വനിതാമതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി; വനിതാ മതില് അനിവാര്യമാണ്
തിരുവനന്തപുരം: വനിതാമതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഏതില്‍ നിന്നെല്ലാമാണ് സമരദൂരമെന്ന് എന്‍എസ്എസ് ആലോചിക്കണം. വനിതാ മതില് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്നത്തെ പോലുള്ളവര്‍ നേതൃത്വം കൊടുത്ത ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. നായര്‍ സമുദായത്തിലെ മരുമക്കത്തായം അങ്ങനെ ഇല്ലാതായ ആചാരമാണ്. സുപ്രീം കോടതിയുടെ വിധിപോലും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവര്‍ ഭരണഘടനയേയും പൗരാവകാശങ്ങളെയും മതേതരത്വ മൂല്യങ്ങളെയുമാണ് നിഷേധിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില് നടത്തുന്നത്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വര്‍ഗ സമരത്തിന്റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും പിണറായി വിജയന് വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് അത്തരം സംഘടനകളില്‍നിന്നുള്ളവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കും.
ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്റെ വിഷയം. കൂടുതല്‍ വിശാലമായാണ് വനിതാ മതില് എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയില്‍ പുരുഷന് തുല്യമായ അവകാശം നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതില് തീര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. അങ്ങനെ ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം എല്ലാവര്ക്കും വനിതാ മതിലില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും അമുഖ്യമന്ത്രി പറഞ്ഞു.
പ്രളയ പുനരധിവാസ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.