വാടകഗര്‍ഭധാരണത്തിന് നിയന്ത്രണം; വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചു
ന്യൂഡല്‍ഹി: വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്കുന്നതു കേന്ദ്രസർക്കാർ നിരോധിച്ചു. വാടകയ്ക്കു ഗര്‍ഭം ധരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ലിലാണു പുതിയ നിർദേശം. ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വാടകയ്ക്കുള്ള ഗര്ഭാധാരണത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
വാടക ഗർഭപാത്ര നിയന്ത്രണത്തിനു ദേശീയ സംസ്ഥാനതലങ്ങളില്‍ അതോറിറ്റികള്‍ വരും. വിദേശികളായ ദമ്പതികള്‍ക്കു വേണ്ടി വാടകയ്ക്കു ഗര്‍ഭം ധരിക്കാന്‍ ഇനി അനുമതി നൽകില്ല. ജനിക്കുന്ന കുട്ടികളുടെ പൗരത്വ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണിത്. അവിവാഹിതര്‍ക്കു വാടകയ്ക്കുള്ള ഗര്‍ഭധാരണം തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഗര്‍ഭം ധരിച്ചവര്‍ക്കു കുഞ്ഞിന്റെ പരിപാലനത്തിനും അവകാശം നല്കുന്നു. വിവാഹിതര്‍ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാവൂ. അതും അടുത്ത ബന്ധുക്കള്‍ക്കുമാത്രം. അടുത്ത ബന്ധുക്കൾ ആരൊക്കെയെന്ന് ബില്ലിൽ കൃത്യമായി വിവക്ഷിക്കുന്നില്ല.
കുട്ടികളില്ലാത്ത ദമ്പതികൾ വാടക ഗർഭധാരണത്തിനു മുതിരുകയാണെങ്കിൽ വിവാഹം കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷമെങ്കിലും കഴിയണം. ദമ്പതികൾക്കു മക്കളുണ്ടെങ്കിൽ വാടക ഗർഭധാരണം അനുവദനീയമല്ല. ഗർഭപാത്രം വാടകയ്ക്കു നൽകുന്ന അടുത്ത ബന്ധുക്കൾക്കു ആശുപത്രി ചെലവുകളല്ലാതെ പണമൊന്നും നൽകാനാകില്ല.
അതേസമയം, രണ്ടുമക്കൾക്കുശേഷം വാടക ഗർഭധാരണത്തിലൂടെ മക്കളുണ്ടായ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഏക പിതാവായ (സിംഗിൾ പേരന്റ്) തുഷാർ കപൂർ തുടങ്ങിയവരുടെ പിൻഗാമികളാകാൻ ആരെയും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്. താരങ്ങളുടെ പേരു പറഞ്ഞില്ലെങ്കിലും രണ്ടു കുട്ടികൾക്കുശേഷം ഭാര്യമാർക്കു വീണ്ടും വേദന സഹിക്കുന്നത് ഒഴിവാക്കാനായി മൂന്നാമത്തെ കുട്ടിക്കായി മറ്റൊരാളെ ബുദ്ധിമുട്ടിക്കുകയാണ് സെലിബ്രിറ്റികൾ ചെയ്യുന്നതെന്ന് സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.
വാടക ഗർഭധാരണത്തിലൂടെ ഉണ്ടാകുന്നതു പെൺകുട്ടികളാണെങ്കിൽ ഉപേക്ഷിക്കുക, ഇരട്ടകളിൽ ഒരാളെ ഉപേക്ഷിക്കുക, അംഗപരിമിതരെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവണതയും കണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. വാടക ഗർഭധാരണത്തിനായി പുതിയ ക്ലിനിക്കുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കുമെന്നും മന്ത്രി വ്യക്തമാക്കി.