ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷക തിലക് അവാര്‍ഡിന് കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി ജോയിമോന് അര്‍ഹനായി.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷക തിലക് അവാര്‍ഡിന്
കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി ജോയിമോന് അര്‍ഹനായി.
തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേള 2019-നോടനുബന്ധിച്ച് നടത്തിയ കര്‍ഷക തിലക് അവാര്‍ഡിന് കോട്ടയം ജില്ലയിലെ കൂരോപ്പട ളാക്കാട്ടൂര്‍ വാക്കയില്‍ ജോയിമോന് ജെ. അര്‍ഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും കാര്‍ഷികമേളയുടെ സമാപന സമ്മേളനത്തില്‍ വച്ച് നല്‍കുമെന്ന് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ. പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ജൈവകൃഷി നടത്തുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് സംസ്ഥാന തലത്തിലുള്ള ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. പത്തു വര്‍ഷത്തിലേറെയുള്ള പ്രവാസി ജീവിതം (സൗദി) മതിയാക്കി 2004-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ജോയിമോന് അഞ്ചേക്കര്‍ പുരയിടമാണുള്ളത്. ബഹുവിള കൃഷി പ്രാവര്‍ത്തികമാക്കിയ കര്‍ഷകനാണ് ഇദ്ദേഹം. കഴിഞ്ഞവര്‍ഷം അഞ്ചേക്കര്‍ സ്ഥലത്തു നിന്നും മൊത്തം 28,29,500 രൂപയുടെ വരുമാനമാണ് ലഭിച്ചത്. ചെലവെല്ലാം കഴിഞ്ഞ് 22,33,000 രൂപയുടെ അറ്റാദായമാണ് ലഭിച്ചത്. പൂര്‍ണ്ണമായും ജൈവകൃഷിയാണ് അവലംബിച്ചിട്ടുള്ളത്.
ഭാര്യ ബെറ്റ്സിയും മക്കള്‍ നവീന്‍ ജോയിയും ജീവന് ജോയിയും കൃഷിയില്‍ പങ്കുചേരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം പച്ചക്കറി തൈ വില്‍ക്കുന്നു. ഇതിലൂടെ ഏകേദശം രണ്ടു ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നു. വിത്തും പച്ചക്കറി തൈയും ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. ഒട്ടേറെ കൃഷിഭവനുകള്‍ക്കും പച്ചക്കറി തൈ നല്‍കുന്നുണ്ട്. ജൈവ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. പയര്‍, കുറ്റിപ്പയര്‍, പാവല്‍, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന എന്നിവ കൃഷി ചെയ്യുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്ന ഒരു ഏജന്‍സി മുഖാന്തിരം ഇദ്ദേഹത്തിന്റെ പച്ചക്കറികളും വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു. പച്ചക്കറി കൃഷിയിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 9 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. കൃഷി വിജ്ഞാന ക്ലാസ്സുകളുടെ ഒരു വേദി കൂടിയാണ് ഇദ്ദേഹത്തിന്റെ പുരയിടം. ഇതിനു ഫീസും ലഭിക്കുന്നുണ്ട്. ഒരു ക്ലാസ്സിന് 3000 രൂപ നിരക്കിലാണ് ലഭിക്കുന്നത്.
പത്തു പശുക്കള്‍ സ്വന്തമായുണ്ട്. പ്രതിദിനം 80 ലിറ്റര്‍ പാല് വില്‍ക്കുന്നു. ആറ് കിടാക്കളുണ്ട്. പശു വളര്‍ത്തലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 10.80 ലക്ഷം രൂപ ലഭിച്ചു. താറാവ്, മീന്‍, കോഴി, എരുമ എന്നിവയേയും വളര്‍ത്തുന്നുണ്ട്. 200 കി. ഗ്രാം മീനാണ് ഈ വര്‍ഷം വിറ്റത്. 26-ഓളം ആടുകളേയും വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 30 ആട്ടിന്‍ കുഞ്ഞുങ്ങളെ വിറ്റതിലൂടെ 1.80 ലക്ഷം രൂപ ലഭിച്ചു. മുയല് വളര്‍ത്തലും ഇതോടൊപ്പമുണ്ട്. മുയല് കുഞ്ഞുങ്ങളുടെ വില്‍പ്പനയുമുണ്ട്. ഒരു മുയലിന് 40 രൂപ നിരക്കില്‍ 150 കുഞ്ഞുങ്ങളെ കഴിഞ്ഞ വര്‍ഷം വിറ്റു.
മരച്ചീനി, ചേന, കാച്ചില്, ചെറുകിഴങ്ങ്, ചേമ്പ് എന്നീ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷിയുമുണ്ട്. ചെലവ് എല്ലാം കഴിഞ്ഞ് 75000 രൂപയുടെ മരച്ചീനി വിറ്റു. കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ പത്തു കിലോ പായ്ക്കറ്റുകളിലാക്കി കൃഷി ഭവനുകള്‍ക്ക് 500 രൂപ നിരക്കില്‍ നല്കുന്നു. ഇപ്പോഴും ഓര്‍ഡറുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രദേശത്തുണ്ടായിരുന്ന റബ്ബര്‍ വെട്ടിമാറ്റിയാണ് വിളകള്‍ കൃഷി ചെയ്തിട്ടുള്ളത്. നാലു ടണ്‍ ചേന കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഈ വര്‍ഷം വിറ്റു.
പൈനാപ്പിള്‍, പപ്പായ, മുള്ളാത്ത, പേര, വാഴ എന്നീ പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നു. ബയോഗ്യാസ് പ്ലാന്റ് കൂടാതെ വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണവുമുണ്ട്. തേനീച്ച കൃഷിയും പുരയിടത്തിലുണ്ട്. 200-ല്‍പ്പരം കൊക്കൊ, 150 തെങ്ങ്, 300-ഓളം കമുകുകളും പുരയിടത്തില്‍ കൃഷി ചെയ്തിട്ടുണ്ട്.