ഇത് സുജാത കുര്യക്കോസ് . മൂന്നു പതിറ്റാണ്ടു മുൻപ്
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി തടിയംപാട്ടെ ഗ്രാമത്തില്‍ ഓടിക്കളിച്ചു നടന്നിരുന്ന ഒരു പാവാടക്കാരി. വിധി അവളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്തത് ഒരു ബസ് അപകടത്തിന്റെ രൂപത്തില്‍ വന്ന്. അവള് പക്ഷേ, പരാജയപ്പെട്ട് ജീവിതത്തില്‍ നിന്ന് തിരിഞ്ഞ് ഓടിയില്ല . എല്ലാം ദൈവത്തിന്റെ പദ്ധതി എന്ന് സമാധാനിച്ച് വീല്‍ചെയറില്‍ മുപ്പതു വർഷം തള്ളിനീക്കി ആ പെണ്‍കുട്ടി.
പഴയ തലമുറയിലെ ആളുകള്‍ക്ക് ഓര്‍മ്മയുണ്ടാകും ആ ബസപകടം . ഇല്ലെങ്കില്‍ മുപ്പതുവര്‍ഷം പിന്നിലേക്ക് ഓര്‍മ്മകളെ ഒന്ന് കൊണ്ടുപോകൂ. മുരിക്കാശേരി പാവനാത്മ കോളജിലെ കുട്ടികള്‍ കയറിയ വി പി എം എസ് എന്ന സ്വകാര്യ ബസ് ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടില്‍, റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊക്കയിലേക്ക് മറിഞ്ഞത് 1988 ഡിസംബര്‍ ഏഴിനാണ്. ഒന്‍പതു പേര് ആ അപകടത്തില്‍ മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ, പാവനാത്മകോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി സുജാതയെ വൈകാതെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു നാട്ടുകാര്‍. പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു . 'സ്പൈനല്‍കോഡ് തകര്‍ന്നുപോയി. ഈ കുട്ടിക്ക് ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാനാവില്ല . "
മോഹങ്ങള്‍ക്ക് ചിറകു മുളച്ചു വരുന്ന കാലത്തു അങ്ങനെയൊരു വാചകം കേട്ടാല്‍ എന്തായിരിക്കും ഒരു കൗമാരക്കാരിയുടെ മാനസികാവസ്ഥ എന്നാലോചിച്ചു നോക്കൂ? എല്ലാം ഭേദമായി, ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും കൂട്ടുകാരികളോടൊപ്പം ചിരിച്ചു കളിച്ചു കോളജില്‍ പോകാമെന്ന് സ്വപ്നം കണ്ടിരുന്ന ആ പാവടക്കാരിയുടെ തലയിലേക്ക് ഇടിത്തീ വീണതുപോലെയായിരുന്നു ആ വാക്കുകള്‍. അത് കേട്ട് അവള് ചങ്കു പൊട്ടി കരഞ്ഞു. ആ കരച്ചിലില്‍ അമ്മയും അപ്പനും പങ്കുചേര്‍ന്നു. കണ്ടുനിന്നവരുടെ പോലും കണ്ണുകള്‍ നിറഞ്ഞൊഴുകി.
അപകടത്തില്‍ സുജാതയുടെ കാലിന് മാത്രമേ പറയത്തക്ക മുറിവുണ്ടായിരുന്നുള്ളൂ. എന്നാല്‍, എക്സ്റേ പരിശോധനയില്‍ നട്ടെല്ല് തകര്‍ന്നതായി കണ്ടെത്തി. അപ്പോഴും എഴുന്നേറ്റുനടക്കാനാവുമെന്നു പ്രതീക്ഷയുണ്ടായിരുന്നു അവള്‍ക്ക്. മുപ്പത്തിയാറാം ദിവസമായിരുന്നു ഇടിത്തീപോലെ ഡോക്ടറുടെ വാക്കുകള്‍ അവളുടെ കാതില്‍ പതിച്ചത്.
"അരക്കുകീഴേ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു . മരണം വരെ ഇനി വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വരും."
