മതത്തിന്റെ പേരില്‍ വെറുപ്പിന്റെ ഭിത്തികള്‍ സ്ഥാപിക്കുന്നു; നിഷ്കളങ്കര്‍ കൊല്ലപ്പെടുന്നു: നസറുദ്ദീന്‍ ഷാ
ഡല്‍ഹി: മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ മതിലുകള്‍ പണിയുകയാണെന്ന് നടന് നസറുദ്ദീന്‍ ഷാ. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതും മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുകയും കലാകാരന്മാരെയും അഭിനേതാക്കളേയും പണ്ഡിതന്മാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഷാ ആരോപിച്ചു. ആംനെസ്റ്റി ഇന്ത്യയുടെ രണ്ട് മിനിറ്റ് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് നസ്റുദ്ദീന്‍ ഷായുടെ പ്രസ്താവന.
ഇവിടെ മതത്തിന്റെ പേരില്‍ വെറുപ്പിന്റെ ഭിത്തികള്‍ സ്ഥാപിക്കുകയാണ്, നിഷ്ക്കളങ്കരാണ് കൊല്ലപ്പെടുന്നത്. രാജ്യം ഭീതിയും ക്രൂരതയും നിറഞ്ഞതായി മാറിയെന്നും ഷാ പറഞ്ഞു. അനീതിക്കെതിരെ പോരാടുന്നവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയാണ്. അത്തരക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യുന്നുവെന്നുമെന്നും ഷാ ആരോപിച്ചു.
എല്ലാവര്ക്കും സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും, ആശയങ്ങള്‍ പ്രകടിപ്പിക്കാനും, ആരാധനക്കുള്ള സ്വതന്ത്ര്യവും, സമത്വവും ഭരണഘടന അനുശാസിക്കുന്നുണ്ട്. രാജ്യത്തെ പാവങ്ങളുടെ വീടുകള്‍ക്കും ഉപജീവനമാര്‍ഗത്തിനും സംരക്ഷണം നല്‍കുന്നവരും, ഉത്തരവാദിത്വത്തെ കുറിച്ച് മാത്രം സംസാരിക്കാതെ പൗരാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരും, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും എല്ലാം ചേര്‍ന്നാണ് ഭരണഘടനയെ സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘എവിടെയാണ് നമ്മുടെ ഭരണഘടന എത്തി നില്‍ക്കുന്നത്? വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത ഒരു രാജ്യത്തെയാണോ നാം സ്വപ്നം കണ്ടത് ? ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്നാണോ, പാവപ്പെട്ടവര്‍ക്ക് ഇവിടെ ജീവിക്കേണ്ടതില്ലേ ?’ ഷാ ചോദിച്ചു.
അതേ സമയം മനുഷ്യാവകാശങ്ങള്‍ക്കായി നിലനില്‍ക്കുന്ന സംഘടനകളെ ക്രിമിനല്‍ സംരംഭങ്ങളായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് ആംനെസ്റ്റി ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം 36 കോടിയുടെ വിദേശ ഫണ്ടുകള്‍ ലഭിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടര്‍ ആകാര്‍ പട്ടേലിന്റെ വീടും, ഓഫീസും റെയ്ഡ് ചെയ്തിരുന്നു.