പൊലീസ് നിയന്ത്രണം കരിമല കയറ്റത്തേക്കാൾ കഠിനം, വീടുമുതൽ സന്നിധാനം വരെ കർശന നിരീക്ഷണം
ശബരിമല: ശബരിമല ദർശനം ഇത്തവണ കരിമല കയറ്റത്തെക്കാൾ കഠിനമാകും ഭക്തർക്ക്. പൊലീസിന്റെ കർശന നിയന്ത്രണങ്ങളാണ് മലചവിട്ടാൻ വീട്ടിൽ നിന്ന് പുറപ്പെടും മുതൽ അയ്യപ്പദർശനം നടത്തി മലയിറങ്ങുന്നതുവരെ ഭക്തർക്ക് നേരിടേണ്ടത്.
നിയന്ത്രണം കാരണം ഭക്തർക്ക് രാവിലെതന്നെ എത്തിയാലേ നെയ്യഭിഷേകം നടത്താൻ കഴിയൂ. ഉച്ചപൂജയ്ക്ക് മുമ്പ് ദർശനം സാദ്ധ്യമായില്ലെങ്കിൽ കഴിഞ്ഞെന്ന് വരില്ല. തുടർന്ന് മാളികപ്പുറത്തേക്ക് കടത്തിവിടും. ഇവിടത്തെ ദർശനശേഷം ബെയ്ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്തിച്ച് മടക്കി അയയ്ക്കാനാണ് പൊലീസ് പദ്ധതി. സന്നിധാനത്ത് വിരിവയ്ക്കാനോ രാത്രി 11ന് ശേഷം തങ്ങാനോ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനോ അനുവദിക്കില്ലെന്നാണ് പൊലീസ് നിർദ്ദേശം. ഉച്ചപൂജയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് നെയ്യഭിഷേകം നടത്തണമെങ്കിൽ മലയിറങ്ങി പിറ്റേന്ന് പുലർച്ചെ വീണ്ടും മലചവിട്ടേണ്ടിവരും. സന്നിധാനത്ത് ആകെ 13 ഹോട്ടലുകളും രണ്ട് ലൈറ്റ് ഫുഡ് കടകളുമാണ് ഉള്ളത്. ഇതിൽ ആറ് ഹോട്ടലുകൾ മാത്രമാണ് ഇന്നലെവരെ ലേലത്തിൽ പോയത്. രാത്രിയിൽ ഹോട്ടലുകൾ കൂടി അടയ്ക്കുന്നതോടെ ഭക്തർ ഭക്ഷണം കിട്ടാതെ വലയും.
വാഹന പാസ്
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് നൽകുന്ന പാസ് നിർബന്ധം. വാഹനങ്ങൾ പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്നാണ് പാസ് വാങ്ങേണ്ടത്. വാഹനത്തിന്റെ ഇനം, ഭക്തരുടെ എണ്ണം, യാത്രാ തീയതി, ഡ്രൈവറുടെ പേര്, മൊബൈൽ നമ്പർ എന്നിവ സ്റ്റേഷനിൽ നൽകണം. പാസുള്ള വാഹനങ്ങൾക്കേ നിലയ്ക്കലിൽ പാർക്കിംഗ് അനുവദിക്കൂ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹങ്ങൾക്ക് കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിൽ നിന്നോ നിലയ്ക്കൽ സ്റ്റേഷനിൽ നിന്നോ പാസുകൾ വാങ്ങാം. പരിശോധനയ്ക്ക് ശേഷമേ നിലയ്ക്കലിലെ ബേസ് ക്യാമ്പിലേക്ക് കടത്തിവിടൂ. പാർക്കിംഗ് മേഖല കേരള, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
നിലയ്ക്കൽ- പമ്പ സർവീസ്
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി മാത്രമാണ് സർവീസ് നടത്തുന്നത്. ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം വഴി ദർശനസമയം ബുക്ക് ചെയ്യുന്നവർക്ക് കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ആവശ്യമെങ്കിൽ ഓൺലൈനായി കിട്ടും. അല്ലാത്തവർ നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി ഓഫീസിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയിൽ നേരിട്ട് എത്തുന്നവർ നിലയ്ക്കലിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ടതില്ല. സ്വകാര്യ വാഹനങ്ങളിൽ നിലയ്ക്കലിൽ എത്തുന്നവർ പമ്പയിലേക്ക് പോകാൻ പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.
പമ്പയിലെത്തുന്ന ഭക്തരെ തിരക്കിനനുസരിച്ച് നിയന്ത്രിച്ചാണ് മല ചവിട്ടാൻ അനുവദിക്കുക. ആദ്യം മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിടും. തുടർന്ന് ഇരുമുടിക്കെട്ട് ഉൾപ്പെടെ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും. മുഖം തിരിച്ചറിയാനുള്ള കാമറയിലൂടെ ചിത്രങ്ങൾ പകർത്തും. ശബരിപീഠം മുതൽ കർശന നിയന്ത്രണത്തിലാണ് കടത്തിവിടുക.
ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം
പൊലീസിന്റെ ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം വഴി ദർശനസമയം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണിന്റെ പ്രിന്റ് തീർത്ഥാടകർ കരുതണം. പ്രത്യേക നിറത്തിലുള്ള കൂപ്പൺ കൈമാറ്റം ചെയ്യാൻ കഴിയില്ല. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകാൻ മരക്കൂട്ടത്ത് ഈ കൂപ്പൺ കണിക്കണം. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡ് കൗണ്ടർ ഫോയിൽ സന്നിധാനത്ത് ശേഖരിക്കും. കാർഡ് പരിശോധിക്കാൻ പത്ത് കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. 9 എസ്.ഐ മാരും 82 പൊലീസ് ഉദ്യോസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിലുണ്ടാകും.
കാനനപാതയിലൂടെ ആരെയും കടത്തിവിടേണ്ടെന്ന് പൊലീസ് നിർദേശം
പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈയിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ
സന്നിധാനത്ത് മുറികൾ ബുക്ക് ചെയ്യുന്നവരെ പൊലീസ് നിരീക്ഷിക്കും.
പ്രത്യേക ബാരിക്കേഡ് സംവിധാനം സന്നിധാനത്ത്.
ഏഴ് പേരെ തിരിച്ചയച്ചു
ശബരിമലയിൽ പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് കടക്കാൻ ശ്രമിച്ച ഏഴ് പേരെ പൊലീസ് തിരിച്ചയച്ചു. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പൊലീസുകാർ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. സംശയം തോന്നുന്നവരെ പരിശോധിക്കുന്നുമുണ്ട്. എന്നാൽ ഇവരെ തടയുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു.