സന്നിധാനത്ത് അയ്യപ്പദര്‍ശനം ഔദാര്യമോ?/ജോസ് പോൾ ,യോഗ ,പ്രകൃതി പരിശീലകൻ
ശാന്തിയ്ക്കും സമാധാനത്തിനുമായി മനുഷ്യന് മതങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ മതങ്ങള്‍ മനുഷ്യനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു. കാരണം മതം പഠിപ്പിക്കുന്നവര്‍ സ്വാര്‍ത്ഥലാഭത്തിനായി മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ, സത്യം ഒഴികെയുള്ളവ മാത്രം പഠിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. ഇവിടെയാണ് മതങ്ങള്‍ മനുഷ്യന് തിന്മയായി തീരുന്നത്. ഇത് വളരെയേറെ വേദനാജനകവും ഭവിക്ഷത്തുകള്ക്ക് ഇടവരുത്തുന്നതുമാണ്. ഏറ്റവും കൂടുതല്‍ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടുള്ളത് മതങ്ങള്‍ മൂലമല്ലേ?
പ്രതീകങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ച് 41 ദിവസം വ്രതങ്ങളെടുക്കുന്നവരെയാണ് അയ്യപ്പസ്വാമി അനുഗ്രഹിക്കുന്നത്. നൈഷ്ഠികബ്രഹ്മചാരിയായിരുന്നുകൊണ്ട് താന്ത്രിക വിദ്യകള്‍ പഠിച്ച് സര്‍വ്വതിനോടുമുള്ള ഒട്ടലും അകല്‍ച്ചയും അതിജീവിച്ച് നിസ്വാര്‍ത്ഥമായ ജ്ഞാനിയായിരുന്നുകൊണ്ടാണ് തന്ത്രി തന്റെ ചൈതന്യവും ജീവനും താന്ത്രികവിദ്യയിലൂടെ അയ്യപ്പവിഗ്രഹത്തിലേക്ക് നിവേശിപ്പിക്കേണ്ടത്. ഭക്തരില്‍ സംഭവിക്കുന്ന മൂല്യച്യുതികള്‍ക്ക് കാരണം സ്വാമിഅയ്യപ്പനല്ല. ജനങ്ങളെ സനാതനമൂല്യങ്ങള്ക്കു വിധേയമായി വ്രതാനുഷ്ഠാനങ്ങളോടുകൂടി സ്വാമിഅയ്യപ്പനിലേക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വം തന്ത്രിക്കും ബന്ധപ്പെട്ട ആത്മീയ നേതൃത്വത്തിനുണ്ട്. മറിച്ചാകുമ്പോള്‍ ഭക്തിയുടെ പേരില്‍ മതഭ്രാന്തന്മാര് സൃഷ്ടിക്കപ്പടുകയും, വ്യക്തികളിലും സമുഹത്തിലും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സംജാതമാകുകയും, മനുഷ്യജീവനെയും ആത്മീയജീവനെയും ഹനിക്കുന്ന കൊലപാതകങ്ങള്‍ പോലും സംഭവിക്കുകയും ചെയ്യുന്നു. മതങ്ങളുടെ പേരിലാണല്ലോ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അസ്വസ്ഥയും സംഭവിച്ചിട്ടുള്ളത്. ശബരിമല സ്വാമിഅയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലും സ്ത്രീ അശുദ്ധിയുള്ളവളായതിനാലും (ഋതുമതിയായതിനാലും) ശബരിമലയില്‍ അയ്യപ്പ സന്നിധാനത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
