ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീബിന്റെ രാജി സ്വീകരിച്ചു
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വീകരിച്ചു. കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നാണ് അദീബ് രാജിവെച്ചത്. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെയാണ് തീരുമാനം.
ആത്മാഭിമാനത്തിന് മുറിവേറ്റ സാഹചര്യത്തില്‍ തസ്തികയില്‍ തുടരാന്‍ താല്പര്യമില്ലെന്നും, സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നുമാവശ്യപ്പെട്ടുള്ള രാജിക്കത്ത് ഇമെയില്‍ മുഖേനയാണ് എംഡിക്ക് നല്‍കിയത്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെ.ടി. അദീബ് നിയമിതനാകുന്നത്. 2016 ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാതെയാണ് സ്ഥാനത്തേക്ക് എത്തിയത്. അഭിമുഖത്തിനെത്തിയ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബന്ധുവായ അദീബിനെ നിയമിക്കുന്നത്.
നേരത്തെ, ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഉണ്ടായിരുന്ന യോഗ്യതകളില്‍ മാറ്റം വരുത്തി ബിടെകും പിജിഡിബിഎ കൂടി ചേര്‍ത്താണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രി ബന്ധുവായ കെ.ടി. അദീബിന് മാത്രമായിരുന്നു അപേക്ഷകരില്‍ ഈ യോഗ്യത ഉണ്ടായിരുന്നത്. എന്നാല്‍, അദീബ് നേടിയ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കിയിരുന്നില്ല.
ഈ സാഹചര്യത്തില്‍ അദീബിന്റെ നിയമനം വിവാദമായി. ബന്ധുവിന്റെ വഴിവിട്ട നിയമനം സംബന്ധിച്ച് പുറത്ത് വന്ന തെളിവുകളോട് കൃത്യമായി പ്രതികരിക്കാന്‍ മന്ത്രി കെ.ടി. ജലീലിന് കഴിഞ്ഞിരുന്നില്ല,. നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ് കെ.ടി. അദീബിന്റെ രാജി.
ഇതിനിടെ മന്ത്രി കെടി ജലീലിന്റെ വാദങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഇന്നും രംഗത്തെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റ്യാറ്റിയട്ടറി ബോഡിയാണെന്ന മന്ത്രിയുടെ വാദത്തെ സാഗര്‍ തോമസ്ഫെഡറല് ബാങ്ക് കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി.കെ. ഫിറോസ് ചോദ്യം ചെയ്തു.