കെഎസ്ആര്‍ടിസിയില്‍ അവിശ്വാസം രേഖപ്പെടുത്തി ഹൈക്കോടതി; ടിക്കറ്റ് കൊടുത്ത് പണം വാങ്ങാന്‍ വലിയ പരിശീലനം വേണ്ട; രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയമിക്കണം
കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനത്തിനായി പി.എസ്.സി അഡ്വവൈസ് മെമ്മോ നല്‍കിയവര്‍ക്ക് രണ്ടുദിവസത്തിനകം നിയമനം നല്‍കണമെന്ന് ഹൈക്കോടതിയുെട ഉത്തരവ്. ഇന്നുതന്നെ നിയമന ഉത്തരവ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് പരിശീലനം വേണ്ട, ജോലി തന്നെ പഠിച്ചോളും. 3991 പേര്‍ക്ക് നിയമന ഉത്തരവ് നല്കാന് കെ.എസ്.ആര്.ടി.സിക്ക് നിര്‍ദേശം. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി വാദത്തിനിടെ അഭിപ്രയപ്പെട്ടു.
നിയമന ഉത്തരവ് കിട്ടുന്നവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കാണിച്ച് കെ.എസ്.ആര്.ടി സി എം.ഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ് മൂലം നല്‍കിയിരുന്നു. കക്ഷി ചേരുന്നതിന് ജീവനക്കാര്‍ നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കും.
എം.പാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഇന്ന് സംസ്ഥാനത്ത് 959 സര്‍വീസുകള്‍ വെട്ടിക്കുറച്ചു. തിരുവനന്തപുരം സോണില്‍ 367, എറണാകുളം സോണില്‍ 403, കോഴിക്കോട്– 189 സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറെ സര്‍വീസുകള്‍ മുടങ്ങിയത്.
മലബാറില്‍ കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസുകളാണ് മുടങ്ങിയതില്‍ ഏറെയും. അവധിയിലുളള കണ്ടക്ടര്‍മാരെ തിരിച്ചുവിളിച്ചും ലൈസന്‍സുളള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്മാരാക്കിയും പ്രതിസന്ധി നേരിടാന്‍ ശ്രമം നടത്തുന്നതായി എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു.