സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞു; പൊതുനിരത്തില്‍ പൊലീസുകാര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം
തിരുവനന്തപുരം: പൊതുനിരത്തില്‍ പൊലീസുകാരെ എസ്്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എസ്എപി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാളയം യുദ്ധസ്മാരകത്തിന് സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. വഴിയാത്രക്കാര്‍ നോക്കിനില്ക്കവേയാണ് യൂണിഫോമിലായിരുന്ന പൊലീസുകാരെ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. കൂടുതല്‍ പൊലീസ് എത്താനും വൈകി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ട്രാഫിക് നിയമം ലംഘിച്ച് ‘യു’ടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരന് അമല്‍കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂണിഫോമില്‍ പിടിച്ച് തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന് ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്സിറ്റി കോളെജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പാഞ്ഞെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടു പൊലീസുകാരെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികളുടെ അക്രമണത്തില്‍ നിന്നും ഓടിമാറിയ ട്രാഫിക് പൊലീസുകാരന് അമല്‍കൃഷ്ണയാണ് കണ്ട്രോള് റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ഇരു പൊലീസുകാരെയും വിദ്യാര്‍ത്ഥികള്‍ തല്ലി അവശരാക്കിയിരുന്നു. ഇരുവരും എഴുന്നേല്ക്കാന് പോലും കഴിയാതെ റോഡില്‍ കിടക്കുകയായിരുന്നു.
വൈകിയെങ്കിലും സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമികളെ പിടികൂടി. ഇവരെ ജീപ്പില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐ നേതാക്കള്‍ സ്ഥലത്തെത്തി. പൊലീസുകാരെ വിരട്ടി കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ടു. ഇവരെ ഞങ്ങള്‍ വീട്ടില്കൊണ്ടുപോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കോളെജ് യൂണിയന് നേതാവ് പോലീസ് ജീപ്പ് തടഞ്ഞത്. കൂടുതല്‍ വിദ്യാര്‍ത്ഥികളും നേതാക്കളും സംഘടിച്ചതോടെ പൊലീസുകാര്‍ പിന്മാറി. അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ദേഹമാസകലം പരിക്കുണ്ട്.
പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ എസ്എഫ്ഐ പ്രവര്‍ത്തകരില്ലെന്നും ഷിജിത്ത് അവകാശപ്പെട്ടു.
അതേസമയം പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ സ്ഥലത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്.ആദിത്യ പറഞ്ഞു. ആക്രമികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തയാറായിട്ടില്ല.