ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡ് നിലപാടെങ്കില്‍ ‘ഹുണ്ടികകളില്‍ പണമിടരുത്’ ക്യാംപെയ്ന് നടത്തും: രാഹുല്‍ ഈശ്വര്‍
ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പുമായി അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍നിന്നുള്ള കാശുപയോഗിച്ച് ശബരിമലയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് കേസ് നടത്തിയാല്‍ ദേവസ്വം ബോര്‍ഡ് ഹുണ്ടികകളില്‍ പണമിടരുത് എന്ന ക്യാംപെയ്ന് ഏറ്റെടുക്കേണ്ടി വരുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 13-ാം തീയതി വരെ നോക്കും. ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡ് നിലപാടെങ്കില്‍ ക്യാംപെയ്ന് നടത്തേണ്ടി വരുമെന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് ലക്ഷങ്ങള്‍ കൊടുത്താല്‍ മാത്രം വാദിക്കാന്‍ വരുന്ന അഭിഭാഷകരെയാണ്. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന് കൊടുക്കാന്‍ ബോര്‍ഡിനോടു പറഞ്ഞു, പറ്റില്ല എന്നു പറഞ്ഞു. സ്റ്റാറ്റസ് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറഞ്ഞു, അതും കൊടുക്കില്ല എന്നു പറഞ്ഞു. എന്നാല്‍ മിണ്ടാതിരിക്കുകയെങ്കിലും വേണ്ടേ? ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്താല്‍ ആ കേസ് പിന്നെ നിലനില്‍ക്കില്ല.
ശബരിമലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നെന്നു പറയുന്ന തുക ഒരു കോടി രൂപയില്‍ താഴെയാണ്. ഇത് മണ്‍റോയുടെ കാലത്ത് ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്തതിനു പകരമായി നല്‍കുന്നതാണ്. 1956 ല്‍ നിശ്ചയിച്ച തുകയാണ് സര്‍ക്കാര്‍ ഇപ്പോഴും നല്‍കുന്നത്. അന്നത്തെ മൂല്യം അനുസരിച്ച് ഇപ്പോള്‍ കണക്കാക്കിയാല്‍ സര്‍ക്കാര്‍ നല്‍കേണ്ടത് 254 കോടി 75 ലക്ഷം രൂപയാണ്. കോടിക്കണക്കിനു ഭക്തര്‍ ഇവിടെ വരുന്നതുകൊണ്ടാണ് കേരളത്തിലെ അമ്പലങ്ങള്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് എതിരു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
സിപിഎമ്മിന്റെ നിലപാട് അടിച്ചേല്പിക്കാനുള്ള സ്ഥലമല്ല ദേവസ്വം ബോര്‍ഡ്. മന്നത്തു പത്മനാഭനും ആര്. ശങ്കറുമെല്ലാം ഇരുന്ന കസേരയാണ് അത്. ആ ദേവസ്വം ബോര്‍ഡ് ക്ഷേത്ര താല്പര്യം മറന്ന് പാര്‍ട്ടി നയം അടിച്ചേല്പിച്ചു തുടങ്ങിയാല്‍, ഭക്തര്‍ കാശിടേണ്ട എന്നു പറഞ്ഞാല്‍ അവരെ തടയാനാവില്ല. ദേവസ്വം ഹുണ്ടികകളില്‍ പണത്തിനു പകരം സ്വാമിയേ ശരണമയ്യപ്പാ എന്ന കുറിപ്പെഴുതിയിടണം, അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ദക്ഷിണ കൊടുത്തോളൂ എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ഈ തീവ്ര നിലപാടുകാര്ക്കൊപ്പം നില്‍ക്കേണ്ടി വരും.
ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ശക്തിയുക്തം എതിര്‍ക്കുകയാണ്. ബഹുസ്വരതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജിയെ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന് എതിര്‍ക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.