കുഞ്ഞാലിക്കുട്ടിയോടുള്ള മുസ്ലിം ലീഗിന്റെ അതൃപ്തി തുറന്നു പറഞ്ഞ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി തങ്ങളും; നടന്നത് സംഭവിക്കാൻ പാടില്ലാത്തത്
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പാണക്കാട് കുടുംബം നിലപാട് കടുപ്പിക്കുന്നു. മുത്തലാഖ് ബിൽ അവതരിപ്പിച്ച ദിവസം ലോക്സഭയിൽ ഹാജരാകാതിരുന്നതിന് കുഞ്ഞാലികുട്ടിയോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. തങ്ങൾക്ക് വിശദീകരണം നൽകി എന്നാണ് കുഞ്ഞാലിക്കുട്ടി ദുബൈയിൽ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം അറിയിച്ചത്.ഇതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ച ശേഷം ഗവേണിംഗ് യോഗം ചേർന്ന് തുടർ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.ലീഗ് അദ്ധ്യക്ഷനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്, വിശദീകരണം നൽകിയിട്ടുണ്ട് എന്ന് കുഞ്ഞാലിക്കുട്ടി ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ പരസ്യമായി തളളിപ്പറയുകയാണ് ഇതിലൂടെ ഹൈദരലി ശിഹാബ് തങ്ങൾ ചെയ്തത്. മാത്രമല്ല ലോക്സഭയിൽ പങ്കെടുക്കാതിരുന്നത് പാർട്ടിയുടെ ഒഴിവാക്കാനാവാത്ത ചില വിദേശയാത്രകളും ചന്ദ്രികയുടെ ഗവേണിംഗ് യോഗവും ഉള്ളതുകൊണ്ടായിരുന്നു എന്ന കുഞ്ഞാലിക്കുട്ടിയുടെ വാർത്താ സമ്മേളനത്തിലൂടെയുള്ള വിശദീകരണവും ഇതിലൂടെ ഹൈദരലി ശിഹാബ് തങ്ങൾ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി പറയുന്ന ഈ പാർട്ടി പരിപാടികളൊന്നും തങ്ങൾ അറിഞ്ഞതല്ല എന്നും മുത്തലാഖ് ബില്ലിന്റ സമയത്ത് കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ ഹാജരാകേണ്ടതായിരുന്നു എന്ന നിലപാടാണ് തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരു പടി കൂടി കടന്ന് കുഞ്ഞാലിക്കുട്ടിയെ പരസ്യമായി തള്ളിപ്പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ നടപടി പാർട്ടിയിലും അണികളിലും അതൃപ്തി ഉണ്ടാക്കി എന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്.സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. ജനപ്രതിനിധികൾ ഉത്തരവാദിത്വം കാണിക്കുന്നതിൽ വീഴ്ച വരുത്തരുത്. അത് ജനതാൽപര്യത്തിനും രാജ്യതാൽപ്പര്യത്തിനും എതിരാണ്. എല്ലാ ജനപ്രതിനിധികൾക്കും ഇതൊരു മുന്നറിയിപ്പാണ്.ഇ ടി മുഹമ്മദ് ബഷീർ എതിർത്ത് വോട്ടു ചെയ്തതു കൊണ്ട് പാർട്ടി ഉത്തരവാദിത്വം നിർവ്വഹിച്ചു എന്ന് പറഞ്ഞ സാദിഖലി ശിഹാബ് തങ്ങൾ രണ്ട് കാര്യങ്ങൾ കൂടി വ്യക്തമാക്കി – ഒന്ന്: കുഞ്ഞാലികുട്ടി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കണം. രണ്ട്: കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനമേഖല ഡൽഹി തന്നെ ആയിരിക്കും.
ഇതുവഴി പാണക്കാട് കുടുംബം കൃത്യമായ നീക്കമാണ് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ ദുർബലനാക്കുക, കുഞ്ഞാലികുട്ടിയല്ല ലീഗ് എന്ന് കോൺഗ്രസിനെ ബോധ്യപ്പെടുത്തുക,
സമസ്തയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് വ്യക്തമാക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കുഞ്ഞാലിക്കുട്ടി പ്രശ്നത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ലീഗ് നേതൃത്വത്തിൽ ചില ഇടപെടൽ നടത്താൻ ഒരുങ്ങിയത് ലീഗ് നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന.കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനമേഖല ഡൽഹി ആയിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് ഈ കോൺഗ്രസ് നേതാക്കൾക്കുള്ള മറുപടി കൂടിയാണന്ന് വിലയിരുത്തപ്പെടുന്നു. കുഞ്ഞാലികുട്ടി കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതു പോലെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കോൺഗ്രസ് ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ലീഗ് നേതത്വം ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് മുത്തലാഖ് ബില്ലിന്റെ കാര്യത്തിൽ. ബില്ലിനെതിരെ വോട്ട് ചെയ്യാതെ ഇറങ്ങിപ്പോന്ന കോൺഗ്രസ് നിലപാടും എതിർത്ത് വോട്ട് ചെയ്ത ഇടതു നിലപാടും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് ലീഗിനകത്തെങ്കിലും നേതാക്കൾ കരുതുന്നു.
സമസ്തയുടെ കുഞ്ഞാലിക്കുട്ടിയോടുള്ള എതിർപ്പും പ്രധാനമാണ്. മുത്തലാഖ് ബില്ലിനെ ശക്തമായി എതിർക്കാൻ സമസ്ത ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയോട് നേരിട്ടും സമസ്ത നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുഞ്ഞാലിക്കുട്ടി മനപൂർവ്വം ഈ ആവശ്യം തള്ളിക്കളഞ്ഞു എന്ന വികാരം സമസ്തക്കുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാൻ പാണക്കാട് കുടുംബത്തിന് കഴിയില്ല.
എം കെ മുനീർ നേത്യത്വം ഏറ്റെടുത്ത ശേഷം നിയമസഭയിൽ ലീഗിന്റെ പ്രവർത്തനം മെച്ചപ്പെട്ടതായി അഭിപ്രായമുണ്ട്. കുഞ്ഞാലി ക്കുട്ടിയുടെ എല്ലാവരെയും സുഖിപ്പിക്കുക എന്ന നിലപാടിൽ നിന്നും നിയമസഭയിലെ ലീഗിന്റെ പ്രവർത്തനം മാറി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും കേരളത്തിലേക്ക് തിരിച്ചു വരാൻ കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നത്.ആ സമയത്താണ് ഈ പുതിയ വിവാദം. ഇത് പെട്ടന്ന് ആറിത്തണുക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പഴയതിൽ നിന്ന് വ്യത്യസ്തമായി പാണക്കാട് കുടുംബം തന്നെയാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരായ വികാരം ആളിക്കത്തിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുസ്ലിം ലീഗിനെ എതിർക്കാതെ കുഞ്ഞാലിക്കുട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന തന്ത്രമാണ് ലീഗിനകത്തു നിന്നും പുറത്തു നിന്നും ഇത്തവണ കുഞ്ഞാലിക്കുട്ടിക്ക് നേരെ ഉയരുന്നത്.ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രവർത്തനത്തെ പാണക്കാട് തങ്ങളും സമസ്തയും മാത്രമല്ല ഐഎൻഎല്ലും പിഡിപിയും എസ് ഡി പി ഐയും പിന്തുണക്കുന്നു. എല്ലാവരും എതിർപ്പിന്റെ കുന്തമുന നീട്ടുന്നത് കുഞ്ഞാലിക്കുട്ടിക്ക് നേരെയും .ഐസ് ക്രീം പാർലർ വിവാദം പോലെ അല്ല ഈ സാഹചര്യം.ബി ജെ പി കൊണ്ടുവന്ന മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടതായതിനാൽ ഈ രാഷ്ടീയ സാഹചര്യം പ്രവചനാധീതമാണ്.