ദാവൂദ് പാകിസ്താനില്‍ തന്നെയെന്ന് യു.എന്‍; ഇന്ത്യ നല്കിയ മേല്‍വിലാസങ്ങളില്‍ ആറെണ്ണം സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയെന്ന് ഐക്യരാഷ്ട്രസഭ. ദാവൂദിന്റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്കിയ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ യു.എന്‍ ഇതില്‍ ആറെണ്ണം ശരിയാണെന്ന് സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിമിന് ഒളിത്താവളം ഒരുക്കിയ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്താന് മേല്‍വിലാസങ്ങള്‍ യുഎന്നിന് കൈമാറിയത്.
ഇന്ത്യ നല്കിയ ഒമ്പത് മേല്‍വിലാസങ്ങളില്‍ മൂന്ന് എണ്ണം തെറ്റാണ്. ഇതില്‍ ഒരു വിലാസം പാകിസ്താനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേയതായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ദാവൂദിന് പാകിസ്താന് അഭയം നല്‍കിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം. 1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.
ദാവൂദ് പാകിസ്താനില്‍ തന്നെയാണ് കഴിയുന്നതെന്നും വിവിധ വിലാസങ്ങളില്‍ മാറി മാറി താമസിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം. ഇതിനുള്ള തെളിവെന്നോണമാണ് ദാവൂദിന്റെ വിലാസങ്ങള്‍ കൈമാറിയത്. 2013 സെപ്റ്റംബറില്‍ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ദാവൂദിന്റെ മൂന്നു പാസ്പോര്‍ട്ടുകളുടെ നമ്പറുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍, ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് പാകിസ്താന്റെ വാദം.
ഒരു വര്‍ഷം മുന്‍പ് ഇന്ത്യ തയ്യാറാക്കിയ ദാവൂദിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാകിസ്താന് സുരക്ഷാ ഉപദേഷ്ടാവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ കൈമാറാനിരുന്നതായിരുന്നു. എന്നാല്‍ ചര്‍ച്ച പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ തയ്യാറാക്കിയ വിവരങ്ങള്‍ യു.എന്നിന് ഇന്ത്യ കൈമാറുകയായിരുന്നു. തുടര്‍ന്ന് യു.എന്‍ നടത്തിയ അന്വേഷണത്തിലാണ് മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് കണ്ടെത്തിയത്.
മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ഒരു ദേശീയ ചാനല്‍ ഇതിന് മുന്‍പ് പുറത്ത് വിട്ടിരുന്നു. ഒളിക്യാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാകിസ്താനിലുള്ള വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണ്‍. സിന്ധിലെ മുന്‍ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുന്‍ പാകിസ്താന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.