മരണംവരെ ബ്രഹ്മചര്യം അനുഷ്ഠിക്കുവാന്‍ പ്രതിജ്ഞയെടുത്തവന്‍ നൈഷ്ഠിക ബ്രഹ്മചാരി. മനോവാക്കായങ്ങള്‍കൊണ്ട് കാമവികാരത്തിനധീനമാകാതെ ഈശ്വരധ്യാനം നടത്തി, ജ്ഞാനം വേദം എന്നിവയെ ആചരിക്കുന്നവന് ബ്രഹ്മചാരി. സ്ത്രീകള്‍ക്ക് നൈഷ്ഠികബ്രഹ്മചര്യം അസാദ്ധ്യമോ ? ബ്രഹ്മചര്യം പുരുഷന് മാത്രമുള്ളതോ? ഹിന്ദുമതത്തില്‍ ശിവലിംഗപാര്വ്വതിയോനിപൂജയും, യോനിപൂജാ ഉത്സവങ്ങളും, പുരുഷലിംഗാപൂജാ ഉത്സവങ്ങളും നടത്തുണ്ടല്ലോ? ആര്‍ത്തവം ശ്രേഷ്ഠമായതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യമായി ഉണ്ടാകുന്ന ആര്‍ത്തവത്തെ ആഘോഷമാക്കുന്ന സമൂഹങ്ങള്‍ ഹിന്ദുമതത്തില്‍ തന്നെ ഉണ്ടല്ലോ? നാം മലിനതയെയും അശുദ്ധിയെയും ആഘോഷിക്കാറില്ലല്ലോ? സത്യം സ്നേഹം അഹിംസ നീതി സമത്വം ധൈര്യം എന്നീ സനാതനധര്മ്മങ്ങളുടെയും യുക്തിയുടെയും അടിത്തറയില്‍ വേണം ആചാരങ്ങള്‍ പടുത്തുയര്‍ത്തേണ്ടത്. അല്ലാത്തവ ഉന്മൂലനം ചെയ്യപ്പെടുക തന്നെ വേണം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലേ?
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്, ലിംഗനീതിയുടെ പ്രശ്നമില്ല. എന്നാല്‍ 10നും - 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനമില്ല എന്ന നിയന്ത്രണമേ ഉള്ളൂ. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും സുപ്രധാനവും ക്രിയാത്മകവും സജീവവും തെറ്റുകളും കുറ്റങ്ങളും കുറവുകളും സംഭവിക്കാവുന്നതും മനസ്സിന്റെയും ശരീരത്തിന്റെയും സുസ്ഥിതി നഷ്ടപ്പെട്ട്, മനഃസമാധാനവും ആരോഗ്യവും ക്ഷയിക്കാവുന്നതുമായ കാലഘട്ടമാണിത്. ക്രിയാത്മകതയുള്ളപ്പോഴാണ് പുരോഗതിയും അധോഗതിയും സംഭവിക്കുന്നത്. നിശ്ചിത കാലഘട്ടത്തില്‍ മനസ്സും ശരീരവും അസ്വസ്ഥമാകുമ്പോഴും, ഐശ്വര്യപുര്ണ്ണമായ ജീവിതത്തിനു വേണ്ടിയും ഒരു വ്യക്തി സാധാരണയായി ഈശ്വരനെ അന്വേഷിക്കുന്നത്? സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് എന്തുകൊണ്ട് കഴിവുള്ള, സാമര്‍ത്ഥ്യമുള്ള വക്കിലന്മാരെ ഏല്‍പ്പിക്കുന്നത്? ഏതെങ്കിലും വക്കീലിനെ ഏല്പിച്ചാല് പോരെ? അതുപോലെ മനുഷ്യന്റെ അസ്വസ്ഥമായ മനസ്സിനും ശരീരത്തിനും പരിഹാരം തേടുമ്പോള്‍ ഏറ്റവും വിദഗ്ദ്ധരായവരെ സമീപിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരനെ സമീപിക്കുന്നതിലും ഇത് പ്രകടമാണ്.
