പെണ്‍കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആണ്‍കുട്ടിയെ അനുവദിക്കരുത്: കേരള പൊലീസ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചൂഷണം മൂലം ജീവിതം നഷ്ടമാക്കുന്ന യുവതീയുവാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്യുന്ന കാമുകന്മാരുടെ എണ്ണം കൂടിയതോടെയാണ് പോലീസിന്റെ നടപടി.
ഇത്തരം സംഭവങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വിനോദ് പിള്ള, ആര്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി.
പൊലീസ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍:
1. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത്.
2. പെണ്‍കുട്ടികള്‍ കൂട്ടുകാരായ പെണ്‍കുട്ടികളുടെ പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പരുകള്‍ അവരുടേതുതന്നെയെന്ന് ഉറപ്പ് വരുത്തുക.
3. അലാറം വെക്കാന്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
4. രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങിയവ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കൂട്ടുകാരുടെ പട്ടിക പരിശോധിക്കുക. മെസന്ജറിലെ ചാറ്റുകള്‍ പരിശോധിക്കുക.
5. കുട്ടികള്‍ അറിയാതെ അവരുടെ ബാഗുകള്‍, അലമാരകള്‍ എന്നിവ പരിശോധിക്കുക.
6. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഉപയോഗിക്കാതിരിക്കുക. പെണ്‍കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആണ്‍കുട്ടിയെ അനുവദിക്കരുത്.
7. രാത്രികാലങ്ങളില്‍ വീടിനു പുറത്തേക്കുള്ള വാതിലുകള്‍ പൂട്ടി താക്കോലുകള്‍ രക്ഷിതാക്കള്‍ സൂക്ഷിക്കുക.
8. അസൈന്മെന്റുകള്, നോട്ടുകള്‍ എന്നിവ വാട്സ്അപ്പ് വഴി കൂട്ടുകാര്‍ അയച്ചുനല്‍കുന്നതും കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുന്നതും നിരുത്സാഹപ്പെടുത്തുക.
9. കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍നിന്ന് വ്യത്യസ്തമായി കണ്ടാല്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.
10. കുട്ടികളുടെ മുന്പില് വെച്ച് രക്ഷിതാക്കള്‍ വഴക്കിടാതിരിക്കുക.
11. തങ്ങളുടെ നഗ്നഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശ്യം നന്നല്ല എന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
12. നല്ല സ്പര്‍ശത്തിന്റെയും മോശം സ്പര്‍ശത്തിന്റെയും അര്‍ത്ഥം പെണ്‍കുട്ടികളെ മനസ്സിലാക്കുക.
13. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീപുരുഷ ലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി നല്‍കുക.
ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ 0481-2564103, 9497990050, 9497990045, 9447267739, 9497931888 എന്നീ നമ്പരുകളിലേക്ക് നൽകാം.