തിരുത്തൽവാദി ത്രിമൂർത്തികളിൽ ഒരാൾ
മൂന്നു പതിറ്റാണ്ടു കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വം.. രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ തിരുത്തൽവാദത്തെ നയിച്ച മൂന്നു പേരിൽ ഒരാൾ.. കെ.കരുണാകരന്റെ വലംകൈയായിരുന്ന പിന്നീട് അദ്ദേഹത്തിൽ നിന്ന് അകന്നുമാറി നടന്ന നേതാവ്.. ഇങ്ങനെയൊക്കെയാകും എം.ഐ.ഷാനവാസ് എംപി എന്ന പേരു കേട്ടാൽ ആരും ഓർത്തു പോകുക.
മൂന്നു പതിറ്റാണ്ടുകാലത്തോളം കെപിസിസി ഭാരവാഹിയായിരുന്ന അപൂർവം നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ഷാനവാസ്. കലാലയ രാഷ്ട്രീയത്തിൽ നിന്നു കോൺഗ്രസ് നേതൃത്വത്തിലേക്കെത്തുന്നതിന് കാരണക്കാരനായത് ലീഡർ കെ.കരുണാകരനായിരുന്നു. കരുണാകരൻ ഉഗ്രപ്രതാപിയായി നാട് ഭരിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ ഭരണം ഷാനവാസിന്റെ കൈകളിലായിരുന്നു. 1983ലാണ് കെപിസിസി സെക്രട്ടറിയായി സംസ്ഥാനരാഷ്ട്രീയത്തിലേക്കെത്തുന്നത്. ലീഡറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
വെറുതേയായിരുന്നില്ല ഷാനവാസിനെ അങ്ങനെ വിളിച്ചത്. ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു അന്നാളിൽ ആന്റണി ഗ്രൂപ്പിൽ നിന്നു പല യുവനേതാക്കളെയും കരുണാകര പക്ഷത്തേക്ക് എത്തിച്ചത്. എന്നാൽ പിന്നീട് കരുണാകരനിൽ നിന്നു ഷാനവാസ് അകലുന്ന കാഴ്ചയും കേരള രാഷ്ട്രീയം കണ്ടു.
ലീഡറുടെ മകൻ കെ.മുരളീധരന്റെ രാഷ്ട്രീയ വരവോടെയാണ് അദ്ദേഹം കരുണാകരനിൽ നിന്ന് അകലുന്നത്. മകന്റെ വരവോടെ ലീഡർ പ്രിയപ്പെട്ട ശിഷ്യരെയും മറന്നുവെന്ന് പലരും അടക്കം പറഞ്ഞു. ലീഡറുടെ അമിത പുത്രസ്നേഹമാണ് ഷാനവാസിനെ തിരുത്തൽവാദിയാക്കുന്നത്. എന്നാൽ ഇതുമാത്രമായിരുന്നില്ല ലീഡറിൽ നിന്ന് അദ്ദേഹത്തെ അകറ്റിയത്. സീറ്റ് നിർണയവും ഇവർക്കിടയിലെ നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
പിന്നീട് കോൺഗ്രസിലെ ത്രിമൂർത്തികളായ തിരുത്തൽവാദികൾ ഒരാളായി. രമേശ് ചെന്നിത്തല, ജി.കാർത്തികേയൻ എന്നിവർക്കൊപ്പം തിരുത്തൽവാദിയായി ഷാനവാസുമുണ്ടായിരുന്നു. മികച്ച പ്രാസംഗികൻ കൂടിയായിരുന്ന ഷാനവാസിന്റെ വാക്കുകൾ കേട്ടിരിക്കുന്നവരെ ഹരം പിടിപ്പിടിപ്പിച്ചു.
എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്ന് ആദ്യഘട്ടത്തിൽ തിരുത്തൽ വാദികൾക്ക് അനുകൂലമായ ചില നീക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവിടെ നിന്നും അവർക്ക് വലിയ പിന്തുണയൊന്നും ലഭിച്ചില്ല. തിരുത്തൽവാദ പ്രസ്ഥാനം ക്രമേണം ഇല്ലാതാകുകയും നേതാക്കളിൽ ചിലർ മൂന്നാം ഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു. ഷാനവാസ് പിന്നീട് ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും നല്ല ബന്ധങ്ങൾ സൂക്ഷിച്ചു.
ചാനൽ ചർച്ചകളിലൂടെയും ജനങ്ങൾക്ക് ഈ മുഖം സുപരിചിതമായിരുന്നു. എന്നാൽ 2010കളിൽ ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ ശബ്ദമായിരുന്ന ഈ നേതാവിനെ കാണാതായി. മാരകരോഗം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ശരീരം പതിവിലേറെയും മെലിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നത്. ചികിത്സകൾക്കൊടുവിൽ അദ്ദേഹം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി.
നിരവധി പരാജയങ്ങൾ നേരിട്ടാണ് അദ്ദേഹം വിജയത്തിന്റെ രുചിയറിയുന്നത്. തെക്കൻ കേരളത്തിലെ പരാജയങ്ങൾ വടക്ക് അദ്ദേഹം വിജയമാക്കി മാറ്റി. വയനാട് നിന്നാണ് ആദ്യമായി വിജയിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു വിജയവും. രോഗങ്ങൾ ശരീരത്തെ ഇടയ്ക്കിടെ തളർത്തുമ്പോഴും അദ്ദേഹം പാർട്ടിയുടെ ശബ്ദമായി വേദികളിലും ചാനൽ ചർച്ചകളിലുമൊക്കെ പിന്നീടും സജീവമാകുന്നത് കേരളം കണ്ടു.