വീട്ടിലേക്ക് പൊലീസ് ചമഞ്ഞ് കോളുകൾ ; നഗ്നചിത്രങ്ങൾ കൈക്കലാക്കി വ്യാപക തട്ടിപ്പ്
തൃശൂർ : പൊലീസ് ചമഞ്ഞ് വ്യാജ ടെലിഫോൺ കോളുകൾ മലയാളിയുടെ വീടുകളിലേക്കെത്തുന്നു. കാക്കിയുടെ മറവിൽ ഭയപ്പെടുത്തി നഗ്നതചിത്രങ്ങൾ കൈക്കലാക്കുന്ന വിരുതനെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ സിറ്റി പൊലീസാണ് തട്ടിപ്പുവീരനായി അന്വേഷണം ഊർജിതമാക്കിയത്. തൃശൂർ ജില്ലയിലെ വീടുകളിൽ വ്യാപകമായെത്തിയ ഇത്തരം ഫോൺ കോളുകൾ മറ്റു ജില്ലകളിലേക്ക് എത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ തട്ടിപ്പിന്റെ ഇരകളായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുകയാണ്.
പൊലീസ്, സൈബർസെൽ തുടങ്ങി വിവിധ ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞു സ്വയം പരിചയപ്പെടുത്തി പെൺകുട്ടികളുള്ള വീടുകളിലേയ്ക്കാണ് കോളുകളെത്തുന്നത്. കോളുകളുടെ ഉറവിടം വിദേശ രാജ്യങ്ങളിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെയാളുകൾ ഇത്തരം ചതിയിൽപെട്ടതിനെ തുടർന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊലീസ് ജാഗ്രതാ മുന്നറിയിപ്പിറക്കി.
തട്ടിപ്പിന്റെ വഴികൾ
പൊലീസ് ഉദ്യോഗസ്ഥനെന്നു നടിച്ച് ഔദ്യോഗിക പരിവേഷത്തോടെയായിരിക്കും ഫോൺ വരിക. നിങ്ങളുടെ മകളുടെ/സഹോദരിയുടെ നഗ്നതചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടെന്നും അന്വേഷണത്തിനായി സംസാരിക്കുന്നതിനു മകൾക്കു ഫോൺ നൽകാനായിയിരിക്കും പറയുക. തുടർന്നു വൈറലായ നഗ്നതാചിത്രങ്ങളുടെ സാമ്യത പരിശോധിയ്ക്കാനായി സ്വന്തം വാട്സ്അപ്പ് പ്രൊഫൈലിൽ ഒരു സെക്കന്റ് നേരത്തേക്കു നല്ല ചിത്രം ഇടാനും തുടർന്ന് നഗ്നത പ്രദർശിപ്പിച്ചു ഫോട്ടൊ ഇടാനും ആവശ്യപ്പെടും.
യാതൊരു സംശയത്തിനുമിടയാക്കാതെ ബന്ധുക്കളോ, സുഹൃത്തുക്കളുമായോ ചേർന്നും ഇത്തരം നഗ്നത ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെടും.നഗ്നതാ ചിത്രങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് ശേഖരിച്ചത് ഉപയോഗിച്ച് പലവഴികളിലൂടെ തുടർന്ന് ശല്യംചെയ്യൽ തുടങ്ങും. മനഃശാസ്ത്രപരമായും, മാനസികമായും വിദഗ്ധനായ ഞരമ്പ് വിരുതൻ ഗംഭീര ശബ്ദത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ നല്ല മലയാളത്തിലാണ് സംസാരിക്കുക.
ശ്രദ്ധിക്കേണ്ടവ
ഇത്തരം കോളുകൾ നിങ്ങളുടെ വീട്ടിലേക്കെത്തിയാൽ ഒരു കാരണവശാലും വിവരങ്ങളും, ഫോട്ടൊകളും കൈമാറരുതെന്ന് പൊലീസ്. പൊലീസ് ഒരിക്കലും ഫോണിലൂടെയോ, സോഷ്യൽമീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും, രേഖകളും ആവശ്യപ്പെടാറില്ല. ഇത്തരം ഫോൺ വിളികൾ ലഭിച്ചവരും, ചതിയിൽപെട്ടവരും മടികൂടാതെ പരാതി നൽകുക. ശല്യപ്പെടുത്തലോ, ഭയപ്പെടുത്തലോ, പണാപഹരണമോ, മാനസികമായി പെൺകുട്ടികളെ തകർക്കുന്ന ചെയ്തികൾ തടയാനോ നിങ്ങളുടെ പരാതി സഹായിക്കും. ചതിയിലകപ്പെട്ട പെൺകുട്ടികളെയും സുഹൃത്തുക്കളെയും മനശാസ്ത്ര കൗൺസിലിങിന് ഉടൻ വിധേയമാക്കേണ്ടതാണ്. വിദേശത്തു നിന്നു വ്യത്യസ്ത ഫോൺനമ്പറുകളിൽ നിന്നുമാണു ഫോൺവിളികൾ വന്നിട്ടുള്ളത്.
കരുതലുകൾ
വിളിച്ച ഫോൺനമ്പറുകൾ സൂക്ഷിയ്ക്കുക, സംസാരം റിക്കോർഡ് ചെയ്ത് വയ്ക്കുക. ഫോൺ ചതിയിലൂടെ ലഭിച്ച ഐഡി പ്രൂഫ്, ഫോട്ടോ എന്നിവ ഉപയോഗിച്ച് സിം കാർഡ് കരസ്ഥമാക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പലരേയും വിളിച്ച് കെണിയിൽപെടുത്തുന്നത്. സൈബർസെല്ലും, പൊലീസും ഈ വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തൃശൂർ സിറ്റി പോലീസ് അവരുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിൽ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.