ജനം ടിവിയുടെ കുതിച്ചു ചാട്ടം കണ്ട് ഭയന്ന് ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തി മുഖ്യധാര മാധ്യമങ്ങള്‍; ഷാനി പ്രഭാകറിനെ ഉത്തരേന്ത്യയിലേക്ക് പറപ്പിച്ച് മനോരമ; അയ്യപ്പദാസിനെ ചര്‍ച്ചക്കിരുത്തി ഏഷ്യനെറ്റ്; വിശ്വാസികള്‍ക്ക് അനുകൂലമായി മാതൃഭൂമി; ഏഷ്യനെറ്റിനേയും മലര്‍ത്തിയടിക്കാനൊരുങ്ങി ജനം ടിവി
ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തി മുഖ്യധാര മാധ്യമങ്ങള്‍. തീവ്ര പുരോഗമന വാദത്തില്‍ നിന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും പിന്മാറി കരുതലോടെയാണ് അവതാരകരുടെ ചോദ്യവും ഇടപെടലും. ആചാരങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ഒന്നും തന്നെ പറയാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
തൃപ്തി ദേശായിക്ക് വേണ്ടി വാദിച്ചിരുന്ന ചാനലുകള്‍ പോലും പതിയെ നിലപാട് തിരുത്തുകയാണ്. ഇന്നലത്തെ ചര്‍ച്ചകളില്‍ ആരും തൃപ്തി ദേശായിയെ അനുകൂലിച്ച് സംസാരിച്ചില്ല. മറിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ച് പോവുകയാണ് ചെയ്തത്. ഇതിനൊപ്പം നെടുമ്പാശ്ശേരിയില്‍ പ്രതിരോധം തീര്‍ത്തവരെ കലാപകാരികളായി ചിത്രീകരിച്ചതുമില്ല. വളരെ കരുതലോടെയാണ് റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ചാനല്‍ റേറ്റിംഗായ ബാര്‍ക്കില്‍ വന്ന മാറ്റങ്ങളാണ് ഇതിനെല്ലാം കാരണം. ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ കുതിപ്പാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ് നിയന്ത്രണത്തിലൂള്ള ചാനലാണ് ജനം ടിവി. അതുകൊണ്ട് തന്നെ റേറ്റിംഗില്‍ എന്നും അവസാന സ്ഥാനത്തായിരുന്നു അവര്‍. ഇടയ്ക്ക് സര്‍ക്കാരിനെതിരെ കടന്നാക്രമണങ്ങള്‍ നടത്തി പ്രതിപക്ഷ ചാനലായി മാറി ചെറിയ മുന്നേറ്റം നടത്തി. കണ്ണട വാങ്ങല്‍ വിവാദവും മറ്റും ചര്‍ച്ചയാക്കിയായിരുന്നു ഇത്. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിനും മനോരമയും മാതൃഭൂമിയും ന്യൂസ് 18നുമെല്ലാം ജനത്തിന് മുന്നിലായിരുന്നു. ആരും ജനം ടിവിയില്‍ നിന്ന് ഭീഷണി പ്രതീക്ഷിച്ചതുമില്ല. ശബരിമലക്കാലത്തെ പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിച്ചു. റേറ്റിംഗില്‍ വന്‍ കുതിച്ചു ചാട്ടം ജനം ടിവി നടത്തി. ചില സമയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന മുന്നേറ്റം ജനം ടിവി കാഴ്ച വച്ചു. ഇതോടെയാണ് മുഖ്യധാരാ ചാനലുകള്‍ പതിയെ നിലപാട് മാറ്റം തുടങ്ങിയത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റില്‍ പോലും കരുതലോടെയാണ് ഇടപെട്ടത്.
