ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് മുഹമ്മദ് ബിൻ സൽമാൻ: സിഐഎ
റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് അനുസരിച്ചാണെന്ന് അമെരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ. വാഷിങ്ടൺ പോസ്റ്റിന്റേതാണ് റിപ്പോർട്ട്.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് സിഐഎ നിഗമനത്തിലെത്തിയിരിക്കുന്നത്. സൗദി രാജകുമാരന്റെ സഹോദരൻ ഖഷോഗിയുമായി നടത്തിയ ഫോൺ സംഭാഷണവും അക്കൂട്ടത്തിലുണ്ട്. സൗദി കോൺസുലേറ്റിൽ പോയി രേഖകൾ നേരിട്ട് വാങ്ങാൻ മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ ഖഷോഗിയോട് ആവശ്യപ്പെട്ടതായാണ് രേഖകൾ. മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും സൗദിയുടെ അമെരിക്കൻ അംബാസിഡറുമായ ഖാലിദ് ബിൻ സൽമാനാണ് രേഖകൾ ആവശ്യപ്പെട്ടതെന്നു സിഐഎ പറയുന്നു.
ഖഷോഗിയുമായുള്ള ഖാലിദിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണിത്. ഖഷോഗിയെ വധിക്കാനുള്ള സംബന്ധിച്ച് ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും എന്നാല്‍ മുഹമ്മദ് ബിന്‍ സൽമാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ വിളിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. താൻ ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്പാണെന്ന് അതല്ലെങ്കിൽ തെളിവുകൾ പുറത്തുവിടാൻ അമെരിക്കൻ സർക്കാർ തയാറാകണമെന്നുമാണ് ട്വീറ്റ്.
രാജ്യത്തെ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധവെക്കുന്ന ഭാവി ഭരണാധികാരിയും അധികാരത്തില്‍ പങ്കുമുള്ള മുഹമ്മദ് ബിന്‍ സല്മാന് അറിയാതെ കൊലപാതകം നടക്കില്ലെന്നും സിഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടെ കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് നടന്ന കൊലപാതകത്തെ സംബന്ധിച്ച് ആഴ്ചകളായി പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് സൗദി നല്കിക്കൊണ്ടിരിക്കുന്നത്. ഖഷോഗി കൊല്ലപ്പെട്ട സമയത്ത് സൗദി കോണ്‍സുലേറ്റിനുള്ളില്‍ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദവും സിഐഎ പരിശോധിച്ചിട്ടുണ്ട്.
കൊലപാതക ശേഷം കൊലയാളി സംഘത്തിലെ അംഗമായ മാഹിര്‍ മുതരിബ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയായ സൗദ് അല്‍ ഖഹ്താനിയെ വിളിച്ച് കാര്യം അറിയിച്ചെന്നും മറ്റൊരു ഓഡിയോ റെക്കോഡിൽ വ്യക്തമായതായി റിപ്പോര്‍ട്ട് പറയുന്നു.
ഇസ്താംബുളിലെ സൗദി എംബസിയിൽ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് പരമാവധി ശിക്ഷ നൽകാനാണ് തീരുമാനം.