നിയമസഭ സമ്മേളനം ആരംഭിച്ചു; പി.ബി അബ്ദുൾ റസാഖിന് ആദരാജ്ഞലി അർപ്പിച്ച് ആദ്യ ദിനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് അന്തരിച്ച എംഎൽഎ പി.ബി അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ അർപ്പിച്ച് സഭ പിരിഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പി.ബി അബ്ദുൾ റസാഖിനെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു.
നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി അബ്ദുൾ റസാഖെന്നും അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു പറഞ്ഞു.
നാടിനും നാട്ടുകാർക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾക്കായി ആദ്യാവസാനം വരെ പ്രവർത്തിച്ച ആളാണ് റസാഖ്. സപ്തഭാഷ ഭൂമിയായ കാസർഗോഡിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
വി.എസ് സുനിൽ കുമാർ, എംകെ മുനീർ, സി.കെ നാണു, കെ.എം മാണി, അനൂപ് ജേക്കബ്, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.രാജഗോപാൽ, വിജയൻപിള്ള, കെ.ബി ഗണേഷ് കുമാർ, പി.സി ജോർജ് തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചു. സഭ നാളെ വീണ്ടും ചേരുമ്പോൾ ശബരിമല, പി. കെ ശശിയുൾപ്പെടെയുള്ള വിവാദ വിഷയങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കും.