ആക്ടിവിസ്റ്റുകളുടെ പ്രവർത്തന മികവു കാട്ടാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി സുരേന്ദ്രൻ
തിരുനന്തപുരം: ആക്ടിവിസ്റ്റുകൾ തങ്ങളുടെ പ്രകടന മികവു കാണിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആന്ധ്രയിൽ നിന്നും മറ്റും യഥാർഥ ഭക്തർ വരുന്നുണ്ട്. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം ആക്ടിവിസ്റ്റുകളല്ലെന്നും കടംകംപള്ളി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിനു പ്രത്യേക താൽപര്യമൊന്നുമില്ല. അങ്ങനെ എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ അത് നടപ്പാക്കാൻ കഴിയാത്ത സർക്കാരല്ല ഇത്. എന്നേ സർക്കാരിനു യുവതികളെ പ്രവേശിപ്പിക്കാമായിരുന്നു. അതിനു രണ്ടു മൂന്നു ചട്ടമ്പിമാർ അവിടെ നിൽക്കുന്നതൊന്നും വലിയ കാര്യമല്ല.
ഇക്കാര്യത്തിലെ നിലപാട് സർക്കാരും മുഖ്യമന്ത്രിയും ആദ്യമേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുമായും മറ്റു അധികൃതരുമായി നടത്തി ശബരിമല അവലോകന ചർച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾക്ക് ശബരിമലയിലേക്കു വരാൻ അവകാശമുണ്ട്. അതുകൊണ്ടു യുവതികൾ ശബരിമയിലേക്കു വരില്ലെന്നു പൂർണമായി പറയാനാകില്ല. അക്രമംകാണിക്കാൻ തുനിഞ്ഞ് നിൽക്കുന്നവർക്ക് സഹായം നൽകാത്ത യുക്തിപരമായ തീരുമാനം ജനങ്ങളെടെക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഈ മണ്ഡകകാലം ഭക്തരുടെ വരവിൽ കുറവുണ്ടായിട്ടുണ്ട്. തുലാമാസ പൂജയ്ക്കും ആട്ടവിശേഷ നാളിലും നടന്ന അക്രമങ്ങളെത്തുടർന്നാണിത്. ശബരിമലയിലിടുന്ന കാണിക്ക സിപിഎം ഓഫീസിലേക്കാണ് പോകുന്നതെന്നടക്കമുള്ള നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
തീർഥാടകർക്കായി വളരെ മെച്ചപ്പെട്ട സംവിധാവനങ്ങളാണ് ഇത്തവണ ഒരുക്കിക്കൊടുത്തത്. ആർക്കുംല ഒരു പരാതിയും ഉണ്ടായിരുന്നില്ല. പ്രളയമുണ്ടായതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളിൽ പരാതികൾ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിച്ചു. വളരെപ്പെട്ടെന്ന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. ഇത്തവണ നിലയ്ക്കലിൽ ബേസ് ക്യാംപ് ഒരുക്കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.