എന്തുകൊണ്ട് മുസ്ലീംങ്ങള്‍ മക്കയിലേക്കും, ക്രിസ്ത്യാനികള്‍ വിശുദ്ധനാടുകളിലേക്കും, ഹിന്ദുക്കള്‍ ശബരിമല, പഴനി, ഗുരുവായൂര്‍, കൈലാസം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും പ്രശ്ന പരിഹാരത്തിനായി പോകുന്നു? ആശ്രയിക്കുന്നു? തന്റെ സമീപത്ത് മോസ്ക്കുകളും, പള്ളികളും, അമ്പലങ്ങളും ഇല്ലാഞ്ഞിട്ടല്ലല്ലോ? അല്ല, ഈശ്വരനെക്കുറിച്ചുള്ള വികലമായ മനോഭാവം കൊണ്ടും, മനുഷ്യന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മനഃസമാധാനം ആയതുകൊണ്ടും, പ്രശ്നപരിഹാരം ശക്തി കൂടിയതെന്ന് പറയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ലഭിക്കുമെന്ന പരസ്യം വിശ്വസിച്ചുകൊണ്ടും, മതം പഠിക്കുന്നവര്‍ പഠിപ്പിക്കേണ്ടത് (സത്യം, ആത്മാവ്) പഠിപ്പിക്കാതെ ബാക്കിയെല്ലാം (അസത്യം,അനാത്മാവ്) പഠിക്കുന്നതുകൊണ്ടുമാണ് ഈശ്വരനെ തേടി അലയുന്നത്. ആത്മാവിനെ അനുഭവിക്കാന്‍ മാത്രമെ സാധിക്കൂ. എല്ലാ രീതിയിലും മതങ്ങളില്‍ വിശ്വാസികളെ അജ്ഞതയില്‍ തളച്ചിടുന്നു. കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന് പറയുന്നു, എങ്ങനെയും സ്വതന്ത്രനാവൂ എന്ന് പക്ഷെ മതങ്ങള്‍ വിശ്വാസികളെ അതിനുമാത്രം അനുവദിക്കുകയില്ല. കാരണം സത്യം ഗ്രഹിച്ചാല്‍ വിശാസികള്‍ സ്വതന്ത്രരാവും. സ്വതന്ത്രരായാല്‍ പിന്നെന്തിന് മതങ്ങള്‍, അപ്പോള്‍ നിലവിലുള്ള വരുമാനം കുറയും. അതിന് മതാധികാരികള്‍ ഇഷ്ടപ്പെടുന്നില്ല തന്നെ.
സ്ത്രീകള്‍ മലിനത പേറാന്‍ വിധിക്കപ്പെട്ടവളോ?
ശബരിമല സ്വാമിഅയ്യപ്പന്‍ ഈശ്വരനും പൂര്ണ്ണനുമായതിനാല്, മനുഷ്യന് പ്രത്യേകിച്ച് മലിനയെന്ന് വിളിക്കുന്ന സ്ത്രീകള്‍ക്ക് ഈശ്വരനെ അഥവാ പൂര്‍ണ്ണതയെ മലിനമാക്കാന്‍ എങ്ങനെ സാധിക്കും? പൂര്‍ണ്ണതയെ മലിനമാക്കാന്‍, അപൂര്ണ്ണമാക്കാന് മലിനതയ്ക്കും അപൂര്‍ണ്ണതയ്ക്കും സാധിക്കുകയില്ല. സ്ത്രീ മലിനയെങ്കില് നിശ്ചിത സ്ത്രീയില്‍ നിന്നും ജനിക്കുന്ന പുരുഷനും മലിനമാകുകയില്ലേ? ദര്‍ശനം കൊണ്ടു മാത്രം ഈശ്വരനായ അയ്യപ്പസ്വാമിയെ മലിനമാക്കാന്‍ ഋതുമതിയായ സ്ത്രീക്ക് സാദ്ധ്യമോ? അങ്ങനെയെങ്കില്‍ ഈശ്വരനായ അയ്യപ്പസ്വാമിയുടെ ശക്തിയെയും ചൈതന്യത്തെയും ലഘൂകരിച്ച് ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്. മറിച്ച് അയ്യപ്പസ്വാമിയുടെ ചൈതന്യത്തെ നശിപ്പിക്കാന്‍ ഉതകുന്ന തീവ്രമലിനതയുടെ പ്രതീകമായി ആര്‍ത്തവത്തെയും സ്ത്രീയെയും തരംതാഴ്ത്തി കാണിക്കുകയല്ലേ? നമ്മുടെ സഹോദരിമാരെയും അമ്മയേയും ഭാര്യയേയും സ്വാമിഅയ്യപ്പന്റെ പവിത്രത നശിപ്പിക്കാന്‍ തക്ക മലിനതയുള്ളവളെന്ന് എന്തിനു വിശേഷിപ്പിക്കുന്നു? ശബരിമലയില്‍ പോയി അയ്യപ്പദര്‍ശനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ അല്ല, അയ്യപ്പസ്വാമിക്ക് പ്രീതികരമായ ജീവിതം നയിക്കുകയാണ് പരമപ്രധാനം. ദര്‍ശനം കൊണ്ടുമാത്രം ഒരു വസ്തുവോ വ്യക്തിയോ മലിനമാവുകയില്ല.
