വിമാനത്താവള ഉദ്ഘാടനശേഷം മന്ത്രികുടുംബവും എൽഡിഎഫ് നേതാക്കളും തിരുവനന്തപുരത്തേക്ക് പറന്നത് സർക്കാർ ചെലവിൽ
തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ യാത്ര നടത്താൻ മുഖ്യമന്ത്രിയ്ക്കും എൽഡിഎഫ് നേതാക്കൾക്കും കുടുംബത്തിനും വേണ്ടി ടിക്കറ്റിനായി സർക്കാർ ചെലവഴിച്ചത് രണ്ട്ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ. സർക്കാർ ഏജൻസി ഒഡാപെക് മുഖേനയാണ് സിപിഎം സംസ്ഥാനസെക്രട്ടറി അടക്കമുള്ളവർക്ക് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് എടുത്തത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മൂന്നു മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും എൽഡിഎഫ് നേതാക്കളും കുടുംബാംഗങ്ങളും തിരുവനന്തപുരത്തേക്ക് പോയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമേ മന്ത്രിമാരായ ഇ.പി.ജയരാജൻ, ഭാര്യ പി.കെ. ഇന്ദിര, എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ, ഭർത്താവ് കെ.ഭാസ്കരൻ മാസ്റ്റർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, മുഖ്യമന്ത്രിയുടെ പേഴ്സനൽ സെക്രട്ടറി എം.വി.ജയരാജൻ, കെ.കെ.ശൈലജയുടെ പേഴ്സനൽ അസിസ്റ്റന്റ് സെക്രട്ടറിപി.സന്തോഷ്, പി.കെ.ശ്രീമത് എംപി, മകൻ പി.കെ.സുധീർ, എ.എൻ.ഷംസീർ എംഎൽഎ, സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പ്രകാശൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ജനതാദൾ നേതാവ് പി.പി.ദിവാകരൻ ഉൾപ്പടെയുള്ളവരാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാന സർവീസിൽ യാത്ര ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്തത്. പലരും വിമാനയാത്ര നടത്താൻ വേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് പോയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് ഗോ എയർ തിരുവനന്തപുരത്തേക്ക് ഇന്നലെ പ്രത്യേക സർവീസ് നടത്തിയത്. വിമാനജീവനക്കാരടക്കം 190 പേർ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തെത്തി.