ഒരു കുടുംബം മുഴുവന്‍ പകച്ചു നിന്നുപോയ നിമിഷം! കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ മുകളിലേക്കു നോക്കി കൈകൂപ്പി പ്രാര്‍ത്ഥിച്ചു; മകളെ കാത്തുകൊള്ളണമേ ഈശോയെ എന്ന്. രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നു കിടന്ന് സുജാത ചാച്ചനും അമ്മച്ചിയും കേള്‍ക്കാതെ ഏങ്ങി ഏങ്ങി കരഞ്ഞു.
സുജാതയെ കൂടാതെ നാല് മക്കള്‍ കൂടി ഉണ്ടായിരുന്നു പെരുമ്പാട്ട് കുടുംബത്തില്‍. ആകെയുള്ളത് ഒരു ചെറിയ വീട് . ഒരു ദിവസം പണിമുടങ്ങിയാല് കുടുംബം പട്ടിണി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദുഃഖം അറിയിക്കാതെയായിരുന്നു മക്കളെ അവര്‍ വളര്‍ത്തിയിരുന്നത്. കാണാന്‍ മിടുക്കിയും പഠിക്കാന്‍ സമര്‍ത്ഥയുമായിരുന്നു സുജാത. കഷ്ടപ്പെട്ടാണെങ്കിലും മകളെ പഠിപ്പിച്ചു ഒരു ജോലി വാങ്ങികൊടുക്കണമെന്നും നല്ല കുടുംബത്തില്‍ വിവാഹം കഴിച്ചയക്കണമെന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചു. വിധി പക്ഷേ, ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തല്ലിത്തകര്‍ത്തു .
സുജാതയുടെ ചികിത്സക്കും മറ്റും ഒരുപാട് പണം ചിലവഴിക്കേണ്ടി വന്നു. താമസിയാതെ ദാരിദ്ര്യം ആ വീട്ടിലേക്കു വിരുന്നു വന്നു. അമ്മ അച്ചാമ്മ പക്ഷേ , കൈത്താങ്ങായി എപ്പോഴും അവളുടെ ഒപ്പമുണ്ടായിരുന്നു. തന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും താനത് അറിയാതെപോയത് അമ്മച്ചിയുടെ കാലുകള്‍ താങ്ങായി നിന്നതുകൊണ്ടാണെന്ന് സുജാത എല്ലാവരോടും പറയും . മനസ് മരവിച്ചപ്പോഴും അവള്‍ക്കു പിടിച്ചുനില്‍ക്കാനായത് അമ്മയുടെ ആത്മബലം കൊണ്ടായിരുന്നു .
പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ മുപ്പതുവര്‍ഷം അവള് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കി .ഇപ്പോള്‍ അവള്‍ക്ക് വയസ് 45 . ചെറുതോണി കരിമ്പന്‍ റൂട്ടില്‍ തടിയമ്പാടാണ് സുജാതയുടെ വീട്.
അന്നത്തെ ആ സംഭവം സുജാത ഇപ്പോഴും നന്നായി ഓര്‍ക്കുന്നു.
"കോളജുവിട്ട് വൈകുന്നേരം പ്രൈവറ്റ് ബസിനായിരുന്നു എന്നും വീട്ടിലേക്കുള്ള എന്റെ യാത്ര. 15 മിനിറ്റുശേഷം ഒരു കെ.എസ്.ആര്.ടി.സി ബസുകൂടി ഉണ്ടായിരുന്നെങ്കിലും അതിന് കണ്സഷന് ഇല്ലാത്തതിനാല്‍ പ്രൈവറ്റ് ബസിലായിരുന്നു ഞങ്ങള്‍ കുട്ടികള്‍ കയറിയിരുന്നത്. വൈകുന്നേരം പതിവുപോലെ ബസ്റ്റോപ്പില്‍ എത്തിയപ്പോഴാണ് കുട എടുക്കാന്‍ മറന്ന കാര്യം കൂട്ടുകാരി ഓര്‍ത്തത്. നമുക്ക് അടുത്ത ബസിനുപോകാം, നിന്റെ ടിക്കറ്റുകൂടി ഞാന്‍ എടുത്തു കൊള്ളാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് അവൾ എന്നെ കോളേജിലേക്ക് കൂട്ടിക്കൊണ്ടുപോയി . കുടയെടുത്ത് തിരിച്ചുവരുമ്പോള്‍ ആ ബസ് അവിടെ തന്നെ കിടപ്പുണ്ടായിരുന്നു. തിരക്കായതിനാല്‍ അടുത്തബസില്‍ പോകാമെന്നു കൂട്ടുകാരി പറഞ്ഞതാണ് . അവളുടെ കാശ് കളയേണ്ടല്ലോന്ന് കരുതി ആ ബസില്‍ തന്നെ പോകാമെന്നു പറഞ്ഞു ഞാന്‍ നിര്‍ബന്ധിച്ചു അവളെയും പിടിച്ചു കയറ്റി . ആ യാത്രയിലായിരുന്നു വിധി എന്നോട് ക്രൂരത കാട്ടിയത്. "
കൂടെക്കയറിയ കൂട്ടുകാരിക്ക് അപകടമൊന്നും പറ്റിയില്ലെന്നു പറയുമ്പോള്‍ സുജാതയുടെ മുഖത്ത് ഇപ്പോഴും ആശ്വാസ നിശ്വാസം . അവളെങ്കിലും രക്ഷപെട്ടല്ലോ എന്ന സമാധാനം ! അതാണ് ഒരു കൂട്ടുകാരിയുടെ നല്ല മനസ് .