മാതൃഭൂമിയുടെ സ്റ്റാര്‍ അവതാരകനായ വേണു ബാലകൃഷ്ണന് എല്ലാ വിഷയത്തിലും പുരോഗമന നിലപാടാണ് എടുത്തിരുന്നത്. ശബരിമലയിലെ യുവതീ പ്രവേശന വിധിയിലും അതായിരുന്നു നിലപാട്. എന്നാല്‍ പതിയെ വേണുവും കരുതലെടുത്തു. വിശ്വാസികളെ കടന്നാക്രമിക്കാതെ ചര്‍ച്ചകള്‍ നയിച്ചു. മാതൃഭൂമി പത്രം തുടക്കം മുതല്‍ തന്നെ നാമജപ പ്രതിഷേധത്തെ തള്ളി പറഞ്ഞിരുന്നില്ല. മീശ നോവല്‍ വിവാദം പത്രത്തിന്റെ സര്ക്കുലേഷനിലുണ്ടാക്കിയ ഇടിവായിരുന്നു ഇതിന് കാരണം. ഇതേ രീതിയില്‍ കരുതലുകള്‍ മാതൃഭൂമിയും എടുത്തു. വേണുവും ചര്‍ച്ചകളില്‍ വിശ്വാസികളെ കടന്നാക്രമിക്കാതെ മുന്നേറിയപ്പോള്‍ മാതൃഭൂമിക്ക് ആശ്വാസവുമായി. ആചാരത്തിന്റെ വിശ്വാസപരമായ പ്രശ്നങ്ങളില്‍ മാതൃഭൂമി മതിയായ നിയന്ത്രണങ്ങളോടെ വാര്‍ത്ത നല്കി.
മനോരമയ്ക്ക് വലിയ തിരിച്ചടിയായിരുന്നു ബാര്‍ക്ക് റേറ്റിങ്. ജനം രണ്ടാമത് എത്തിയ ആദ്യ ആഴ്ചയില്‍ അവര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് രണ്ടാം സ്ഥാനം പിടിച്ചെടുത്തുവെങ്കിലും ആട്ട ചിത്തിര ആഴ്ചയില്‍ വീണ്ടും പിറകോട്ട് പോയി. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് മനോരമാ ന്യൂസും കാണുന്നത്. ചര്‍ച്ചകളിലെ മിതത്വം അനിവാര്യമാണെന്ന് മനോരമ തിരിച്ചറിയുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഇതിന് വേണ്ട മിതത്വം ചാനല്‍ എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. തീവ്ര ഹൈന്ദവ വര്‍ഗ്ഗീയ ശക്തികളുടെ കണ്ണിലെ കരടാണ് ഷാനി പ്രഭാകര്‍. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളാണ് ഇതിന് കാരണം. ശബരിമലയില്‍ അമിത് ഷായുടെ പ്രസംഗ വിവാദത്തിലെ ബിജെപി നേതാക്കളുടെ വാദങ്ങള്‍ ഷാനി പ്രഭാകര്‍ അതിശക്തമായ ഇടപെടലിലൂടെ പൊളിച്ചിരുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിലെ വസ്തുത നിരത്തിയായിരുന്നു ഇതെല്ലാം. ഇത്തരം അഗ്രസീവ് ചര്‍ച്ചകള്‍ ചാനലിന് പുരോഗമന മുഖവും നല്കി. എന്നാല്‍ ജനം ടിവിയുടെ കുതിച്ചുയരലില് മനോരമയും കരുതലെടുക്കുകയാണ്.
