കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് പരസ്യമായി വിമര്‍ശിച്ച് സാദിഖലി തങ്ങള്‍; വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയും
മലപ്പുറം: മുത്തലാഖ് ബില്‍ ലോക് സഭ ചര്‍ച്ച ചെയ്ത സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പങ്കെടുക്കാതിരുന്നതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടി. മുസ്ലീം ലീഗ് രാഷ്ട്രീയ ഉന്നതാധികാര സമിതി അദ്ധ്യക്ഷന്‍ എന്ന നിലയിലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയത്.മുത്തലാഖ് ചര്‍ച്ചയില്‍ ലോക് സഭയില്‍ പങ്കെടുക്കാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് രാഷ്ട്രീയ ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതിന് പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കണമെന്ന് അന്ന് ലീഗില്‍ ആവശ്യം ഉയര്‍ന്നെങ്കിലും അന്ന് വിശദീകരണം ചോദിച്ചിരുന്നില്ല.എന്നാല്‍ മുത്തലാഖ് ബില്ലില്‍ കഞ്ഞാലിക്കുട്ടിയോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ചോദിക്കുക മാത്രമല്ല അത് പരസ്യമാകുകയും ചെയ്തു.ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിക്കും മുമ്പുതന്നെ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതും കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി. കുഞ്ഞാലിക്കുട്ടിയോട് പാര്‍ട്ടി ഇത്തരത്തില്‍ വിശദീകരണം ചോദിച്ചതും അത് പരസ്യമാക്കുന്നതും വീഴ്ച പറ്റി എന്ന് പരസ്യമായി കുറ്റപ്പെടുത്തുന്നതും മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ചോദിച്ചത് പരസ്യമാകുകയും കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് നല്കിയ വിശദീകരണം വാര്‍ത്താസമ്മേളനത്തില്‍ കൂടി കുഞ്ഞാലിക്കുട്ടി പുറത്തുവിട്ടതെന്നാണ് സൂചന.
ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീറുമായി ചേര്‍ന്ന് ആലോചിച്ചിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പ് 27ന് പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെടുപ്പ് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കല്യാണം മാത്രമല്ല സഭയില്‍ എത്താതിരുന്നതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കുന്നതിനാലാണ് വിട്ടുനിന്നത്. ഇത് പ്രധാനപ്പെട്ട യോഗമായിരുന്നു. ചുമതലകള്‍ ചെയ്ത് തീര്‍ക്കാനുള്ള സമയം കിട്ടുന്നില്ല. കേരളത്തിലും കേന്ദ്രത്തിലും ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ടൈം മാനേജ്മെന്റിന്റെ പ്രശ്നങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മുത്തലാഖ് ബില്ലില്‍ ലോക്സഭയില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുകയാണ്. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത പി കെ കുഞ്ഞാലി കുട്ടിയുടെ നടപടിയും ആണ് വിവാദമായിരിക്കുന്നത്. ബിജെപിയും എന്‍ ഡി എ യും കൊണ്ടുവന്ന മുത്തലാഖ് ബില്ലിനോട് മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ച നിലപാട് എന്തായിരുന്നു എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഹാജരായില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന രീതിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത് വന്നു. മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വിശദമാക്കി. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നും ഇ ടി വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവര്‍ക്ക് സദുദ്ദേശമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
അതേസമയം മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ മാര്‍ച്ച് നടത്തി. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം പാണക്കാട്ടെ വീട്ടിലേക്കാണ് ഐഎന്‍എല്‍ മാര്‍ച്ച് നടത്തിയത്. വീടിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ജന സേവനമാണോ വ്യവസായ പ്രമുഖരെ സേവിക്കലാണോ പ്രധാനമെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎന്‍എല്ലിന്റെ മാര്‍ച്ച്.