'മെഡിക്കല്‍ കോളജില്‍നിന്നും ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞപ്പോള്‍ സഹായത്തിനായി ദൈവം ഒരാളെ എന്റെ അടുത്ത് എത്തിച്ചു . മുരിക്കാശേരി പാവനാത്മ കോളജിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ ജോസഫ് പഞ്ഞിക്കാരന്‍. അദ്ദേഹം എന്നെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ അഡ്മിറ്റാക്കി . അവിടെ ദീര്‍ഘകാലത്തെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജാകുമ്പോള്‍ ഇരിക്കാനും വീല്‍ച്ചെയറില്‍ സഞ്ചരിക്കാനും കഴിയുമെന്ന അവസ്ഥയിലെത്തി .
ഈ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. എന്നെക്കാളേറെ വേദനിച്ചത് എന്റെ ചാച്ചനും അമ്മച്ചിയുമായിരുന്നു. അവരുടെ കണ്ണ് നിറയുന്നതായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത് " സുജാത പറഞ്ഞു
ആശുപത്രിയില്‍ പോകാന്‍പോലും പണമില്ലാതെ ആ കുടുംബം നട്ടം തിരിഞ്ഞു . മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ഉറക്കെ വിലപിച്ച നിമിഷങ്ങളില്‍ കര്‍ത്താവ് നോക്കിക്കൊള്ളും മോളേ എന്ന് പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ട് അമ്മ എപ്പോഴും അടുത്തുണ്ടായിരുന്നു എന്ന് സുജാത പറഞ്ഞു.
എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീഴ്ചയില്‍ സുജാതയുടെ ചാച്ചന്റെ ശരീരം തളര്‍ന്നു . അതോടെ സുജാതയെ ഒരിക്കല്‍ക്കൂടി സങ്കടം കീഴ്പ്പെടുത്തി . ഒരു വര്‍ഷം തളര്‍ന്നു കിടന്നശേഷം നിത്യനിദ്രയില്‍ ലയിച്ചു അവളുടെ ചാച്ചന് . ദൈവം എന്തിനു തന്നെ ഇങ്ങനെ പരീക്ഷിക്കുന്നു എന്നവള്‍ പലപ്പോഴും വിസ്മയിച്ചു . പ്രതിസന്ധിയിയിലും പക്ഷേ , ദൈവത്തെ പഴിക്കാന്‍ അവള് മുതിര്‍ന്നില്ല. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ വായിച്ച് അവള് എല്ലാചോദ്യങ്ങള്ക്കും ഉത്തരം കണ്ടെത്തി. "മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല...'എന്ന സങ്കീര്‍ത്തനമാണ് തളര്‍ന്നു വീഴാന്‍ തുടങ്ങിയ തന്നെ പിടിച്ചു നിറുത്തിയതെന്നു സുജാത പറഞ്ഞു.
