ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം തുടരുന്നു; തവനൂരില്‍ സിപിഐഎം ഓഫീസിനും പാലക്കാട് വായനശാലയ്ക്കും തീയിട്ടു; തമ്പാനൂരില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു; കല്ലേറില്‍ പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്ത്തകന് മരിച്ചു
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.
അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം, പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്ത്തകന് മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന്(55) ആണ് മരിച്ചത്. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസറടക്കം 10 പേര് ചികിത്സയിലാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം പ്രവര്‍ത്തകരായ കണ്ണന്, അജു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഐഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. മലപ്പുറം തവനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഐഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. പാലക്കാട് വെണ്ണക്കരയിലും സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാസര്‍ക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.
കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിനു പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കര്‍മ്മ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കല്‍പ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.
പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലടക്കം രാവിലെ വന്നിറങ്ങിയവര്‍ ഹര്‍ത്താലില്‍ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹില്‍ കോയ റോഡിലും ഹര്‍ത്താലാനുകൂലികള്‍ റോഡില്‍ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരകഷ്ണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു.
പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര് ടി സി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള കെ എസ് ആര് ടി സി ബസ്സുകള്‍ സര്‍വ്വിസുകള്‍ നിര്‍ത്തിവച്ചു. പമ്പയിലേക്ക് ചെങ്ങന്നൂരില്‍ നിന്നും 16 സര്‍വ്വീസുകള്‍ പമ്ബയിലേക്ക് നടത്തി. ഇന്നലെ രാത്രിയില്‍ ജില്ലയില്‍ മൂന്ന് ഇടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. നിലക്കലില്‍ നിന്ന് ചെങ്ങന്നൂര്‍,കോട്ടയം,കുമളി ,തിരുവനന്തപുരം ബസ്സുകള്‍ കോണ്‍വോയി ആയി സര്‍വ്വീസ് പുറപ്പെട്ടു.