ദാനം നല്കുന്നവന് ദാതാവിന്റെ ഹൃദയവും കൂടി ദാനത്തിനൊപ്പം നല്കുന്നു. ശബരിമല സ്വാമിഅയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായിരുന്നുകൊണ്ട്, പൂര്ണ്ണനായിരിന്നുകൊണ്ട് നല്കുന്ന അനുഗ്രഹങ്ങള്‍ ഒരു വ്യക്തിയെ ബ്രഹ്മചര്യത്തിലേക്കും പൂര്‍ണ്ണതയിലേയ്ക്കും നയിക്കുകയില്ലേ? രോഗിക്കല്ലെ വൈദ്യനെക്കൊണ്ടാവശ്യം? ബലഹീനനല്ലെ ബലവാനെക്കൊണ്ട് ആവശ്യം? ദാഹം ഉള്ളവന് ജലം ആവശ്യമുള്ളതുപോലെതന്നെ എല്ലാവര്ക്കും പ്രത്യേകിച്ച് മലിനതയും, അശുദ്ധിയും, അപൂര്‍ണ്ണതയും ഉള്ളവര്‍ക്കാണ് ഈശ്വരനായ സ്വാമിഅയ്യപ്പനെ കൂടുതല്‍ അത്യാവശ്യം. അയ്യപ്പനില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്നവരുടെ അശുദ്ധിയും അപൂര്‍ണ്ണതയും, ശുദ്ധിയും പൂര്‍ണതയായും തീരുമല്ലോ. പിന്നെന്തിന് ആചാരങ്ങളുടെ പേരില്‍ കലഹിക്കുന്നു. മലിനതയുടെയും അശുദ്ധിയുടെയും പേരില്‍ ശബരിമല സ്വാമിഅയ്യപ്പന്റെ ശക്തിയെ ലോകത്തിന്റെ മുമ്പില്‍ വികലമാക്കുകയാണ് ശബരിമലയിലെത്തുന്ന ഭക്തരില്‍, ഭക്തന്മാരെന്ന് അവകാശപ്പെടുന്ന കൂറേപ്പേര്കൂടി കാട്ടികൂട്ടുന്നത്. ഈശ്വരനെ, പൂര്‍ണ്ണതയെ മലിനമാക്കുവാനും അപൂര്ണ്ണമാക്കുവാനും മനുഷ്യര്‍ക്ക് സാദ്ധ്യമല്ല.
സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ പൂര്‍ണ്ണനും ഈശ്വരനുമായ സ്വാമിഅയ്യപ്പന്‍ കൂടുതല്‍ ആനന്ദിക്കും. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പ്രപഞ്ചസംവിധാനങ്ങള് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. പ്രപഞ്ച സംവിധാനത്തിന്റെ ഭാഗമായി സ്ത്രീയില്‍ ഉള്ചേര്ന്നിരിക്കുന്ന സംവിധാനമാണ് ആര്‍ത്തവം. മനുഷ്യനിലും, മൃഗങ്ങളിലും, ജീവികളിലും, സസ്യങ്ങളിലും സ്ത്രീയും പുരുഷനും ഉള്‍ചേര്‍ന്നിരിക്കുന്നു. അതായത് പുരുഷനില്‍ സ്ത്രീയും സ്ത്രീയില്‍ പുരുഷനും സൂക്ഷ്മാവസ്ഥയില്‍ ലയിച്ചിരിക്കുന്നു. അര്ദ്ധനാരിതത്വം സൂക്ഷ്മതയില്‍ സൂക്ഷ്മതയില്‍ മാത്രം നിലനില്ക്കുന്നു..
സന്നിധാനത്ത് വ്രതങ്ങള്‍ അനിവാര്യമോ?
