ് വര്‍ഗ്ഗീസ്(രാജേഷ്40),ഇയാളുടെ ജോലിക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന് എസ്റ്റേറ്റ് ലെയ്ന്സില് താമസിയ്ക്കുന്ന മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ കാറും കാണാതായി. ഏതാനും ദിവസങ്ങളായി സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശിയെ സംഭവ ദിവസം മുതല്‍ കാണാനില്ല.
ഗ്യാപ്പ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ നാല്‍പ്പത് ഏക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ ഹട്ടുകള്‍ ആയാണ് റിസോര്‍ട്ട് പ്രവര്‍ത്തിയ്ക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോക്ടര്‍ വര്‍ഗ്ഗീസ് മൂന്നാറില്‍ ഹാരിസം മലയാളം പ്ളാന്റേഷനില്‍ ജോലിചെയ്തിരുന്നപ്പോള്‍ വാങ്ങിയ തോട്ടത്തില്‍ റിസോര്‍ട്ട് സ്ഥാപിച്ചതും,നടത്തുന്നതും ഇയാളായിരുന്നു.ആറ് ദിവസം മുന്‍പാണ് ഒളിവില്‍പ്പോയിരിക്കുന്ന കുളപ്പാറച്ചാല്‍ സ്വദേശിയായ ബോബിന് ഇവിടെ ജോലിക്ക് എത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് മുതല്‍ രാജേഷിനെയും,മുത്തയ്യയെയും കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മുത്തയ്യയുടെ ബന്ധുക്കളും,മറ്റ് ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയര്‍ മുറിയില്‍ മുത്തയ്യ തലയ്ക്ക് പരിക്കുകളോടെ മരിച്ചുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലില്‍ തോട്ടത്തിലെ ഏലച്ചെടികള്ക്കിടെ രാജേഷിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇയാളുടെ നെഞ്ചില്‍ വെടിയേറ്റതുപോലുള്ള മുറിവും കണ്ടു.പതിവായി മുറ്റത്ത് കാണാറുള്ള കെ.എല്‍ 5 എ.എച്ച് 6296 നമ്പര്‍ കാറും,ഡ്രൈവര്‍ ബോബിനെയും കാണാനുണ്ടായിരുന്നില്ല. നാട്ടുകാര്‍ അറിയിച്ചതിന് പ്രകാരം ശാന്തന്‍പാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കാര്‍ മുരിക്കിന്‍തൊട്ടി ഭാഗത്തു നിന്ന് കണ്ടെടുത്തതായി അറിയിച്ചു. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തെത്തുടര്‍ന്ന് കോട്ടയം ഫോറന്‍സിക് വിഭാഗം മൃതദേഹ പരിശോധന നടത്തി. മാനേജരായി ജോലി നോക്കിയിരുന്ന ബോബിന് എന്നയാളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം റിസോര്‍ട്ട് മാനേജര്‍ ഒളിവിലാണെന്നും, ഏകദേശം 200 കിലോ ഏലക്കായും അപഹരിക്കപ്പെട്ടതായും പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണും ലഭിച്ചിട്ടില്ല. കാണാതായ ഡ്രൈവര്‍ ഒളിവില്‍ പോയിരിക്കാമെന്ന് നിഗമനത്തില്‍ ഇടുക്കി എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.എസ്.ഐമാരായ ബി വിനോദ്കുമാര്‍,കെ.പി രാധാകൃഷ്ണന് എന്നിവരും സംഘത്തില്‍ ഉണ്ട്.
*രാജേഷിന്റെ മാതാവ് ഡോ.സുശീല വര്‍ഗ്ഗീസ്, ഭാര്യ കെസ്സിയ, ഏക മകള്‍ നതാനിയ.
*മുത്തുമാരി ആണ് മുത്തയ്യയുടെ ഭാര്യ. മക്കള്‍ പവിത്ര,പവിന്കുമാര്