മലയാളത്തിളക്കം ഇനി എല്ലാ സ്കൂളുകളിലും
കൊച്ചി: കുട്ടികളുടെ മലയാളഭാഷാ പഠനം തിളക്കമുള്ളതാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മലയാളത്തിളക്കം പദ്ധതി വീണ്ടും വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം അഖിലേന്ത്യാ തലത്തിൽ പ്രശംസ നേടിക്കൊടുത്ത പദ്ധതി ഒന്നുകൂടി മിനുക്കി എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരിലൂടെ കുട്ടികളിലേക്ക് എത്തിക്കാനാണ് ശ്രമം. സബ് ജില്ലാ തലത്തിലുള്ള അധ്യാപക പരിശീലനം പൂർത്തിയായി. ഇനി വിദ്യാലയങ്ങളിലെ ഭാഷാ പ്രശ്നം നേരിടുന്ന ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ കണ്ടെത്തി 25 മണിക്കൂർ പരിശീലനം കൊണ്ട് മലയാളത്തിൽ തിളക്കമുള്ളവരാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ എല്ലാ കുട്ടികളും മലയാളത്തിൽ അടിസ്ഥാന ശേഷി നേടത്തക്ക വിധത്തിലാണ് സമയക്രമം തയാറാക്കിയിരിക്കുന്നത്. ഇരുപത് കുട്ടികൾ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് സ്കൂളുകളിൽ പരിശീലനം നൽകുക.
പ്രത്യേക മോനിട്ടറിങ് സമിതികൾ ഉപജില്ല, ജില്ല, സംസ്ഥാന തലത്തിൽ മേൽനോട്ടം നടത്തി പദ്ധതി പുരോഗതി വിലയിരുത്തും. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്, കൈത്താങ്ങ്, കാസർഗോഡ് ഡയറ്റ്, എസ്എസ്എ സംയുക്തമായി നടത്തിയ സാക്ഷരം, മലപ്പുറം ഡയറ്റ് എന്റെ മലയാളം എന്നീ പദ്ധതികളാണ് മലയാളത്തിളക്കത്തിന് പ്രേരണയായത്.ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറിയും, കറുകപ്പിള്ളി ഗവ. യു പി സ്കൂൾ അധ്യാപകനുമായ ടി.ടി. പൗലോസ് സംസ്ഥാനത്ത് 110 ലേറെ സ്കൂളുകളിൽ പദ്ധതി നേരിട്ടു നടപ്പാക്കി വിജയത്തിലത്തിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം എസ്ഇആർടി അംഗീകാരത്തോടെ എസ്എസ്എ പദ്ധതി ഏറ്റെടുക്കുകയായിരുന്നു.
എസ്എസ്എഎ സംസ്ഥാന കൺസൾട്ടന്റ് ഡോ. ടി.പി. കലാധരൻ, ജില്ലാ പ്രോഗ്രാം ഓഫിസർമാരായ ഡോ. എം.വി. ഗംഗാധരൻ, കെ.ആർ. അശോകൻ, ഡയറ്റ് സീനിയർ ലക്ച്ചറർ ഡോ. വി. പരമേശ്വരൻ, എ. ശ്രീകുമാർ, ബിആർസി ട്രെയ്നർമാരായ പി. മഞ്ജുഷ, രാജേഷ് എസ്. വള്ളിക്കോട്, ജി. രവി, ടി.ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് മലയാളത്തിളക്കം പരിശീലനക്രമം രൂപീകരിച്ചത്.