ഷാനി പ്രഭാകറിനെ തന്ത്രപരമായി ചര്‍ച്ചകളില്‍ നിന്ന് മാറ്റി. ഇതിന് വേണ്ടി നിര്‍ണ്ണായക സമയത്ത് ഷാനിയെ കൊച്ചിയില്‍ നിന്ന് തന്നെ മാറ്റി. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് അങ്ങനെ ഷാനി പോയി. മധ്യപ്രദേശില്‍ നിന്ന് നേതാക്കളുടെ അഭിമുഖം എടുത്ത് ഷാനി നടക്കുമ്പോള്‍ അയ്യപ്പദാസിനെ ചര്‍ച്ചാ ചുമതല ഏല്‍പ്പിച്ചു. വൃശ്ചികമാസത്തിലെ നട തുറക്കും മറ്റ് വിവാദങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് അയ്യപ്പദാസാണ്. അയ്യപ്പന്റെ പേരിനോടുള്ള സാമ്യവും അവതരാകന്റെ ഇടപെടലുമെല്ലാം വിശ്വാസികളെ ചാനലിലേക്ക് അടുപ്പിക്കുമെന്നാണ് മനോരമയുടെ പ്രതീക്ഷ. ആചാര സംരക്ഷണത്തെ ചോദ്യം ചെയ്യാതെ പരിവാര്‍ നേതാക്കളുടെ കള്ളക്കളികളെ അയ്യപ്പദാസ് തുറന്നു കാണിക്കുന്നുണ്ട്. ആപ്പോഴും ഒരു പക്ഷത്തും കൃത്യമായി നിലയുറപ്പിക്കാതെയുള്ള ചര്‍ച്ചകളിലേക്കാണ് മനോരമയും മാറുന്നത്. ഇതിനെല്ലാം കാരണം ജനം ടിവിയുടെ കുതിപ്പാണെന്നാണ് വിലയിരുത്തല്‍.
ആരും ഇതുവരെ ചോദ്യം ചെയ്യാത്ത തരത്തിലായിരുന്നു ഏഷ്യാനെറ്റിന്റെ മുന്നേറ്റം. രണ്ടാമതുള്ള ചാനലിനേക്കാള്‍ അറുപതോളം പോയിന്റിന്റെ വ്യത്യാസം അവര്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ജനം ടിവിയുമായുള്ള ഏഷ്യാനെറ്റിന്റെ വ്യത്യാസം 17 പോയിന്റായി മാറി. ഇതോടെ ആരും ഒന്നാം സ്ഥാനം സ്വന്തമാക്കാതിരിക്കാനുള്ള കരുതല്‍ അവരും എടുക്കുന്നു. തുലമാസാ പൂജ സമയത്ത് യുവതി പ്രവേശനത്തിന് പൂര്‍ണ്ണമായും അനുകൂല നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് എടുത്തത്. റേറ്റിംഗിലെ പ്രതിഫലനങ്ങള്‍ കാരണം ആട്ട ചിത്തിര സമയത്ത് തന്നെ തിരുത്തലുകള്‍ വരുത്തി. എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ റേറ്റിങ് പരിഗണിച്ച് വലിയ മാറ്റങ്ങള്‍ക്ക് ഏഷ്യനെറ്റും തയ്യാറെടുക്കുകയാണ്. തുടക്കത്തില്‍ തീവ്ര ഇടതുപക്ഷക്കാരായിരുന്നു ശബരിമല റിപ്പോര്‍ട്ടിംഗിന് ചാനല്‍ നിയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ അയച്ചവര്‍ വിശ്വാസ പക്ഷത്തുള്ളവരും. ഭക്തരുടെ വികാരങ്ങളെ തട്ടിയുടയ്ക്കാത്ത വിധത്തിലേക്ക് ഏഷ്യാനെറ്റും റിപ്പോര്‍ട്ടിങ് രീതി മാറ്റി.
മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തില്‍ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. ഇതാണ് ജനം ടിവി തകര്‍ത്തെറിയുന്നത്. പുതിയ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റുമായി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ് ജനം ടിവി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങള്‍ അറിയാന്‍ വിശ്വാസികള്‍ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനകാലത്ത് ചാനലുകള്‍ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത. റേറ്റിങ് കൈവിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏവരും എടുക്കുകയാണ്. അവതാരകരുടെ ഇടപെടലും മുഖം മാറ്റവും റിപ്പോര്‍ട്ടര്‍ തെരഞ്ഞെടുപ്പിലും എല്ലാം ഇത് വ്യക്തമാണ്. സിപിഎം ചാനലായ കൈരളിപീപ്പിളും മാത്രമാണ് പരിവാറുകാരെ കടന്നാക്രമിക്കുന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ബാക്കിയെല്ലാവരും കടന്നാക്രമണം നിര്‍ത്തി കഴിഞ്ഞു.
