ഗജ ചുഴലിക്കാറ്റ്; കേരളത്തിൽ ശക്തമായ മഴ; മലയോരമേഖലയിൽ ഉരുൾപൊട്ടൽ സാധ്യത
തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിടെ കേരളത്തിലും കനത്ത മഴ. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും മലയോരമേഖലകളിൽ ഉരുൾപൊട്ടൽ .
ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴ, തൃശൂർ ,പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വട്ടവടയിലും നേര്യമംഗലത്തും നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വട്ടവടയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് വീടുകള്‍ തകര്‍ന്നു, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മൂന്നാറിലും കനത്ത മഴ തുടരുകയാണ്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറില്‍ നിന്നും ദേശിയ പാതയില്‍ വെള്ളം കയറി, മുതിരപ്പുഴയാറില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നു.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ വെള്ളം കയറിയെങ്കിലും മൂന്നാറില്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു.
മണ്ണിടിഞ്ഞ് പന്നിയാര്‍കുട്ടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലയിലും കനത്ത മഴയാണ്. തോടുകള്‍ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസപ്പെട്ടു. ചേലച്ചുവട് വണ്ണപ്പുറം റൂട്ടില്‍ പഴയരിക്കണ്ടം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പരിസരങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പഴയരിക്കണ്ടത് ഗതാഗതം നിലച്ചു.
ചുഴലിക്കാറ്റായി തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം,ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.