നിക്ഷേപകര്‍ക്ക് ഒന്നും ലഭിച്ചില്ല; സര്‍ക്കാരിന് കിട്ടിയത് 74,267 കോടി
എട്ടുവര്‍ഷം മുമ്പ് വിപണിയിലെത്തിയ കോള്‍ ഇന്ത്യയുടെ ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ല.
അന്ന് 287.75 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 245 രൂപയില്‍നിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഇത്.
ലിസ്റ്റ് ചെയ്ത വിലയില്‍നിന്ന് ഏഴ് ശതമാനം താഴ്ന്നാണ് ഇപ്പോള്‍ കോള്‍ ഇന്ത്യയുടെ വ്യാപാരം നടക്കുന്നത്. ഈ എട്ടുവര്‍ഷത്തിനിടെ സെന്‍സെക്സ് ഉയര്‍ന്നത് 231 ശതമാനമാണ്.
ഓഹരി വിപണിയില്‍ പ്രകടനം മോശമാണെങ്കിലും വര്‍ഷാവര്‍ഷം മികച്ച ലാഭവിഹിതം നല്കാന് മറന്നില്ല. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സര്‍ക്കാര്‍ ഇതിലൂടെ കോടികള്‍ നേടി.
2010-11 മുതല്‍ 2017-18 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭവിഹിതയിനത്തില്‍ സര്‍ക്കാര്‍ 74,267 കോടിയാണ് നേടിയത്. എട്ട് വര്‍ഷത്തിനിടെ ലാഭവിഹിതയിനത്തില്‍ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണ്.
പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ചുരുങ്ങിയത് (2010-11 സാമ്പത്തിക വര്‍ഷത്തില്‍) 39 ശതമാനമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതാകട്ടെ 290 ശതമാനം ലാഭവിഹിതമാണ.് ഈ വര്‍ഷങ്ങളിലൊന്നും ഓഹരി വിഭജിക്കുകയോ ബോണസ് ഓഹരി നല്‍കുകയോ ചെയ്തില്ല.
2018 സെപ്റ്റംബറിലെ കണക്കുപ്രകാരം പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ സര്‍ക്കാരിന് 78.32 ശതമാനം ഓഹരിയാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 4,86,16,80,228 ഓഹരികള്‍.
ഓഫര്‍ ഫോര്‍ സെയില്‍ വഴി കമ്പനിയുടെ 99 ലക്ഷം ഓഹരികൂടി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന വില ഓഹരിയൊന്നിന് 252.70 രൂപയാണ്. ഇതിലൂടെ സര്‍ക്കാരിന് സമാഹരിക്കാനാകുക 250 കോടി രൂപയാണ്.