45-ാം ആഴ്ചയിലെ പോയിന്റ് അനുസരിച്ച് 149 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. അഞ്ച് പോയിന്റിന്റെ ഉയര്‍ച്ച. ജനം ടിവിക്കുള്ളത് 132 പോയിന്റ്. അതായത് ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം വെറും 17 പോയിന്റ്. അട്ട ചിത്തരി ആഘോഷ ആഴ്ചയില്‍ 71 പോയിന്റ് നേട്ടമാണ് ജനം ടിവി ഉണ്ടാക്കിയത്. മൂന്നാമത് മനോരമയാണ്. 82 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. ഉണ്ടായ നേട്ടം വെറും 3 പോയിന്റും. നാലാംസ്ഥാനത്തുള്ള മാതൃഭൂമിക്ക് 79 പോയിന്റാണുള്ളത്. എന്നാല്‍ 18 പോയിന്റിന്റെ നേട്ടം അവരുണ്ടാക്കുന്നു. അഞ്ചാമതുള്ള മീഡിയാ വണ്ണിന് കഴിഞ്ഞ ആഴ്ച രണ്ട് പോയിന്റ് താഴ്ചയുണ്ടായി. ന്യൂസ് 18 കേരളയും പീപ്പിളുമെല്ലാം റേറ്റിംഗില്‍ ഏറെ പിന്നിലാണ്. കേരളാ വിഷനാണ് പീപ്പിളിന് പിന്നിലുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30ഉം പീപ്പിളിന് 26ഉം കേരളാ വിഷന്‍ 8ഉം പോയിന്റാണുള്ളത്.
ബാര്‍ക്കിന്റെ വെബ് സൈറ്റിലും ആദ്യ അഞ്ച് സ്ഥാനക്കാരെ കുറിച്ചുള്ള വിശദീകരണമുണ്ട്. അവിടെ ഇപ്രഷനിലാണ് റേറ്റിങ്. 46632 പോയിന്റാണ് ഏഷ്യനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 41317ഉം. മനോരമയ്ക്ക് 25771ഉം മാതൃഭൂമി ന്യൂസിന് 24857ഉം പോയിന്റ് മാത്രമാണുള്ളത്. മീഡിയാ വണിന് 10743ഉം. അതായത് ഇംപ്രഷന്‍സിനും വലിയ മാറ്റം ജനം ടിവിക്കുണ്ടാകുന്നു. ഏഷ്യാനെറ്റ് ന്യൂസല്ലാതെ ഒരു ചാനലും മലയാളത്തില്‍ 40000 പോയിന്റെ ഇതുവരെ ആരും കടന്നിട്ടില്ല. അങ്ങനെ വലിയ മുന്നേറ്റം ചിത്തിര ആട്ട റിപ്പോര്‍ട്ടിലും ജനം ടിവി നേടുകയാണ്.
അതായത് ശബരിമല കാലത്ത് വലിയ മുന്നേറ്റമാണ് ജനം ടിവിയുണ്ടാക്കുന്നത്. മണ്ഡല തീര്‍ത്ഥാടനകാലത്ത് വിശ്വാസികള്‍ക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പര്‍ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് പോയിന്റ് നിലയില്‍ 50 പോയിന്റിന്റെ മേല്‍കോയ്മ ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്. പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പര്‍ വണ്‍ ആകാമെന്നാണ് ആര്‍എസ്എസ് ചാനലിന്റെ നീക്കം. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയില്‍ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാര്‍ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.
ഈ കീഴ് വഴക്കമാണ് വന്‍ കുതിച്ചു ചാട്ടവുമായി ജനം തെറ്റിക്കുന്നത്. മലയാളത്തിലെ വാര്‍ത്ത ഇടപെടലുകളില്‍ ചാനലുകളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി ശബരിമല സംഭവം മാറുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.