പറയന്നിലം ജോസ് അച്ചന് സുവര്‍ണ്ണ ജൂബിലി നിറവില്‍
പറയന്നിലം ജോസ് അച്ചന് സുവര്‍ണ്ണ ജൂബിലി നിറവില്‍
കരിമണ്ണൂര്‍: പറയന്നിലം ജോസച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി 2018 നവംബര്‍ മാസം 20-ാം തീയതി കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ സമൂഹബലിയോടുകൂടി ആരംഭിക്കുന്നു. കോതമംഗലം രൂപതാ മെത്രാന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗം ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. പറയന്നിലം ഫാമിലി അസ്സോസിയേഷന് പ്രസിഡന്റ് ഇമ്മാനുവേല്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, കെ.എം. മാണി എം.എല്‍.എ, പി.ജെ. ജോസഫ് എം.എല്‍.എ, കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, കരിമണ്ണൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍ ഇലഞ്ഞേടത്ത്, താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍, ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യാ പറയന്നിലം, മനോജ് ഐസക്ക്, സോമി പറയന്നിലം, ബിബിന്‍ ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
1968 ഡിസംബര്‍ 29-ന് ബിഷപ് മാര്‍ മാത്യു പോത്തനാമൂഴി പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ച ജോസച്ചന് ദീര്‍ഘകാലം ഇടുക്കി - ഹൈറേഞ്ച് മേഖലകളിലാണ് ശുശ്രൂഷ ചെയ്തത്. വാഴക്കുളം, കാന്തിപ്പാറ, ശ്ലീവാമല, രണ്ടാര്‍, മുള്ളരിങ്ങാട്, മുട്ടുകാട്, കുഞ്ചിത്തണ്ണി, ഇഞ്ചത്തൊട്ടി, പൂയംകുട്ടി, ശാന്തിഗ്രാം, പെരിഞ്ചാംകുട്ടി, കാവക്കാട്, പള്ളിക്കാമുറി, വടകോട്, നടുക്കര, മുക്കുടം, മങ്കുവ, കുത്തുപാറ, മണിയാറംകുടി, പാണ്ടിപ്പാറ അടിമാലി പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ജോസ് അച്ചന്റെ ഏറ്റവും സവിശേഷത വിവിധ പാശ്ചാത്യ, പൗരസ്ത്യ ഭാഷകളില്‍ പ്രാവീണ്യം ഉണ്ട് എന്നതാണ്. ജോസ് അച്ചന്റെ പുസ്തകശേഖരണത്തില്‍ ഏറ്റവും വിലപ്പെട്ടിട്ടുള്ളതും പാശ്ചാത്യ, പൗരസ്ത്യ ഭാഷാ പഠനങ്ങള്‍ക്കുള്ള പുസ്തകങ്ങളാണ്. ഇടുക്കി രൂപത മൈനര്‍ സെമിനാരി സ്പിരിറ്റ്യുല് ഡയറക്ടറായിരുന്ന ജോസ് അച്ചന് 1993-ല്‍ സ്പെയിനില്‍ നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ അംഗമായിരുന്നു. 1945-ല്‍ ജനുവരി 29ന് പറയന്നിലത്ത് കുട്ടി-ത്രേസ്യാമ്മ (കാപ്പില്‍) ദമ്പതികളുടെ മകനായി ജനിച്ച ജോസ് അച്ചന് ഇപ്പോള്‍ ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്നു.