ഗാനഗന്ധർവനു 79-ാം പിറന്നാൾ മധുരം
മലയാളികൾ സ്വകാര്യ അഹങ്കാരമായി മനസിൽ സൂക്ഷിക്കുന്ന ശബ്ദമാണ് കെ.ജെ. യേശുദാസിന്റേത്. മലയാളിയുടെ കാതുകളിൽ ആ സ്വരമാധുര്യം മുഴങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. ദിവസത്തിൽ ഒരിക്കലെങ്കിലും യേശുദാസിന്റെ ശബ്ദം കേൾക്കാത്ത മലയാളിയുണ്ടാവില്ല.
ഇന്ന് അദ്ദേഹത്തിന്റെ 79-ാമത് ജന്മദിനമാണ്. ജനപ്രിയ ഗാനങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ ഇടം നേടിയതെങ്കിലും ശുദ്ധ സംഗീതത്തെ വളരെയധികം വിലമതിക്കുന്ന ഗായകരിലൊരാളാണ് യേശുദാസ്.
1940 ജനുവരി പത്തിനാണ് അദ്ദേഹത്തിന്റെ ജനനം. മകനെ മികച്ച ഗായകനാക്കാനുള്ള അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ ശ്രമങ്ങളാണ് യേശുദാസിലെ ഗായകനെ വളർത്തിയത്. സംഗീത പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ നല്ല തങ്കയെന്ന ചിത്രത്തിൽ പാടാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചെങ്കിലും നിലവാരം കുറഞ്ഞെന്ന കാരണത്താൽ തഴയപ്പെട്ടു.
പിന്നീട് കാൽപ്പാടുകൾ എന്ന ചിത്രത്തിൽ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ദേവരാജൻ- വയലാർ കൂട്ടുകെട്ട് ഒരുക്കിയ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നിടിങ്ങോട്ട് യേശുദാസ് ഗാനങ്ങളുടെ വസന്തമായിരുന്നു. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരങ്ങൾ എട്ടു തവണ സ്വന്തമാക്കിയ യേശുദാസിനു കേരള, തമിഴ്നാട്, ആന്ധ്ര കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും മികച്ച പിന്നണിഗായകനുള്ള സംസ്ഥാനപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എല്ലാക്കൊല്ലവും പതിവ് തെറ്റിക്കാതെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുക അദ്ദേഹത്തിന്റെ പതിവാണ്. അരനൂറ്റാണ്ടായി മലയാളി മനസിൽ ചേക്കേറിയ സ്വര മാധുര്യത്തിനു പിറന്നാൾ ആശംസകളുമായി സിനിമാ സംഗീത രംഗത്തെ പ്രമുഖർ എത്തി.