മുത്തലാഖ് ബിൽ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി, കോൺഗ്രസ് ബഹിഷ്കരിച്ചു
ഡൽഹി: ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് നിരോധിച്ചു കൊണ്ടുള്ള മുത്തലാഖ് ബിൽ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) ലോക്സഭയിൽ പാസായി. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. ബില്ലിനെ 245 പേർ അനുകൂലിച്ചപ്പോൾ 11 അംഗങ്ങൾ എതിർത്തു. പ്രതിപക്ഷം അവതരിപ്പിച്ച ഒമ്പത് ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന കോൺഗ്രസ്, എഐഎംഐഎം, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നീ കക്ഷികളുടെ ആവശ്യവും തള്ളി. മുത്തലാഖ് ബില്ലിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ച പ്രമേയവും തള്ളി. മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണ് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. മുത്തലാഖ് ബിൽ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലീം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോൺഗ്രസിനു വേണ്ടി സംസാരിച്ച എം.പി സുശ്മിതാ ദേവ് ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബിൽ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 22 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. രാഷ്ട്രീയത്തിന്റെ കണ്ണാടി ഇല്ലാതെ വേണം ഇതു നോക്കിക്കാണാനെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
മുത്തലാഖ് ബില്‍ 2017 ഡിസംബറില്‍ ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലം ഇല്ലാത്തതിനാല്‍ വഴിമുടങ്ങി. എന്നാൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ, ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനോ സര്‍ക്കാര്‍ തയ്യാറായില്ല. തുടർന്നാണ് നേരത്തെയുള്ള ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്രസർക്കാർ ഓർഡിനന്‍സ് ഇറക്കിയത്.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ഭാര്യയ്ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പൊലീസില്‍ പരാതി നല്കാന് കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്കാന് പ്രതി ബാധ്യസ്ഥനാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. എന്നാൽ തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.