വ്രതങ്ങളെടുക്കുമ്പോള്‍ മലിനത അകറ്റപ്പെടുകയല്ലേ ചെയ്യുന്നത്? ശബരിമലയെ പ്രത്യേകിച്ച് 18 പടികളും, ഇരുമുടിക്കെട്ടും, അയ്യപ്പസ്വാമിയെയും പ്രതീകമായി ദര്ശിച്ചുകൊണ്ടാണല്ലോ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്. 18 പടികളെക്കുറിച്ച് വ്യത്യസ്തങ്ങളായ പ്രതീകാത്മക വിവരണങ്ങള്‍ ഉണ്ടെങ്കിലും, മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായ ജ്ഞാനത്തിലൂടെയുള്ള ആത്മസാക്ഷാത്ക്കാരം പ്രപിക്കുന്നതിന് പര്യാപ്തമാണ് ജ്ഞാനേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും അവിദ്യയും ജ്ഞാനം തന്നെയായവിദ്യയും തത്വമസിയും സ്വാമിയും ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട വിവരണങ്ങള്‍. ആദ്യത്തെ അഞ്ചുപടികള്‍ ജ്ഞാനേന്ദ്രിയങ്ങളായ നാവ്, കണ്ണ്, ചെവി, മൂക്ക്, ത്വക്ക് എന്നിവയെ മനുഷ്യ ശരീരത്തില്‍ സ്വയം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയേയും, അടുത്ത എട്ട് പടികള്‍ മനസ്സിലെ മാലിന്യങ്ങളും അഷ്ടരാഗങ്ങളുമായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നിവയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയേയും, 14 ഉം 15 ഉം 16 ഉം പടികള്‍ യഥാക്രമം ഭൂമിയുടെ അടിസ്ഥാന ഗുണങ്ങളായ തമസ്സില് നിന്ന് രജസ്സിലേയ്ക്കും, രജസ്സില് നിന്ന് സത്വത്തിലേയ്ക്കുമുള്ള വളര്‍ച്ചയേയും, 17-ാം പടി അവിദ്യയാകുന്ന (അനാത്മാവ്) അവ്യക്തതയിലൂടെയുള്ള വളര്‍ച്ചയെക്കുറിച്ചും 18 -ാം പടി യഥാര്‍ത്ഥ ജ്ഞാനമാകുന്ന അയ്യപ്പനെയും തത്വമസിയും ദര്ശിക്കുന്നതിനെക്കുറിച്ചുമാണല്ലോ സൂചിപ്പിക്കുന്നത്. തത്വമസി എന്നുള്ള സന്ദേശം നീ എന്താണോ അന്വേഷിക്കുന്നത് അത് നീതന്നെയാണ്, നിന്നിലാണ് എന്നതാണ്. അതായത് ശബരിമല അയ്യപ്പനെ ദര്‍ശിക്കുവാനായി മാലയിട്ട് 41 ദിവസം വ്രതങ്ങളെടുക്കുന്ന വ്യക്തി നിശ്ചിത 18 പടികള്‍ നാല്പത്തൊന്ന് ദിവസം ചിട്ടയായി ചിന്തയിലും മനസ്സിലും പ്രതീകാത്മകമായി കയറുമ്പോള്‍ നിശ്ചിത വ്യക്തി നിശ്ചയമായും വിശുദ്ധി പ്രാപിച്ച് ജ്ഞാനിയായി ആത്മസാക്ഷാത്ക്കാരം പ്രാപിക്കുക തന്നെ ചെയ്യും. കാരണം നിശ്ചിത പടികളായ ജ്ഞാനേന്ദ്രിയങ്ങളും അഷ്ഠരാഗങ്ങളും പ്രകൃതിയുടെ മൂന്ന് ഗുണങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടാണ് ഒരു വ്യക്തിയിലെ തിന്മയും അവിദ്യയും, വിദ്യയും നിലകൊള്ളുന്നത്. അവിദ്യ (അനാത്മാവിനെ ആത്മാവായി സംശയിക്കുന്ന അവ്യക്തത) നശിക്കുമ്പോള്‍, മാറുമ്പോള്‍ വിദ്യയും (ആത്മാവ്) ജ്ഞാനവും തന്നെയായ അയ്യപ്പനെ തന്നില്‍ ദര്‍ശിക്കുവാന്‍ യഥാര്‍ത്ഥ ഭക്തന് സാധിക്കുന്നു, സാധിക്കണം.
പൂര്‍ണ്ണതയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ എന്തുകൊണ്ടാണ് മനുഷ്യന് തന്നെ അപൂര്‍ണ്ണനും, മലിനയുമായി ദര്‍ശിക്കുന്നത്. അതും ഇതും പൂര്‍ണ്ണമാണ്. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്തുമാറ്റിയാല്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു, പൂര്‍ണ്ണത്തില്‍ നിന്നും ഉദിക്കുന്നതെല്ലാം പൂര്‍ണ്ണമാണ് എന്നല്ലേ ഭാരത ഋഷിമാര്‍ നമ്മെ പഠിപ്പിക്കുന്നത്.
പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ അയ്യപ്പനെ ദര്‍ശിക്കുവാന്‍ സാധ്യമല്ലപോലും. കാരണം സ്ത്രീ ഋതുമതിയാകുമ്പോള്‍ മലിനയായിത്തീരുന്നു. സൃഷ്ടി അതില്‍ തന്നെ മലിനമോ? യാതൊന്ന് മലിനമാണെന്ന് കരുതുന്ന വ്യക്തിയെ സംബന്ധിച്ച് മാത്രമല്ലേ അത് മലിനമായിത്തീരുന്നത്? വിശ്വാസവും ആചാരവും, വ്യക്തിപരവും സാമൂഹികവുമാണ്. ആധുനിക ജീവിതശൈലിയുടെ ഭാഗമായി പത്ത് വയസ്സിന് മുമ്പ് പെണ്‍കുട്ടികള്‍ ഋതുമതി ആകുന്നുണ്ടല്ലോ. നിശ്ചിത പെണ്‍കുട്ടി ഋതുമതി ആയത് അശുദ്ധി അല്ലെന്ന് വിശ്വസിക്കുകയും, ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തുകയും ചെയ്യുന്നുവെന്നും, അമ്പത് വയസ്സിനു മുകളില്‍ ആര്‍ത്തവം തുടരുന്ന സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയല്ലെന്ന് വിശ്വസിക്കുകയും ശബരിമല അയ്യപ്പനെ ദര്‍ശിക്കുകയും ചെയ്യുന്നുവെന്നും സങ്കല്പിക്കുക. കൂടാതെ അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ വളരെ ചിട്ടയായി ആഹാരവിഹാരാദികളില്‍ ശ്രദ്ധിച്ച് വ്രതമെടുക്കുമ്പോള്‍ നിന്നു പോയ ആര്‍ത്തവം വീണ്ടും ഉണ്ടാകാവുന്നതും, അത് ശബരിമലസന്നിധാനത്ത് വച്ച് അയ്യദര്ശനത്തിനിടയിലും ആയിക്കൂടെ. പത്ത് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ശബരിമല ദര്‍ശനത്തിനിടെ ആര്‍ത്തവം ആദ്യമായിട്ട് ഉണ്ടാകുകയും കുട്ടി അറിയാതിരിക്കാനും സാദ്ധ്യതയുണ്ട്. പത്ത് വയസ്സുള്ള ഈ കുട്ടികളുടെ കൂടെ സ്ത്രീകള്‍ ആരും ഉണ്ടാവണമെന്നില്ലല്ലോ. ഇനിയും ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ആര്‍ത്തവ രക്തം താഴെ വീഴുന്നില്ലല്ലോ? പാഡോ തുണിയോ നിശ്ചിത രക്തം ഒപ്പിയെടുക്കുകയല്ലേ ചെയ്യുന്നത്? രക്തവും മൂത്രവും ശരീരത്തിന് പുറത്തു വരുന്നത് അശുദ്ധിയെങ്കില്‍, ശിശുക്കള്‍ക്കും പ്രായമായവര്‍ക്കും മൂത്രം അറിയാതെ പുറത്തു വരുന്ന അവസ്ഥയുണ്ടല്ലോ? അയ്യപ്പന് ജ്ഞാനി ആയതിനാല്‍ നിശ്ചിത അവസ്ഥകളിലെല്ലാം കാര്യം ഗ്രഹിക്കുകയും, അവരില്‍ പ്രസാദിച്ച് അനുഗ്രഹിക്കുകയും ചെയ്യും. ശബരിമല