പറ്റുന്ന സ്ഥലങ്ങളിലൊക്കെ പോയി അവള് ധ്യാനത്തില്‍ പങ്കെടുത്തു . ധ്യാനത്തിലൂടെ ഹൃദയത്തിലെ ഇരുള് അകലുന്നതും പ്രത്യാശയുടെ കിരണങ്ങള്‍ അവിടേക്കു കയറിവരുന്നതും അവള് തിരിച്ചറിഞ്ഞു. ശുഭാപ്തിയോടെ ജീവിതത്തെ നോക്കിക്കാണാന്‍ ധ്യാനപ്രസംഗങ്ങള്‍ ഒരുപാട് സഹായകമായി എന്ന് സുജാത പറഞ്ഞു .
ബൈബിള്‍ വായനയില്‍ അവള് കൂടുതല്‍ സജീവമായി. ഒപ്പം കഥകളും കവിതകളും ആത്മീയ ലേഖനങ്ങളും എഴുതാന്‍ തുടങ്ങി.
ഒഴിവുസമയങ്ങളില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പ്രതിസന്ധികളെ അതിജീവിച്ചു വിജയം വരിച്ച ഒരുപാട് ആളുകളുടെ ജീവിതാനുഭവങ്ങള്‍ അവള്‍ക്കു പ്രചോദനമായി . അതോടെ മനസില്‍ നിന്ന് ദുഃഖം പൂര്‍ണ്ണമായും കുടിയിറങ്ങി . എല്ലാം ദൈവത്തിന്റെ പദ്ധതി എന്ന് പറഞ്ഞു സുജാത ഇപ്പോള്‍ പുഞ്ചിരിക്കുന്നു, ആശ്വസിക്കുന്നു.
1973 ഏപ്രില്‍ 24-ന് ജനിച്ച സുജാതക്ക് ഇപ്പോള്‍ വയസ് 45 . കഴിഞ്ഞ 30 വര്‍ഷമായി സുജാതയുടെ ജീവിതം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രമാണ് . പ്രാഥമിക ആവശ്യങ്ങള്‍പോലും തന്നത്താന്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ . മൂത്ത സഹോദരിയുടെകൂടെയാണ് ഇപ്പോള്‍ താമസം. സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാടുണ്ട് . എന്നിട്ടും പരിഭവങ്ങളില്ല, പരാതികളില്ല . മനസില്‍ നിരാശയുടെ കണികപോലും ഇപ്പോള്‍ ഇല്ല. താങ്ങും തണലുമായി അമ്മ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ അവള് ഓരോ ദിവസവും തള്ളി നീക്കുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് സുജാത കുര്യാക്കോസ് . ഫേസ്ബുക്കില്‍ ഒരുപാട് ഫ്രണ്ട്സ് ഉണ്ട് അവള്‍ക്ക് .
ജീവിതത്തില്‍ വിപത്തുകള്‍ വരുമ്പോള്‍ ദൈവത്തെ പഴിക്കുന്നവര്ക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പറ്റിയ ഉദാഹരണമാണ് സുജാത. പ്രതിസന്ധിയിലും കര്‍ത്താവിലുള്ള വിശ്വാസം അവള് കൈവിട്ടില്ലെന്നു മാത്രമല്ല , അതു വര്‍ദ്ധിക്കുക യാണ് ചെയ്തത്.
ഡിസംബര്‍ ഏഴിന്, സുജാതയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ മുപ്പതാം പിറന്നാളാണ്. അപകടത്തിലൂടെ പുനർജജന്മം കിട്ടിയതിന്റെ മുപ്പതാം വർഷം . എല്ലാവര്‍ഷവും ആ ദിവസം അവളുടെ ഫ്രണ്ട്സ് മധുരപലഹാരങ്ങളുമായി എത്തും. സ്നേഹം പങ്കുവച്ചും വിശേഷങ്ങള്‍ പറഞ്ഞും ഒരുപാട് നേരം അവര്‍ വീട്ടില്‍ ചിലവഴിക്കും. ഈ ഡിസംബറിലും സുഹൃത്തുക്കളുടെ വരവിനായി അവള് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പണ്ട് തന്നോടൊപ്പം പഠിച്ചവരെയും അവരുടെ മക്കളെയും കാണുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയും . അത് പക്ഷേ, സങ്കടത്തിന്റെ കണ്ണുനീരല്ല . സന്തോഷത്തിന്റെ മിഴിനീരാണ്.
- ഇഗ്നേഷ്യസ് കലയന്താനി
(2018 ഡിസംബർ അഞ്ചിലെ ദീപനാളത്തിൽ പ്രസിദ്ധീകരിച്ചത് )