മുത്തലാഖ് ബില്‍: തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും
ഡൽഹി: ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് നിരോധിച്ചു കൊണ്ടുള്ള മുത്തലാഖ് ബിൽ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെയാണ് രാജ്യസഭയിലും ബില്ല് അവതരിപ്പിക്കുക. ഇതു രണ്ടാം തവണയാണ് മുത്തലാഖ് ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വരുന്നത്. കഴിഞ്ഞ ദിവസം ഏറെ വാദപ്രതിവാദങ്ങൾക്കൊടുവിൽ വോട്ടെടുപ്പിലൂടെ മുത്തലാഖ് ബിൽ ലോക്സഭ പാസാക്കിയിരുന്നു.
പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭ, മുത്തലാഖ് ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്നാണു മുൻപും നിലപാടെുത്തത്. ഇത്തവണയും അതിൽ മാറ്റമുണ്ടാവാനിടയില്ല. മുത്തലാഖ് ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് കോൺഗ്രസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില്ലിന്മേലുള്ള സർക്കാരിന്റെ തന്ത്രമെന്താവും എന്നതു രാഷ്ട്രീയലോകത്ത് കൗതുകമുണർത്തുന്നുണ്ട്.
ലോക്സഭയിൽ ബില്ലിനെ 245 പേർ അനുകൂലിച്ചപ്പോൾ 11 അംഗങ്ങൾ എതിർത്തു. പ്രതിപക്ഷം അവതരിപ്പിച്ച ഒമ്പത് ഭേദഗതികൾ വോട്ടിനിട്ട് തള്ളിയിരുന്നു. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
മുത്തലാഖ് ബില്‍ 2017 ഡിസംബറില്‍ ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലം ഇല്ലാത്തതിനാല്‍ വഴിമുടങ്ങി. എന്നാൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ, ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനോ സര്‍ക്കാര്‍ തയ്യാറായില്ല. തുടർന്നാണ് നേരത്തെയുള്ള ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്രസർക്കാർ ഓർഡിനന്‍സ് ഇറക്കിയത്.
ബില്ലിലെ പുതിയ വ്യവസ്ഥകള്‍
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ഭാര്യയ്ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പൊലീസില്‍ പരാതി നല്കാന് കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്കാന് പ്രതി ബാധ്യസ്ഥനാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. എന്നാൽ തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും.