സ്ത്രീകളുടെ മാസമുറ അടക്കമുള്ള വിഷയങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് അവസാനിപ്പിക്കണം; സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന് കരുതുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി
കോഴിക്കോട്: സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേരളത്തിലെ ബി.ജെ.പിആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ലെന്നും സി.പി.എം. മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ‘ശബരിമലയും സ്ത്രീപ്രവേശവും’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂവെന്നും കോടിയേരി പറയുന്നു.
‘ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് സ്ത്രീ വിരുദ്ധമാണ്. സ്ത്രീ പ്രവേശനം എല്‍.ഡി.എഫ്. സര്‍ക്കാറിനെതിരായ അജണ്ടയാക്കി മാറ്റുന്നു. വിഷയത്തില്‍ സന്നിധാനത്ത് പന്തല്‍കെട്ടി സമരം നടത്തിയത് കോടതി വിലക്ക് ലംഘിച്ചാണ്. ഭരണഘടനാ പരമായി വിഷയത്തില്‍ സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും അതിന് പകരം ആചാരത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭക്തരെ ഇളക്കി വിടുന്നത് ശരിയല്ല.
സ്ത്രീകളുടെ ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം എന്നിവ ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറ അടക്കമുള്ള വിഷയങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടാണോ കെ.പി.സി.സിക്കും പ്രതിപക്ഷത്തിനും ഉള്ളതെന്ന് വ്യക്തമാക്കണം. സ്ത്രീകളുടെ തുല്യപദവി കെ.പി.സി.സി. അംഗീകരിക്കുന്നില്ലേ എന്ന് അധ്യക്ഷന്‍ വി.എം സുധീരന് വിശദമാക്കണം.
ക്രിസ്ത്യന്‍-മുസ് ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സി.പി.എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യു.ഡി.എഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭക്കകത്തും പുറത്തും സി.പി.എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരും ചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ.എം.എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പ മുതല്‍ വികാരി വരെയുള്ള പൗരോഹിത്യ ശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര് കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്നമാണെന്ന് ഇ.എം.എസ് ഉറക്കെ പറഞ്ഞു.
അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടം പോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ് ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സി.പി.എമ്മും ഇ.എം.എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്കാന് അവരുടെ മുന്‍ ഭര്ത്താക്കന്മാര്ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ് ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ് ലിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്പ്പെട്ട് രാജീവ് ഗാന്ധിയുടെ ഗവണ്മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി.’
ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദം ഉയര്‍ത്തിയപ്പോള്‍ സി.പി.എം അവര്‍ക്കൊപ്പം നിന്നുവെന്നും ലേഖനത്തില്‍ കോടിയേരി വിവരിക്കുന്നു.