സെന്റിനല്‍ ദ്വീപില്‍ ജോണ്‍ എത്തിയത് ഗോത്രവിഭാഗത്തിന്റെ കൂടെ താമസിക്കാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
സെന്റിനല്‍ ഗോത്രവിഭാഗക്കാര്‍ സെന്റിനല്‍ ദ്വീപില്‍ കൊലപ്പടുത്തിയ യുഎസ് പൗരന് ജോണ്‍ അലന് ചൗ എത്തിയത് സെന്റിനലി ഗോത്രവിഭാഗത്തിന്റെ കൂടെ താമസിക്കാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണു കൊല്ലപ്പെട്ട ജോണ്‍ അലന് ചൗ ദ്വീപിലേക്കു പോയതെന്നാണു വിവരം. അതിര്‍ത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കുന്നതിനു ജോണിനെ സഹായിച്ച മൂന്നു മല്സ്യത്തൊഴിലാളികളില്നിന്നാണു ഇക്കാര്യം അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.
നവംബര്‍ 17നാണു രണ്ടാം തവണ ജോണ്‍ സെന്റിനല്‍ ദ്വീപിലേക്കു പോയത്. 40 മുതല്‍ 400 വരെ സെന്റിനലി വിഭാഗക്കാര്‍ ഉണ്ടെന്നു കരുതുന്ന ദ്വീപില്‍നിന്നുള്ള അമ്പേറ്റു ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ചൗ ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാസ്പോര്ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, മരുന്നുകള്‍ എന്നിവയെല്ലാമായിരുന്നു ബാഗില്‍. സെന്റിനലി വിഭാഗവുമായി ബന്ധം സ്ഥാപിച്ചശേഷം തിരികെയെടുക്കുന്നതിനാണ് ഇത് ഒളിപ്പിച്ചതെന്നാണു കരുതുന്നത്.
സെന്റിനലി ഗോത്രവിഭാഗത്തിന്റേതിനു സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടാനായിരുന്നു ചൗവിന്റെ പദ്ധതി. കുറേ മാസങ്ങള്‍ ദ്വീപില്‍ താമസിക്കുന്നതിനും യുഎസ് പൗരനു താല്പര്യം ഉണ്ടായിരുന്നതായും മല്‍സ്യത്തൊഴിലാളികള്‍ മൊഴി നല്കി. 1960 കളുടെ മധ്യത്തില്‍ ദ്വീപിലെത്തിയ സര്‍ക്കാര്‍ സംഘത്തിന്റെ വസ്ത്രങ്ങളും മറ്റും ദ്വീപ് വാസികള്‍ കൗതുകത്തോടെ തൊട്ടുനോക്കുന്ന വിഡിയോ ജോണ്‍ അലന് ചൗ കണ്ടിരുന്നു. ചൗ ദ്വീപില്‍ ഒളിപ്പിച്ച ബാഗിനെക്കുറിച്ചു തങ്ങള്‍ക്കു വിവരമൊന്നുമില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരുപക്ഷേ ദ്വീപ് വാസികള്‍ അതു കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകാം. ബാഗ് വച്ച ഇടത്തുതന്നെ ഉണ്ടാകാനും സാധ്യതയുണ്ട്. തനിക്കെതിരെ വീണ്ടും അക്രമം ഉണ്ടാകുമെന്ന് ചൗ ഭയന്നിരുന്നതായും അന്വേഷണ സംഘം അറിയിച്ചു. അങ്ങനെയുണ്ടായാല്‍ സുരക്ഷാ സൗകര്യങ്ങള്‍ക്കു വേണ്ടിയാണു സൂചികളും മരുന്നുകളും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നത്. നവംബര്‍ 16ന് ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അക്രമത്തില്‍ ഇയാളുടെ തോണി തകര്‍ന്നിരുന്നു. തുടര്‍ന്ന് 300 മുതല്‍ 400 മീറ്റര്‍ വരെ നീന്തിയാണ് ഇയാള്‍ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടിനു സമീപമെത്തിയത്. 17ന് ദ്വീപിലേക്കു തിരികെ പോകുന്നതിനു മുന്‍പ് ചൗ എഴുതിയ കുറിപ്പിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
പേടിയുണ്ട്. എനിക്ക് മരിക്കാന്‍ താല്പര്യമില്ല. ഇത് ഉപേക്ഷിക്കുന്നതാണ് നല്ലത്. എനിക്ക് പകരം ഇതു തുടരുന്നതിനു മറ്റാരെയെങ്കിലും ഏല്പിക്കണം ഇക്കാര്യങ്ങളാണു കുറിപ്പിലുള്ളത്. അതേസമയം ദ്വീപിന് സമീപമുള്ള പൊലീസ് സംഘത്തെ സെന്റിനലി ഗോത്ര ജനങ്ങള്‍ മരങ്ങളിലിരുന്നു നിരീക്ഷിക്കുകയാണ്. ഗോത്ര വിഭാഗക്കാരെ ശല്യം ചെയ്യാതെ ചൗവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.