മോദിയുടെ ജനപിന്തുണയ്ക്ക് ഇളക്കം തട്ടിയെന്ന് അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലങ്ങള്‍
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന സൂചന ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയുടെ ജനപിന്തുണയ്ക്ക് ഇളക്കം തട്ടിയെന്നാണ്. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ ആശങ്കയിലാണ് ബിജെപി.
ബിജെപിക്കേറ്റ തിരിച്ചടിക്കൊപ്പം കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവും കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ചത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോണ്‍ഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മധ്യപ്രദേശില്‍ ചിലപ്പോള്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടി വന്നേക്കാം. എന്തായാലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വെല്ലുവിളിയൊന്നും ഇല്ലെന്ന് തന്നെ പറയാം.
മോദിപ്രഭാവത്തെ ഒന്നുമല്ലാതാക്കിത്തീര്‍ക്കാന്‍ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു. പ്രചാരണഘട്ടത്തിലും എക്സിറ്റ് പോളുകളിലുമെല്ലാം രാഷ്ട്രീയവിചക്ഷണര്‍ ആവര്‍ത്തിച്ച് പറഞ്ഞ ആ അട്ടിമറി സംഭവിച്ചിരിക്കുന്നു. മോദിയും ബിജെപിയും പിന്നോട്ടും രാഹുലും കോണ്‍ഗ്രസും മുന്നോട്ടും എത്തിയിരിക്കുന്നു.
മോദിയുടെ പേരില്‍ വന്‍ വിജയം നേടാമെന്ന അമിത ആത്മവിശ്വാസം ബിജെപിക്ക് നല്‍കിയത് വലിയ തിരിച്ചടിയാണ്. തങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ പലപ്പോഴും തള്ളിക്കളയുന്ന നിലപാടായിരുന്നു ബിജെപി സ്വീകരിച്ചിരുന്നത്. എന്നാല്‍ അതൊന്നും വെറുംവാക്കായിരുന്നില്ലെന്ന് തെളിയിക്കുന്നു ഈ ഫലങ്ങള്‍. ശക്തമായ തിരിച്ചുവരവിനായി കോണ്‍ഗ്രസ് ആദ്യം കളി തുടങ്ങിയത് ഗുജറാത്തില്‍ നിന്നായിരുന്നു. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വമായിരുന്നു ആദ്യ പോരാട്ടം. അന്ന് കൃത്യം വോട്ടുകള്‍ നേടി പട്ടേലിനെ രാജ്യസഭയിലെത്തിക്കാനായത് രാഹുലിന്റെ കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞ അടവ് നയത്തിലൂടെയായിരുന്നു. ബിജെപിയുടെ റിസോര്‍ട്ട് രാഷ്ട്രീയത്തെപ്പോലും അതിവിദഗ്ധമായി മറികടന്നാണ് അന്ന് കോണ്‍ഗ്രസ് വിജയം തേടിയത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു അടുത്ത തട്ടകം. മൃദുഹിന്ദുത്വ സമീപനമെന്ന തേരില്‍ കയറി രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനങ്ങളെ വരെ ബിജെപി ഭയക്കുന്ന അവസ്ഥ വന്നു. ആരോപണപ്രത്യാരോപണങ്ങളുടെ ശരമുനയേറ്റ് ഗുജറാത്ത് തളര്‍ന്നു. അവസാനനിമിഷം വരെ ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞു. ഭരണം നേടാനായില്ലെങ്കിലും രാഹുല്‍ ഗാന്ധി അതിശക്തനായി മാറിക്കൊണ്ടിരിക്കുകയാണെന്ന തോന്നല്‍ ശത്രുക്യാമ്പില്‍ സജീവമാക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനായി.
പിന്നെ കളി കണ്ടത് കര്‍ണാടകത്തിലാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ജെഡിഎസുമായി സഖ്യം ചേര്‍ന്ന് ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനായി. കര്‍ണാടകയില്‍ ജെഡിഎസ്കോണ്ഗ്രസ് ഭരണം എന്നതിനൊപ്പം വിശാലപ്രതിപക്ഷസഖ്യം എന്ന മോദിവിരുദ്ധ മുന്നണിക്ക് ആക്കം പകരാനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൊണ്ട് കഴിഞ്ഞു.
അതിനിടെ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയും കാണാനായി. മറ്റൊന്ന് പല കക്ഷികളെയും ഒന്നിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്ന രാഹുല്‍ മാജിക് ആയിരുന്നു. ആശയഭിന്നതയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും 2019 തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരി ശക്തമായിരിക്കുമെന്ന സൂചന തന്നെയാണ് രാഹുല്‍ അതിലൂടെ തെളിയിച്ചത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടിയായ തെലുങ്കദേശം പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ഈ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തത് തന്നെ ഉദാഹരണം.