ദര്‍ശനത്തിനിടെ ഏതെങ്കിലും വ്യക്തികള്‍ക്ക് നിശ്ചിതാവസ്ഥകള് ഉണ്ടായാല്‍ ജ്ഞാനിയല്ലാത്ത തന്ത്രി എങ്ങനെ അവസ്ഥകള്‍ തിരിച്ചറിഞ്ഞ് ശുചീകരണ ക്രിയകള്‍ നടത്തും? സൃഷ്ടി കര്‍മ്മത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഈശ്വരന് സ്ത്രീകള്‍ക്ക് സഹജമായി നല്കിയ പരിപാവനമായ ഒരു കര്‍മ്മമമാണ് ആര്‍ത്തവം. ചിന്തയാലും വാക്കാലും പ്രവൃത്തിയാലും യാതൊരു ജീവികള്‍ക്കും യാതൊരു ക്ലേശവും വരുത്താതിരിക്കുന്നത് അഹിംസയെന്ന ശ്രേഷ്ഠമായ ധര്‍മ്മമാണ്. സ്വന്തം സഹോദരിയുടെയോ ഭാര്യയുടെയോ അമ്മയുടെയോ മുഖത്തു നോക്കി അവരെ മലിനയെന്ന വിളിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന മാനസീക വ്യഥ എത്ര വലുതായിരിക്കും? ഗര്ഭിണിയായിക്കൊണ്ടിരിക്കുന്ന, ഗര്‍ഭിണിയായ സ്ത്രീയെ മലിനയെന്നും അശുദ്ധയെന്നും വിളിക്കുകയും ദര്‍ശിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന മാനസീകസംഘര്‍ഷവും അവഗണനയും മൂലം വരും തലമുറയുടെ ഭാഗമായ ശിശുവിന് അപര്ഷത അന്തര്‍മുഖത്വം തുടങ്ങിയ മാനസീകവൈകല്യങ്ങള് ഉണ്ടാകുകയും, വ്യക്തിപരവും സാമൂഹ്യവുമായ ഉത്തമമായ ജീവിതത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. കുടുബത്തിനും സമൂഹത്തിനും ഇതൊരു ഭാരമാകുകയില്ലെ?
ധാമ്മികതയെയും ഭാരതീയസംസ്ക്കാരത്തെയും തകര്‍ത്ത്
ലോകരാഷ്ടങ്ങളുടെ ഇടയില്‍ സ്വയം അവഹേളിതരാകണമോ?.
രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു വ്യക്തി ചെയ്യുന്ന തെറ്റ് ചൂണ്ടികാണിച്ചാല്‍ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരെ ഇളക്കി വിടുന്നു. വ്യക്തിപരവും, സാമൂഹികവുമായി സംഭവിക്കുന്ന പ്രശ്നങ്ങളെ സ്വാര്‍ത്ഥപരമായ നേട്ടങ്ങള്‍ക്കായി സാമൂഹ്യവത്ക്കരിക്കാനും, മതപരമായി ചിത്രീകരിക്കാനും, രാഷ്ട്രീയമായി അവതരിപ്പിക്കാനും ശ്രമിച്ചുകൊണ്ട് സമൂഹങ്ങളെയും, മതങ്ങളെയും, രാഷ്ട്രീയ പാര്‍ട്ടികളെയും ഇളക്കി വിട്ട് വികാരം കൊള്ളിച്ച്, വസ്തുതകളില്‍ നിന്നും ജനത്തെ പിന്തിരിപ്പിക്കാനുള്ള പ്രവണത വര്‍ദ്ധിച്ചു വരുന്നത്, സമൂഹത്തിന്റെയും വ്യക്തികളുടെ നാശത്തിനേ ഉപകരിക്കൂ. ഉദാഹരണമായി ക്രൈസ്തവമതത്തില്‍ ഉള്ള ഒരു വ്യക്തിയായ ഫ്രാങ്കോയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായപ്പോള്‍, ക്രൈസ്തവരെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ തകര്‍ക്കുവാനുള്ള ശ്രമമായി അവതരിപ്പിച്ച് വിശ്വാസികളെ ഇളക്കി വിടുവാനാണ് ശ്രമിച്ചത്. ശബരിമല ആചാരം സംബന്ധിച്ച വിധി വന്നപ്പോഴും വസ്തുതകളെ ഉള്‍ക്കൊള്ളാതെ ഹിന്ദുമതത്തേയും ശബരിമലയേയും തകര്‍ക്കാനുളള ശ്രമമാണ് എന്നവതരിപ്പിച്ച്, മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഒരവസ്ഥയിലേയ്ക്ക് വിശ്വാസികളെ രാഷ്ടീയപാര്‍ട്ടികള്‍ ഇളക്കി വിടുകയാണ്. സ്വാര്‍ത്ഥപരമായി യാതൊന്നിനെ സമീപിച്ചാലും മൂല്യച്യുതി ഉണ്ടാകുമല്ലോ. ഋഷിപരമ്പര ആത്മസാക്ഷാത്ക്കാരത്തിനായി അനുഷ്ഠിച്ചുകൊണ്ടിരുന്ന യോഗാശാസ്ത്രത്തെ വാണിജ്യ വത്ക്കരിച്ചതിന്റെ ഫലമായി, മായം ചേര്‍ക്കപ്പെട്ട യോഗാശാസ്ത്രത്തെയാണ് നിലവില്‍ ഭൂരിപക്ഷം അറിയുന്നത്. ആതുര സേവന രംഗത്തെ അലോപ്പതിയിലും, ഋഷി പരമ്പരയുടെ ദര്‍ശനമായ ആയ്യുര്വ്വേദത്തിലും വാണിജ്യവത്ക്കരണം സംഭവിച്ചിരിക്കുന്നതിനാല്‍ നിലവിലെ സ്ഥിതി എല്ലാവര്ക്കും അറിവുള്ളതാണല്ലോ.
ഋഷിമാര്‍ക്ക് ഉണ്ടായ ദര്‍ശനങ്ങളായ രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം ഹഠയോഗം ഉപനിഷത്തുകള്‍ വേദങ്ങള്‍ തുടങ്ങിയവ ഭാരതീയ ആദ്ധ്യാത്മികയുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഭക്തി യോഗത്തില്‍ അവതരിപ്പിക്കുന്ന ഭക്തിയെ അതിലംഘിക്കുന്ന മറ്റു ദര്‍ശനങ്ങള്‍ ഭക്തിയെ കുറിച്ച് ഉണ്ടാകുക അസാദ്ധ്യമാണ്. എന്നിരിക്കെ ശബരിമലയില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ഏതു ഭക്തിയുടെ ലക്ഷണങ്ങളാണ്? നിലവില്‍ ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ ഭാരതത്തിന്റെ അധ്യാത്മിക പൈതൃകത്തേയും സംസ്കാരത്തേയും മലിനമാക്കുവാനും, മനുഷ്യമനസ്സില്‍ വിഭാഗീയതയും ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്നതിനും, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരിമലയെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് മാത്രമായി തരംതാഴുകയാണോ? ആയതിനാല്‍ പ്രിയപ്പെട്ടവരെ, ജാതിമതവര്ഗ്ഗവര്ണ്ണസാമൂഹികരാഷ്ട്രീയ വിഭാഗീയത കൂടാതെ നമ്മുടെ ഋഷിപാരമ്പര്യം നമുക്ക് നല്കിയ ദര്‍ശനങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മതസൗഹാര്ദ്ധത്തിലും സാഹോദര്യത്തിലും എല്ലാവരിലും ഈശ്വരനെ ദര്‍ശിച്ചു കൊണ്ടും മതസൗഹാര്‍ദ്ധത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി ശബരിമലയേയും അയ്യപ്പനേയും ലോകത്തിന്റെ മുമ്പില്‍ നമുക്ക് അവതരിപ്പിക്കാം. അതായിരിക്കും ശബരിമലയേയും സ്വാമിയേയും സ്നേഹിക്കുന്ന ഓരോ അയ്യപ്പ ഭക്തനും ചെയ്യുവാനാകുന്നത്, ചെയ്യേണ്ടത്. അതിനായി അയ്യപ്പന് എല്ലാവരെയും അനുഗ്രഹക്കട്ടെ എന്നാശംസിക്കുന്നു.
ഫോൺ : 9446720189.
ജോസ് പോൾ ,യോഗ ,പ്രകൃതി പരിശീലകൻ